താഷ്‌ക്കന്റില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉന്നതതല യോഗം

ഷാങ്ഹായ് സഹകരണ സംഘടനയുടെ പതിനെട്ടാമത് ഗവണ്‍മെന്റ് തലയോഗം കഴിഞ്ഞ ആഴ്ച നടന്നു. ഉസ്‌ബെക്കി സ്ഥാനിലെ താഷ്‌ക്കന്റില്‍ നടന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്തു. യൂറേഷ്യാ മേഖലയുടെ ഉന്നമനത്തിനായി രൂപീകരിച്ച ഷാങ്ഹായ് സഹകരണ സംഘടനയില്‍ 2017 ലാണ് ഇന്ത്യ അംഗമാകുന്നത്.
എസ്.സി.ഒ. യില്‍, ഇന്ത്യ, ഖസാക്ക്സ്ഥാന്‍, ചൈന, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവരാണ് അംഗരാജ്യങ്ങള്‍. രാഷ്ട്രതലവന്മാരുടെ കൗണ്‍സിലാണ് എസ്.സി.ഒ. യുടെ ഉന്നതാധികാര സമിതി. മറ്റൊരു പ്രധാനപ്പെട്ട സമിതിയാണ് ഗവണ്‍മെന്റ്തല സമിതി. ഇത് എല്ലാവര്‍ഷവും ഒരിക്കല്‍ യോഗം ചേരാറുണ്ട്. സംഘടനയുടെ വാര്‍ഷിക ബഡ്ജറ്റ് ഗവണ്‍മെന്റ്തല സമിതിയാണ് അംഗീകാരം നല്‍കുന്നത്. ഷാങ്ഹായ് സംഘടനയുടെ പ്രധാന പരിഗണന വിഷയങ്ങളെക്കുറിച്ചും തന്ത്രപരമായ തീരുമാനങ്ങളെക്കുറിച്ചും ഈ സമിതിയില്‍ ചര്‍ച്ച നടക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധിയായാണ്
ശ്രീ. രാജ്‌നാഥ് സിംഗ് യോഗത്തില്‍ പങ്കെടുത്തത്.
തീവ്രവാദവും, ഭീകരവാദവും ആഗോളതലത്തില്‍ ഉയര്‍ത്തുന്ന ഭീഷണി വളരെ വലുതാണ്. ഇതിനെ നേരിടാനും ഇതിന്റെ വക്താക്കളെ അടിച്ചമര്‍ത്താനും ഷാങ്ഹായ് സഹകരണ രാഷ്ട്രങ്ങള്‍ കൈകോര്‍ത്തു നിന്ന് പ്രവര്‍ത്തിക്കണമെന്ന് ശ്രീ. രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു. അസമത്വവും ദാരിദ്ര്യവും കാലാവസ്ഥാ വ്യതിയാനവും ലോക രാജ്യങ്ങളുടെ പ്രധാന വെല്ലുവിളികളാണ്. അടിയന്തിര പ്രാധാന്യം നല്‍കി ഈ വെല്ലുവിളികളും നാം കൈകാര്യം ചെയ്യണമെന്നും രാജ്യരക്ഷാ മന്ത്രി പറഞ്ഞു.
ലോക ജനസംഖ്യയുടെ 42 ശതമാനവും ഭൂപ്രദേശത്തിന്റെ 22 ശതമാനവും ഉള്‍ക്കൊള്ളുന്ന ഷാങ്ഹായ് സഹകരണ സംഘടനയ്ക്ക് വളരെ വിപുലമായ സാമ്പത്തിക അടിത്തറയാണ് ഉള്ളത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന വ്യവസായ സൗഹൃദ അന്തരീക്ഷം പ്രയോജനപ്പെടുത്തി എസ്.സി.ഒ.യിലെ അംഗരാജ്യങ്ങള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ തയ്യാറാകണമെന്ന് ശ്രീ. രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.
ചൈനയ്ക്ക് തൊട്ടു പിന്നില്‍, സംഘടനയിലെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. കൃഷി, വിദ്യാഭ്യാസം, ടൂറിസം തുടങ്ങി വൈവിധ്യമായ മേഖലകളില്‍ നൈപുണ്യ വികസനത്തിനും വിഭവ സമാഹരണത്തിനും ഇന്ത്യയ്ക്ക് വലിയ അനുഭവ സമ്പത്താണുള്ളതെന്നും ഇത് എസ്.സി.ഒ. യില്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും ശ്രീ. സിംഗ് ഉറപ്പ് നല്‍കി.
ആഗോളവല്‍ക്കരണം ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗരാജ്യങ്ങളുടെ പുരോഗതിക്ക് നിരവധി അവസരങ്ങള്‍ തുറന്നു കൊടുത്തു. അതോടൊപ്പം തന്നെ നിരവധി വെല്ലുവിളികളും പ്രതിസന്ധികളും സൃഷ്ടിച്ചു. ഇത് അംഗരാജ്യങ്ങളുടെ പരസ്പര സഹകരണം കൂടുതല്‍ ശക്തമാക്കി. സ്വന്തം രാജ്യത്തിന്റെ മാത്രം താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് വികസിത രാജ്യങ്ങളില്‍ പൊതുവേ കണ്ടുവരുന്ന ഒരു രീതിയാണ്. ഏകപക്ഷീയമായി സ്വന്തം താല്‍പര്യം മാത്രം സംരക്ഷിക്കുന്നത് ഗുണകരമായ പ്രവണതയല്ല പകരം വിശാലമായതും സുതാര്യവും നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതുമായ ഒരു വ്യാപാര രീതിയാണ് കേന്ദ്രം ലോകവ്യാപാര സംഘടനയിലൂടെ നടത്തുന്നത്. ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനമാണ് സാമ്പത്തിക സഹകരണം സൃഷ്ടിക്കുന്നതെന്ന് ശ്രീ. രാജ്‌നാഥ് സിംഗ് പറഞ്ഞു. അതുകൊണ്ട് തന്നെ സാമ്പത്തിക സഹകരണം നമ്മുടെ നയങ്ങളുടെ കേന്ദ്ര ബിന്ദുവായിരിക്കണം.
ഷാങ്ഹായ് സഹകരണ രാജ്യങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇരയായിട്ടുള്ളവയാണ്. ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍, ഒരു ലോക ദുരന്ത നിവാരണ സഹകരണ സംവിധാനത്തിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വര്‍ഷം സെപ്തംബര്‍ 23 നായിരുന്നു ഉച്ചകോടി. രാജ്യങ്ങളുടെ ദുരന്ത നിവാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സഹായം ചെയ്യുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. പ്രതിരോധമന്ത്രി എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഇക്കാര്യത്തിനാവശ്യപ്പെട്ടു. സെന്റായ് രൂപരേഖയുടെ അടിസ്ഥാനത്തില്‍ നാശത്തിന്റെ തോത് കുറയ്ക്കുക, കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന ജീവിതരീതി സ്വീകരിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
ഉസ്ബക്കിസ്ഥാന്‍ പ്രധാനമന്ത്രി, എസ്.സി.ഒ. അംഗരാജ്യങ്ങളുടെ തലവന്മാര്‍, സെക്രട്ടറി ജനറല്‍ മുതലായവര്‍ പങ്കെടുത്തു.
താഷ്‌ക്കന്റിലെ ശാസ്ത്രി നഗറിലെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ പ്രതിരോധമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു. 1966 ജനുവരി 11 ന് താഷ്‌ക്കന്റിലാണ് ലാല്‍ബഹാദൂര്‍ ശാസ്ത്രി അന്തരിച്ചത്. 1965 ലെ യുദ്ധാനന്തരം ഇന്ത്യയും പാകിസ്ഥാനും താഷ്‌ക്കന്റ് കരാര്‍ ഒപ്പുവച്ചതിന്റെ അടുത്ത ദിവസമായിരുന്നു അദ്ദേഹം അന്തരിച്ചത്. ശാസ്ത്രിയുടെ സ്മരണാര്‍ത്ഥം സ്ഥാപിച്ചിട്ടുള്ള സ്‌കൂളും ശ്രീ. രാജ്‌നാഥ് സിംഗ് സന്ദര്‍ശിച്ചു.
എസ്.സി.ഒ. കൗണ്‍സില്‍ അംഗ രാഷ്ട്രതലവന്മാരുടെ അടുത്ത ഉച്ചകോടിക്ക് 2020 ല്‍ ഇന്ത്യ ആതിഥ്യമരുളും.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.

തയ്യാറാക്കിയത് : ഡോ. അത്താര്‍ സഫര്‍ മധ്യേഷ്യ – സി.ഐ.എസ്. കാര്യവിദഗ്ധ

വിവരണം : നരേന്ദ്ര മോഹന്‍