പാരീസ് ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം ആശങ്കാജനകം

2015 ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് ഔദ്യോഗികമായി പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം ആശങ്കാജനകമായ കാര്യമാണ്. കഴിഞ്ഞ തിങ്കളാഴ്ച ട്രംപ് ഭരണകൂടം ഇക്കാര്യം ഐക്യരാഷ്ട്ര സഭയെ ഔദ്യോഗികമായി അറിയിച്ചതോടെയാണ് ലോകം ഇതറിഞ്ഞത്. അറിയിപ്പ് കൈമാറി ഒരു വര്‍ഷത്തിനുശേഷം തീരുമാനം പ്രാബല്യത്തിലാകും.
അടുത്തമാസം 2 മുതല്‍ 13 വരെ സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കാനിക്കുന്ന യു.എന്‍ കാലാവസ്ഥാ ഉടമ്പടി cop 25 ന് ഒരു മാസം മുമ്പാണ് അമേരിക്കയുടെ ഈ പ്രഖ്യാപനം. ചിലിയിലെ സാന്റിയാഗോ യു.എന്‍ ഉടമ്പടിക്ക് ആതിഥ്യ താണെങ്കിലും ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പിന്മാറിയിരുന്നു.
2015 ലെ പാരീസ് ഉടമ്പടിയില്‍ 200 ഓളം രാജ്യങ്ങള്‍ ഒപ്പു വച്ചിരുന്നു. താപനില അപകടകരമായ നിലയിലേക്ക് ഉയരുന്നത് തടയുന്നതായി ഹരിത ഗൃഹവാതകം പുറന്തള്ളന്നത് കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്നു.
ആഗോള താപനം ശരാശരി രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി നിലനിര്‍ത്തുക എന്നതാണ് പാരീസ് ഉടമ്പടിയുടെ ലക്ഷ്യം. അമേരിക്കയുടെ ഇപ്പോഴത്തെ തീരുമാനം ഈ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കും.
കരാറില്‍ നിന്ന് പിന്മാറുന്ന ഏക രാജ്യവും അമേരിക്കയാണ്. ഹരിത ഗൃഹ വാതകം പുറപ്പെടുവിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. ചൈനയാണ് ഒന്നാമത്. 2025 ഓടെ ഹരിത ഗൃഹവാതകം 26 ശതമാനമായി കുറയ്ക്കുമെന്ന് അമേരിക്ക ഉറപ്പു നല്‍കിയിരുന്നു. ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറുന്നതോടെ ഹരിതഗൃഹ വാതകം പുറന്തള്ളല്‍ 80 ശതമാനമാക്കി കുറയ്ക്കാമെന്ന തീരുമാനം നടപ്പാക്കാന്‍ കഴിയില്ലാ എന്നു മാത്രമല്ല പഴയ നിലയായ 97 ശതമാനത്തിലേക്ക് മാറുകയും ചെയ്യും.
അമേരിക്കയുടെ നിലപാട് കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനെ സഹായിക്കുന്ന സാമ്പത്തിക ഉറവിടെങ്ങളെ വലിയ തോതില്‍ സ്വാധീനിച്ചെന്നു വരാം. ആഗോളതലത്തില്‍ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുന്നതില്‍ അമേരിക്ക ഒരു പ്രധാന പങ്ക് വഹിക്കുന്നു. കാലാവസ്ഥാ നടപടിക്ക് വികസ്വര രാജ്യങ്ങള്‍ക്കുള്ള ധനസഹായം നല്‍കുന്നതിനുള്ള സംവിധാനമായ ഗ്രീന്‍ക്ലൈമറ്റ് ഫണ്ടിലേക്കുള്ള സംഭാവനകളും അമേരിക്ക നിര്‍ത്തിയിരിക്കുകയാണ്.
തത്ഫലമായി ഇക്കാര്യത്തില്‍ ആഗോള ശ്രദ്ധ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മലിനീകരണം കുറയ്ക്കുന്നതിന് ഈ രാജ്യങ്ങല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്നാണ് പ്രതീക്ഷ. വികിരണം കുറയ്ക്കുന്നതിന് ആഭ്യന്തര നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയും സാങ്കേതിക വിദ്യയും തമ്മിലുള്ള വിടവ് നികത്താന്‍ ഈ രാജ്യങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്.
പാരീസ് ഉടമ്പടിയില്‍ എടുത്ത തീരുമാനം നടപ്പാക്കുന്നതില്‍ ഇന്ത്യ ശക്തമായ പുരോഗതി കൈവരിച്ചു. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ 2030 ല്‍ കൈവരിക്കാനുദ്ദേശിച്ചിട്ടുള്ള കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങളില്‍ ഭൂരിഭാഗവും കൈവരിക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
അമേരിക്കയുടെ പിന്‍വാങ്ങല്‍ ഇന്ത്യയെ നേരിട്ട് ബാധിക്കില്ലെങ്കിലും ഭാവിയിലെ കാലാവസ്ഥാ നയങ്ങളെ ഇത് ബാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകുന്ന രാജ്യമായ ഇന്ത്യയ്ക്ക് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ വികസന പദ്ധതികളില്‍ ഇത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.
പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ആഗോള നേതാവായി ഇന്ത്യ മാറുകയാണ്. ഫോസില്‍ ഇന്ധന മേഖലയെക്കാള്‍ കൂടുതല്‍ പുനരൂപ ഊര്‍ജ്ജ മേഖലയിലാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നത്. 2020 ഓടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡുകളുടെയും മറ്റ് ഹരിത ഗൃഹവാതകങ്ങളും പുറന്തള്ളല്‍ കുറയ്ക്കുന്നതിന് അവസരമൊരുക്കുന്ന ദീര്‍ഘകാല പദ്ധതികള്‍ക്കുള്ള തന്ത്രങ്ങള്‍ക്ക് ഇന്ത്യ അന്തിമരൂപം നല്കുമെന്ന് വ്യക്തമാക്കി. സുസ്ഥിര വനപരിപാലത്തിലൂടെ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനും ഇതിലൂടെ കഴിയും. ശാസ്ത്രീയ ഇടപെടലുകളിലൂടെയും നിയമങ്ങള്‍ കര്‍ശനമായി ഇന്ത്യയുടെ ആകെയുള്ള ഭൂമിശാസ്ത്ര വിസ്തൃതിയുടെ മൂന്നിലൊന്ന് ഭാഗവും വനമേഖലയായി ഉയര്‍ത്തിക്കൊണ്ടുവരാണ് ദേശീയ വനനയം 2018 ന്റെ കരട് രേഖ ലക്ഷ്യമിടുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന് ഫ്രാന്‍സുമായി അന്താരാഷ്ട്ര സൗരസഖ്യം പോലുള്ള അന്താരാഷ്ട്ര ബന്ധങ്ങള്‍ ഇന്ത്യ കെട്ടിപ്പടുക്കേണ്ടതായിട്ടുണ്ട്. ലക്ഷ്യപൂര്‍ത്തീകരണത്തിന് ഇന്ത്യയ്ക്ക് ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. എങ്കിലും സംശുദ്ധമായ ഊര്‍ജ്ജം എന്ന ഭാവി ലക്ഷ്യത്തിലേക്കുള്ള സുസ്ഥിരമായ പ്രയാണത്തിലാണ് ഇന്ത്യ.

തയ്യാറാക്കിയത് : കെ.വി. വെങ്കിട്ടസുബ്രഹ്മണ്യന്‍ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍

വിവരണം : കവിത