അമേരിക്കയുമായുള്ള തന്ത്രപരമായ ആഗോള പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നതാണ് രണ്ടാം മോദി ഗവണ്മെന്റിന്റെ മുന്‍ഗണന നയങ്ങളില്‍ പ്രഥമ ഗണനീയം. ഇന്ത്യന്‍ സാമ്പത്തിക തലം വിപുലികരിക്കുന്നതിന്റെ ഭാഗമായി ഈ അടുത്ത കാലത്ത് അമേരിക്കയുമായി തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ഇന്ത്യ മുന്‍ഗണന നല്‍കിയിരുന്നു. ആഗോളതലത്തില്‍ ഇന്ത്യയുടെ അനിവാര്യമായ പങ്കാളിയായി അമേരിക്കയെ കാണുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന ആണിക്കല്ലാണ് പ്രതിരോധ പങ്കാളിത്തം. അടുത്തകാലത്ത് ഇന്ത്യയും
അമേരിക്കയും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം വളരെ അനുകൂലമായ തലത്തിലുമാണ്.
ആന്ധ്രാപ്രദേശില്‍ ഈമാസം 13 മുതല്‍ 21 വരെ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ടൈഗര്‍ ട്രയംഫ്സ്എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഹ്യൂമാനിറ്റേറിയന്‍ അസിസ്റ്റന്റ് ഡിസാസ്റ്റര്‍ റിലീഫ് പരിശീലനം നടക്കുകയാണ്. യു.എസ്. മറൈന്‍ കോര്‍പ്സും, ഇന്ത്യന്‍ സേനയുടെ പ്രത്യേക നിരീക്ഷണ സംഘവും, നാവികസേനയുടെ P8iഎന്ന അന്തര്‍വാഹിന പ്രതിരോധ യുദ്ധ വിമാനങ്ങളും ടൈഗര്‍ ട്രയംഫ്സ് അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഈമാസം 13 മുതല്‍ 16 വരെ വിശാഖപട്ടണത്തും രണ്ടാംഘട്ടമായ 17 മുതല്‍ 21 വരെ കാക്കിനടയിലുംഅഭ്യാസ പ്രകടനങ്ങള്‍ നടത്തും. ഇന്ത്യന്‍ കരസേനയുടെ സിഗ്നല്‍, ആരോഗ്യ, വിനിമയ മേഖലകളിലെ മിന്നല്‍ ആക്രമണത്തിന് പ്രത്യേകം പരിശീലനം നേടിയ 400-ഓളം സൈനികര്‍ അഭ്യാസത്തില്‍ പങ്കെടുക്കും. മുന്‍പ് ഇതിന് സമാനമായി ഇന്ത്യ സംയുക്ത അഭ്യാസം നടത്തിയ ഏകരാജ്യം റഷ്യയാണ്. മൂന്ന് സേനാവിഭാഗങ്ങളും അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്.
മുന്‍പ് 2018 സെപ്റ്റംബറില്‍ നടന്ന 2+2 സംഭാഷണത്തിന്റെ ഉദ്ഘാടന ചടങ്ങുകളില്‍ ഇന്ത്യയിലേയും അമേരിക്കയിലേയും വിദേശ മന്ത്രിമാര്‍ സൈനികാഭ്യാസത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇരുരാജ്യങ്ങളിലും അതിവേഗം വളരുന്ന സൈനിക സഹകരണം തിരിച്ചറിഞ്ഞ്, കര, നാവികാ വ്യോമ അഭ്യാസം നടത്തേണ്ടതിന്റെ
പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് പ്രതിരോധ ദൗത്യങ്ങളും ഇരുരാജ്യങ്ങളും സൈനികോപകരണങ്ങളും കൈമാറുന്നത് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
2019 സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ടെക്സാസില്‍ നടന്ന ഹൗഡിമോഡി പരിപാടിയില്‍ ഈ അഭ്യാസത്തെ സംബന്ധിച്ച പ്രഖ്യാപനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയിരുന്നു. സുസ്ഥിരമായ ഇന്റോ പസഫിക് മേഖലയെക്കുറിച്ച് ഇരുരാജ്യങ്ങള്‍ക്കും സമാനമായ വീക്ഷണമുണ്ട്. ഒപ്പം രാഷ്ട്രീയ ഇച്ഛാശക്തിയുടെ കാര്യങ്ങളിലും സൈനിക വിന്യാസം സംബന്ധിച്ച ധാരണ പത്രത്തിലും പൊരുത്തമുള്ള വാര്‍ത്താ വിനിമയ സുരക്ഷാ കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. സ്ഥലസംബന്ധിയായ ഭൂപടങ്ങളിലേക്ക് സംയുക്തമായി പ്രവേശിക്കുന്നതിനായുള്ള മൂന്നാമതൊരു കരാറില്‍ ഒപ്പു വയ്ക്കുന്നതിനുള്ള പാതയിലാണ് ഇന്ത്യയും അമേരിക്കയും. അതിന്റെ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ ഒരു വര്‍ഷത്തില്‍ അന്‍പതിലധികം സഹകരണ മേഖലകളില്‍ പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല ഓരോവര്‍ഷവും അമേരിക്കയും ഇന്ത്യയും സംയുക്തമായി സൈനികാഭ്യാസങ്ങളും നടത്തി വരുന്നുണ്ട്. പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന സൈനികാഭ്യാസത്തിന് വളരെ പ്രാധാന്യമാണ് കല്പിക്കപ്പെടുന്നത്.
കരയില്‍ നിന്നും കടലില്‍ നിന്നുള്ള ഭീഷണികളെ നേരിടാന്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അതിനായി നവീനമായ സാങ്കേതികവിദ്യയും ആയുധങ്ങളും ഉപകരണങ്ങളുംആവശ്യമാണ്. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയിന്‍ കീഴില്‍ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. എന്നിരുന്നാലും പ്രതിരോധ-ഗവേഷണമേഖലയില്‍ മുന്‍നിരയില്‍ നില്ക്കുന്ന അമേരിക്കയുമായുള്ള പങ്കാളിത്തം ഇന്ത്യയ്ക്ക് അനിവാര്യമാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്തോ-പസഫിക്മേഖലയില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയുടെ ആവശ്യമുണ്ട്. ഇന്ത്യയുടെ പ്രതിരോധ വിപണിയും അമേരിക്കയെ സംബന്ധിച്ചിടത്തോളം മറ്റൊരാകര്‍ഷണമാണ്.
മെച്ചപ്പെട്ട പ്രതിരോധ പങ്കാളിത്തം, സായുധ സേനയുടെ പരസ്പര പ്രവര്‍ത്തനക്ഷമത തുടങ്ങിയ കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുമായുള്ള ബന്ധത്തെ അമേരിക്ക നോക്കിക്കാണുന്നത്. കയറ്റുമതി പ്രോത്സാഹിപ്പിച്ച് 2012-ലെ ഇന്ത്യ-യു.എസ്. പ്രതിരോധ സാങ്കേതിക വിദ്യയും വ്യാപാര കരാറും പരിഷ്കരിക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. പ്രതിരോധസുരക്ഷ, വിദേശനയം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി ബന്ധംവഴികൈവരിച്ച പുരോഗതി അവലോകനം ചെയ്യാനും അവയെ കൂടുതല്‍ ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
തയ്യാറാക്കിയത് : സ്തുതി ബാനര്‍ജി
അമേരിക്കന്‍ നയതന്ത്ര അവലോകന വിദഗ്ധ
വിവരണം : പി.എസ്. തുളസിദാസ്