ബാഗ്ദാദിയുടെ അന്ത്യം അറബ് ലോകത്തെ പുതുയുഗത്തിലേയ്ക്ക് നയിക്കുമോ?

ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അബു ബക്കര്‍ അല്‍-ബാഗ്ദാദിയുടെ മരണവാര്‍ത്ത ഇറാഖിലെ മൊസുളിലെ തെരുവുകള്‍ ആഹ്ലാദത്തോടെയാണ് വരവേറ്റത്. 2014 ല്‍ ISIS എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ സ്ഥാപിച്ചതായി ബാഗ്ദാദി പ്രഖ്യാപിച്ചത് ഇവിടെ വച്ചാണ്. അരുംകൊലയും സമൂഹകൊലപാതകങ്ങളും കൂട്ടബലാല്‍സംഗങ്ങളും തെരുവ് പ്രക്ഷോഭങ്ങളും കിരാതവാഴ്ചയും തട്ടിക്കൊണ്ട് പോകലും പരസ്യാപഹരണങ്ങളും മാത്രമല്ല മൂന്ന് ലക്ഷത്തോളം പേര്‍ക്ക് മൊസൂളില്‍ നിന്ന് പലായനം ചെയ്യേണ്ടിവരികയും ആയിരങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമാകുകയും ചെയ്തു.
ISIS ഭീകരവാദ സംഘടനയുടെ തലവനായിരുന്നു ബാഗ്ദാദി. യു.കെ.യുടെ വലുപ്പം വരുന്ന സിറിയയ്ക്കും ഇറാഖിനും ഇടയിലുള്ള മുഴുവന്‍ പ്രദേശങ്ങളെയും ഒരിടയ്ക്ക് നിയന്ത്രിച്ചിരുന്നത് ISIS ആയിരുന്നു. സിറിയയുടെ സംസ്‌ക്കാരത്തില്‍ ISIS വരുത്തിയ കേടുപാടുകള്‍ ചെറുതല്ല. പാല്‍മിറ പട്ടണം നശിപ്പിക്കുകയും ചരിത്ര പ്രധാനമായ മൊസുളിലെ അല്‍-നുറി മോസ്‌ക്ക് 2017 ല്‍ തകര്‍ക്കുകയും ചെയ്തു. ഇറാഖിലും സിറിയയിലും അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന യുദ്ധവും കുര്‍ദ്ദുകള്‍ നയിച്ച ധീരമായ ആഭ്യന്തര കലാപങ്ങളുമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ ISIS ന്റെ ശക്തി സാരമായി കുറച്ചത്.
ബാഗ്ദാദിയുടെ മരണവാര്‍ത്ത ഇതിനു മുമ്പും പ്രത്യക്ഷപ്പെട്ടതിനാല്‍ പലര്‍ക്കും വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് തന്നെ നടത്തിയ മരണ അറിയിപ്പ് തള്ളിക്കളയാവുന്നതായിരുന്നില്ല. ട്രംപിന്റെ അറബ് നയം പ്രധാനമായും ISIS നെ പൊരുതി ഇല്ലാതാക്കുക എന്നതില്‍ കേന്ദ്രീകരിച്ചിരുന്നതിനാല്‍ ബാഗ്ദാദി ഭീരുവിനെയും നായയെയും പോലെ കൊല്ലപ്പെട്ടെന്ന അറിയിപ്പ് മിക്കവരും ഗൗരമായിക്കണ്ടു. ടണലില്‍ പട്ടാളക്കാരാല്‍ ചുറ്റപ്പെട്ട ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാനില്‍ ഒസാമ ബിന്‍ ലാദനെതിരെയുള്ള നീക്കത്തിന് സമാനമായി അമേരിക്കന്‍ പ്രത്യേക ഡെല്‍റ്റാ സൈ്യമാണ് ബാഗ്ദാദിയ്‌ക്കെതിരെ പോരാടിയത്.
ബാഗ്ദാദിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ബാഗ്ദാദിയുടെ ഇല്ലാതാകലോടെ ആഗോള തീവ്രവാദം ഇനി എങ്ങനെയാകുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് അന്താരാഷ്ട്ര സമൂഹം. ഒസാമയുടെ അന്ത്യവും ഇതുപോലെ പ്രതീക്ഷകളും ആശങ്കകളും ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇത് തീവ്രവാദ ഗ്രാഫില്‍ യാതൊരു വിധ ശ്രദ്ധേയമായ ചലനങ്ങളും ഉണ്ടാക്കിയില്ല. മാത്രമല്ല അല്‍ ക്വയ്ദയുടെ ശേഷിപ്പുകളില്‍ നിന്ന് അതിഭീകരമായ തീവ്രവാദ സംഘടനകളായ അല്‍ നുസ്രയും ISIS സും രൂപം കൊള്ളുകയും ചെയ്തു. അല്‍ ക്വയ്ദയുടെ ബലഹീനമാകലിലൂടെ ISIS കൂടുതല്‍ ശക്തമായി. ലോകമൊട്ടാകെ നിരവധി ഭയാനകമായ ആക്രമണങ്ങളാണ് ISIS പ്രവര്‍ത്തകര്‍ നടത്തിയത്.
ബാഗ്ദാദിയും ഒസാമയും ISIS അനുകൂലികള്‍ക്ക് ആജ്ഞകള്‍ നല്‍കുന്നവര്‍ മാത്രമായിരുന്നു ; നടത്തിപ്പുകാരായിരുന്നില്ല. മിക്ക ഭൂഖണ്ഡങ്ങളിലും പ്രവര്‍ത്തന ശൃംഖലകള്‍ ഇന്ന് ISIS നുണ്ട്. ഇവിടങ്ങളില്‍ നേതൃത്വത്തിനുള്ള പങ്ക് വളരെ അപ്രധാനമാണ്.
ISIS നെതിരെ ഇപ്പോഴും തുടരുന്ന ബഹുമുഖ യുദ്ധത്തില്‍ കുറച്ചൊക്കെ വിജയം നേടാനായിട്ടുണ്ട്. സിറിയയിലും ഇറാഖിലും ആയിരക്കണക്കിന് ISIS പോരാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ യൂറോപ്യന്മാരും ഉള്‍പ്പെടുന്നു. ഇവരെ അവരവരുടെ രാജ്യത്തേയ്ക്ക് കൊണ്ടുപോയി വിചാരണ ചെയ്യും. എന്നാല്‍ ISIS ആശയങ്ങളില്‍ സ്വാധീനിക്കപ്പെട്ടവരെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ബാഗ്ദാദിയുടെ അവസാനത്തോടെ ISIS ന്റെ കഥ കഴിഞ്ഞെന്ന് അനുമാനിക്കുന്നത് അപ്രസക്തമാണ്. ക്ഷണികമായ ഒരു ശാന്തത വരുമായിരിക്കും. പിന്തുടര്‍ച്ചാവകാശികള്‍ക്കിടയില്‍ ആഭ്യന്തര സംഘട്ടങ്ങളും നടക്കും. എന്നാല്‍, മേഖലയില്‍ രാഷ്ട്രീയ ശൂന്യതയും അസ്ഥിരതയും നിലനില്‍ക്കുന്നിടത്തോളം ISIS ന് നിലനില്‍പ്പുണ്ടാകും.
ISIS നെതിരായ പോരാട്ടം തുടരണമെന്നാണ് ഇന്ത്യയുടെ അഭിപ്രായം. ISIS ഭീകരവാദികള്‍ നടത്തിയ പൈശാചിക കൃത്യങ്ങള്‍ ജനങ്ങള്‍ ഓര്‍ക്കണം. ISIS ന്റെ മധ്യകാല ആശയങ്ങളിലേയ്ക്കുള്ള തിരിച്ചുപോക്ക് നാശത്തിലേയ്ക്ക് നയിക്കും. കലുഷിത ഘട്ടത്തിലൂടെ കടന്നുപോകുന്ന വിശാലമായ അറബ് ലോകത്തെ രാഷ്ട്രീയ സംവിധാത്തില്‍ വിശ്വാസം പുനഃസ്ഥാപിക്കപ്പെടണമെന്ന് ഇന്ത്യ കരുതുന്നു.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.

തയ്യാറാക്കിയത് : ഡോ. ഫസ്സുര്‍ റഹ്മാന്‍ സിദ്ദിഖി,
പടിഞ്ഞാറനേഷ്യന്‍ കാര്യ വിശകലന
വിദഗ്ധന്‍

വിവരണം : ഷീജ ഗണേശ്