പുനക്രമീകരിച്ച ഇന്ത്യാ സെര്‍ബിയ പങ്കാളിത്തം

സെര്‍ബിയന്‍ സന്ദര്‍ശനം വിദേശകാര്യമന്ത്രി ഡോക്ടര്‍ എസ്.ജയ്ശങ്കര്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. സെര്‍ബിയന്‍ വിദേശകാര്യമന്ത്രി ഇവികാ ഡാസികുമായി കൂടിക്കാഴ്ച നടത്തിയ ഡോക്ടര്‍ ജയ്ശങ്കര്‍ സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വൂസിക്കിനെയും ബല്‍ഗ്രേഡിലെ നാഷണല്‍ അസംബ്ലി സ്പീക്കറേയും സന്ദര്‍ശിച്ചു. 21-ാം നൂറ്റാണ്ടിന് അനുസൃതമായ ഉഭയകക്ഷി പങ്കാളിത്തത്തിലൂന്നിയുള്ള ചര്‍ച്ചകള്‍ക്കാണ് ഇരു രാജ്യങ്ങളും പ്രാധാന്യം നല്‍കിയത്. ഭാവിയിലെ ഉഭയകക്ഷി പങ്കാളിത്തം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ സാഹചര്യമൊരുക്കുന്ന പ്രതിരോധ സഹകരണ ഉടമ്പടിയാണ് സന്ദര്‍ശനത്തിന്റെ കേന്ദ്ര ബിന്ദു.
ചരിത്രവുമായി ഇഴുകി ചേര്‍ന്നതാണ് ഇന്ത്യയും സെര്‍ബിയയും തമ്മിലുള്ള ബന്ധം. മുമ്പ് യൂഗോസ്ലേവ്യയുടെ ഭാഗമായിരുന്നപ്പോഴുള്ള സെര്‍ബിയയും ഇന്ത്യയും ചേരിചേരാ നയത്തിന്റെ ഭാഗമായിരുന്ന രണ്ട് രാജ്യങ്ങളായിരുന്നു. പണ്ഡിറ്റ് നെഹ്‌റുവും ജോസഫ് ടിറ്റോയുമായിരുന്നു ഇരു രാജ്യങ്ങളുടേയും ദേശീയ നേതാക്കള്‍. ഈ നേതാക്കളുടെ സൗഹൃദം പോലെ പ്രാധാന്യമുള്ളതായിരുന്നു സെര്‍ബിയന്‍ ബുദ്ധിജീവികളുമായുള്ള സ്വാമി വിവേകാനന്ദന്റേയും രബീന്ദ്രനാഥ ടാഗോറിന്റേയും ബന്ധം.
എന്നാല്‍, അപൂര്‍വ്വമായ ഈ സൗഹൃദം ശീതയുദ്ധത്തിന്റെ പ്രഭാവത്തോടെ അതേപടി തുടരാന്‍ ഇരു രാജ്യങ്ങള്‍ക്കുമായില്ല. ഇങ്ങനെ ഒരു കാലത്ത് തുടരാനാവാത്ത സൗഹൃദം തങ്ങളുടെ വിദേശനയത്തിന്റെ ഭാഗമയി വര്‍ധിത വീര്യത്തോടെ ഊട്ടി ഉറപ്പിക്കാനാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ഒരു കാലത്ത് നിഷ്‌ക്രിയമായ പങ്കാളിത്തം, വരുന്ന നൂറ്റാണ്ടുകളില്‍ ഉഭയകക്ഷി ബന്ധത്തിലൂടെ ശക്തിപ്പെടുത്താനാണ് ഇരു രാജ്യങ്ങളുടേയും തീരുമാനം.
ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന ഉഭയകക്ഷി രാഷ്ട്രീയ ബന്ധങ്ങളുടെ ഫലമായി അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പഴയ സൗഹൃദം പുനഃസ്ഥാപിയ്ക്കാനുള്ള ശ്രമമായാണ് വിദേശകാര്യമന്ത്രി ജയ്ശങ്കറിന്റെ സന്ദര്‍ശനത്തെ വിലയിരുത്തേണ്ടത്. അതിവേഗം വളരുകയും വികസിക്കുകയും ചെയ്യുന്ന സമ്പദ് ഘടനയുടെ ഉടമയായി ഉയരുകയാണ് ഇന്ത്യ. ആഗോള രംഗത്ത് ശ്രദ്ധേയമായ ചുവടുറപ്പിക്കാന്‍ പ്രാപ്തമായ രാജ്യമായി മാറുകയാണ് ഇന്ത്യ. അതുപോലെ യൂഗോസ്ലേവ്യയില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷമുള്ളതും കൊസോവയെ വിഭജിച്ച ശേഷമുള്ള കുഴപ്പങ്ങളില്‍ നിന്നും സെര്‍ബിയ തരണം ചെയ്ത് വരികയും ചെയ്തു. മാന്ദ്യത്തിലായ യൂറോപ്പിലെ പല രാജ്യങ്ങളുടേയും വളര്‍ച്ചയെ അപേക്ഷിച്ച് മെച്ചപ്പെട്ട വളര്‍ച്ചയാണ് സെര്‍ബിയ കൈവരിച്ചത്. ഇതിന്റെ ഫലമായി 2025 ഓടെ യൂറോപ്യന്‍ യൂണിയനില്‍ ചേരാനും സെര്‍ബിയയ്ക്ക് കഴിയും.
നിലവിലുള്ള ആഗോള പ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പുതിയ ഇന്ത്യയും പുതിയ സെര്‍ബിയയും തമ്മില്‍ ഇന്ന് നിരവധി വിഷയങ്ങളില്‍ അഭിപ്രായ ഐക്യം ഉരുത്തിരിഞ്ഞു വരുന്നുണ്ട്. 21-ാം നൂറ്റാണ്ടിന്റെ നെടുതൂണായിരുന്ന ആഗോളവത്ക്കരണം ഇന്ന് ആടിയുലയുകയാണ്. സംരക്ഷണവാദവും മറ്റു തടസ്സങ്ങളും ആഗോള നയതന്ത്ര സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. കാലാകാലങ്ങളായുള്ളതും നൂതനവുമായ സുരക്ഷാ ഭീഷണികളും വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വെല്ലുവിളികള്‍ നേരിടുന്നതിന് ഇന്ത്യ-സെര്‍ബിയ ശക്തികള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ സാധ്യമാകും. ലോകം ഒരു കുടുംബം എന്ന് മനസ്സിലാക്കിത്തരുന്ന സംസ്‌കൃതത്തിലെ വസുധൈവ കുടുംബകം, ലോക സാഹോദര്യം വിളിച്ചോതുന്ന വിശ്വബന്ധുത്വം എന്നീ തത്വങ്ങള്‍ സഹകരണ മനോഭാവത്തോടെ ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇന്ത്യയുടെ അഭിവാഞ്ഛയാണ് വ്യക്തമാക്കുന്നത്.
നയതന്ത്രപരമായ ആശങ്കകള്‍ പരിഹരിക്കുന്നത് സഹായകമായ ഉഭയകക്ഷി പങ്കാളിത്തമാണ് ഇന്ത്യയും സെര്‍ബിയയും തമ്മിലുള്ളത്. ജമ്മുകശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന ബെല്‍ഗ്രേഡിന്റെ പ്രസ്താവന കൊസോവയെ സ്വതന്ത്രമാക്കിക്കൊണ്ടുള്ള ഏകപക്ഷീയമായ പ്രഖ്യാപനത്തിനെതിരെ സെര്‍ബിയയ്ക്ക് ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് അനുസൃതമായിട്ടാണ് എന്ന് വ്യക്തമാണ്. ഉഭയകക്ഷി ഫോറങ്ങളില്‍ ഇരു രാജ്യങ്ങളും പരസ്പരം പിന്തുണച്ചിട്ടുണ്ട്.
സെര്‍ബിയയുടെ ഭൗമ-നയതന്ത്ര സ്ഥാനം ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. കിഴക്കന്‍ യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കവാടമായി മാറാന്‍ ഇതിനു കഴിയും. പ്രദേശത്തെ ആശയവിനിമയ ഹബ്ബ് എന്നതിലുപരിയായി കിഴക്കന്‍ യൂറോപ്പ്, റഷ്യ, ടര്‍ക്കി എന്നീ രാജ്യങ്ങളുമായി സെര്‍ബിയയ്ക്ക് അനുകൂല വ്യാപാര കരാറുകളുമുണ്ട്.
ഇത്രയും കാര്യങ്ങളില്‍ പരസ്പര പൂരകങ്ങളാണെങ്കിലും 200 ദശലക്ഷം യു.എസ്. ഡോളറിനുള്ള ഉഭയകക്ഷി വ്യാപാരമെന്ന കാര്യം ഇതിനൊരപവാദമാണ്. വ്യാപാരം എളുപ്പമാക്കുന്നതില്‍ ലോകബാങ്കിന്റെ റേറ്റിംഗില്‍ മുന്നിലെത്തിയതും വിസ സംബന്ധമായി ഇരു രാജ്യങ്ങളും ഇളവ് നല്‍കയതുമെല്ലാം ഇന്ത്യയിലെയും സെര്‍ബിയയിലെയും കമ്പനികള്‍ക്ക് നിലവിലുള്ള ഇടപാടുകള്‍ ദൃഢമാക്കാന്‍ കഴിയും. ഈ പങ്കാളിത്തത്തിന് ബൃഹത്തായ സാധ്യതകളാണുള്ളത്. ഇതേ ഗതിയില്‍ തുടര്‍ന്നു പോവുക, രാഷ്ട്രീയ ഉദ്ദേശ്യം ശക്തമായ നയതന്ത്ര പങ്കാളിത്തമാക്കി മാറ്റുക എന്നിവയാകും രാജ്യങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.

തയ്യാറാക്കിയത് : രാജര്‍ഷി റോയ്,
ഗവേഷകന്‍, ഐ.ഡി.എസ്.എ.
വിവരണം : ദീപു എസ്.എല്‍.