പാക് ഭരണകൂടത്തിന്റെ നിലപാടുകളിലെ തകര്‍ച്ച

നമ്മുടെ രാജ്യത്തിന്റെ തികച്ചും ആഭ്യന്തര കാര്യമായ അയോദ്ധ്യ ഭൂമിതര്‍ക്കത്തില്‍ സുപ്രീംകോടതി നല്കിയ വിധിയെപ്പറ്റി പാകിസ്ഥാന്‍ അടുത്തിടെ വളരെ അസ്വീകാര്യമായ ഒരു പ്രതികരണം നടത്തുകയുണ്ടായി. പ്രസിഡന്റും വിദേശകാര്യ മന്ത്രിയും അടക്കമുളള ഉന്നത പാക് നേതൃത്വം നടത്തിയ പ്രസ്താവന ഇത്തരത്തില്‍ തന്നെ ആദ്യമാണ് താനും.

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കാണ് ഈമാസം 9-ന് സുപ്രീംകോടതി അവസാനം കുറിച്ചത്. ഏകകണ്ഠമായി
പരമോന്നത കോടതി നല്കിയ വിധിയെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പരക്കെ സ്വാഗതം ചെയ്തിരുന്നു. മസ്ജിദ് നിര്‍മ്മാണത്തിനായി അയോദ്ധ്യയില്‍ തന്നെ 5 ഏക്കര്‍ സ്ഥലം വിട്ടുനല്കാനും സുപ്രീംകോടതി ഉത്തരവിട്ടു. തര്‍ക്കഭൂമി, കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലായിരിക്കണമെന്നും നീതിപീഠം നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
അയോദ്ധ്യ വിധിയെ തര്‍ക്ക കക്ഷികളെല്ലാം തന്നെ സ്വാഗതം ചെയ്തിരുന്നു. വിധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തന്റെ സംതൃപ്തി പ്രകടിപ്പിച്ചു. രാജ്യത്തെ എല്ലാ ജനങ്ങളും കൂട്ടായ്മകളും എല്ല മതാനുകൂലികളും തുറന്ന മനസ്സോടെ കോടതി വിധയെ സ്വാഗതം ചെയ്തത് തികച്ചും മാതൃകാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി ഭാരതം പിന്തുടര്‍ന്നുവരുന്ന മൂല്യങ്ങളുടെയും, സംസ്‌കാരങ്ങളുടെയും, വിശ്വസാഹോദര്യാതിഷ്ഠിതമായ ജീവിതചര്യകളുടെയും തെളിവാണ് ഈ നിലപാടൊന്നും ശ്രീ. മോദി അഭിപ്രായപ്പെട്ടു.
എന്നാല്‍ അയോധ്യ ഭൂമി തര്‍ക്ക വിഷയത്തിലെ സുപ്രീംകോടതി വിധിയെപ്പറ്റി തികച്ചും അനാവശ്യമായ ഒരു പ്രതികരണമാണ് നമ്മുടെ അയല്‍ക്കാരായ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാല്‍ ഇതിന് നാം തക്കതായ മറുപടി നല്‍കിയെന്ന് മാത്രമല്ല, പാകിസ്ഥാന്റെ ദുരുദ്ദേശപരമായ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.
എന്നാല്‍ നമ്മുടെ ആഭ്യന്തരകാര്യങ്ങളെപ്പറ്റി കൃത്യമായി മനസ്സിലാക്കാതെ പാകിസ്ഥാന്‍ നടത്തുന്ന ഇത്തരം പ്രതികരണങ്ങള്‍ അതിശയിപ്പിക്കുന്നതല്ലെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഭാരതീയര്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നത് ലക്ഷ്യമിട്ട് പാക് നേതൃത്വം സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ തികച്ചും അപലപനീയമാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
അയോധ്യ വിധിയുമായി ബന്ധപ്പെട്ട്, പാക് വിദേശകാര്യ മന്ത്രാലയവും പാക് വിദേശകാര്യമന്ത്രി, ഷാ മഹ്മൂദ് ഖുറേഷിയും തികച്ചും അസ്വീകാര്യപരവും, അനാവശ്യവുമായ പ്രതികരണങ്ങളാണ് നടത്തിയത്. നിലപാടുകളെ ഇന്ത്യ ശക്തമായി എതിര്‍ക്കുകയും, നിയമവാഴ്ചയില്‍ അധിഷ്ഠിതവും, എല്ലാ വിശ്വാസങ്ങള്‍ക്കും തുല്യ ബഹുമാനം നല്‍കുന്നതുമായ ഒരു രാജ്യമാണ് നമ്മുടേതെന്ന് അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശിഥിലമാകാന്‍ കാരണം 2016-ല്‍ ഉറി പട്ടാള ക്യാമ്പില്‍ നടന്ന ആക്രമണവും അനുച്ഛേദം 370 അസാധുവാക്കിയതുമാണ്. എന്തൊക്കെയായാലും അയോധ്യ വിധിയെക്കുറിച്ചുള്ള അനാവശ്യമായ പരാമര്‍ശം , കര്‍താര്‍പൂര്‍ ഇടനാഴി കാരണമുണ്ടായ സൗഹൃദം കുറച്ചു. ഇമ്രാന്‍ഖാന്റെ ഭരണത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനും വന്‍ഭീഷണികളാണ് നേരിടേണ്ടിവരുന്നത്. ജാമിയത്ത് ഉലെമ-ഇ-ഇസ്ലാം ജുള്‍ നയിക്കുന്ന ഫസലൂര്‍ റഹ്മാന്റെ

നേതൃത്വത്തില്‍ ആയിരം പ്രവര്‍ത്തകര്‍ ഇസ്ലാമാബാദില്‍ തടിച്ചുകൂടി ഇമ്രാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇമ്രാന്‍ ഖാനെതിരെ ഒറ്റക്കെട്ടാണ്.
പാര്‍ട്ടിയെ തന്നെ ഇല്ലാതാക്കാനാണ് ഈ ഗവണ്‍മെന്റ് ശ്രമിക്കുന്നുവെന്നാണ് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും പാര്‍ട്ടിയും അദ്ദേഹത്തിന്റെ കുടുംബവും ആരോപിക്കുന്നത്.
ഗുരുതരമായ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇമ്രാന്‍ഖാന്‍ ഇന്ത്യന്‍ വിരുദ്ധ നിലപാട് എടുക്കുന്നുവെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതും അവസാനിപ്പിച്ചാല്‍ ഇന്ത്യയുമായുളള ബന്ധം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് പാകിസ്ഥാന്‍ തീര്‍ച്ചയായും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

തയ്യാറാക്കിയത് : രത്തന്‍ സാല്‍ദി

രാഷ്ട്രീയ നിരീക്ഷകന്‍
വിവരണം : ഷീജ ഗണേശ്