ബ്രിക്‌സ് അംഗരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമാകുന്നു.

ബ്രിക്‌സ് കൂട്ടായ്മ നിലവില്‍ വന്നതിനു ശേഷം ഇന്ത്യയുടെ ബഹുരാഷ്ട്ര ഇടപെടലുകളിലും വിദേശനയത്തിലും ബ്രിക്‌സ് അതിന്റേതായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുള്ളതാണ് വസ്തുത. ജിയോ പൊളിറ്റിക്‌സിന്റെയും ജിയോ എക്കണോമിക്‌സിന്റെയും നയങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ ബ്രിക്‌സിലെ വളര്‍ന്നു വരുന്ന സമ്പദ്‌വ്യവസ്ഥകള്‍ക്ക് ലോകം വലിയതോതില്‍ പ്രാധാന്യം നല്‍കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ബ്രസീല്‍ തലസ്ഥാനമായ ബ്രസീലിയയില്‍ നടന്ന 11-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കാളിത്തം ഏറെ ശ്രദ്ധ നേടി. ബ്രിക്‌സിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടു തന്നെ ഭീകരവാദത്തിനെതിരായ സഹകരണത്തിന് ഇന്ത്യയും ബ്രിക്‌സ് അംഗരാജ്യങ്ങളും സംവിധാനം ഒരുക്കണമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

ലോക സാമ്പത്തിക വളര്‍ച്ചയുടെ 50 ശതമാനം ബ്രിക്‌സ് രാജ്യങ്ങളുടേതാണ്. ലോകത്ത് സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും സാമ്പത്തിക വികസനം ത്വരിതപ്പെടുത്തിയ ബ്രിക്‌സ് അംഗരാജ്യങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയും സാങ്കേതികവിദ്യയിലും നവീകരണത്തിലും പുതിയ മുന്നേറ്റങ്ങള്‍ കരഗതമാക്കുകയും ചെയ്തു. ബ്രിക്‌സ് അംഗരാജ്യങ്ങളുടെ വിപണി വിശാലവും പരസ്പരപൂരകവും പ്രയോജനകരവുമാണ്. ഇന്ത്യയുടേത് ലോകത്തെ ഏറ്റവും തുറന്നതും നിക്ഷേപ സൗഹൃദ സമ്പദ്‌വ്യവസ്ഥയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപം തടത്താന്‍ ബ്രിക്‌സിലെ ബിസിനസ് നേതാക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അംഗരാജ്യങ്ങള്‍ക്കിടയില്‍ സംയുക്ത സംരംഭങ്ങള്‍ രൂപീകരിക്കാന്‍ അടുത്ത ബ്രിക്‌സ് ഉച്ചകോടിയില്‍ കുറഞ്ഞത് അഞ്ച് മേഖലകളെങ്കിലും തിരിച്ചറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പരസ്പര താല്‍പര്യങ്ങളും ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിന് അംഗരാജ്യങ്ങളിലെ നേതാക്കള്‍ക്ക് ബ്രിക്‌സ് ഒരു വേദിയാണ്. പ്രാദേശിക-ബഹുമുഖ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ പങ്കിടാനും കൈമാറാനും നേതാക്കള്‍ക്ക് ബ്രിക്‌സ് പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താന്‍ കഴിയുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയെ കുറിച്ച് ശ്രീ.മോദി ഇങ്ങനെ ട്വീറ്റ് ചെയ്തു. പ്രസിഡന്റ് പുടിനുമായി ഏറ്റവും മികച്ച കൂടിക്കാഴ്ചയാണ് നടത്തിയത്. ഇന്ത്യ-റഷ്യ ബന്ധങ്ങളുടെ മുഴുവന്‍ ശ്രേണിയും ഞങ്ങള്‍ അവലോകനം ചെയ്തു. വ്യാപാരം, സുരക്ഷ, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്. ഉഭയകക്ഷി ബന്ധം ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. റഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍
17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. അടുത്ത വര്‍ഷം മെയ് മാസത്തില്‍ റഷ്യയില്‍ നടക്കുന്ന വിജയദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് പുടിന്‍ ശ്രീ.മോദിയെ ക്ഷണിച്ചു.
പ്രധാനമന്ത്രി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മാസം മാമല്ലപുരത്ത് വച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. ഇന്‍ഡോ-ചൈന ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചാണ് അവര്‍ സംസാരിച്ചത്. മേഖലാ സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ (RCEP) നിന്ന് ഇന്ത്യ പിന്മാറി ദിവസങ്ങള്‍ക്കു ശേഷമാണ് ഈ കൂടിക്കാഴ്ച. ഇന്ത്യ RCEPയില്‍ പങ്കാളിയാകുമെന്ന ആത്മവിശ്വാസം ചൈന പ്രകടിപ്പിച്ചിട്ടുണ്ട്. അനൗപചാരികമായി രണ്ടാമതും കാണാന്‍ കഴിഞ്ഞതിലുള്ള നന്ദി ഷി ജിന്‍പിങ് പ്രധാനമന്ത്രിയെ അറിയിച്ചു. അടുത്ത വര്‍ഷം ചൈനയില്‍ നടക്കുന്ന മൂന്നാമത് അനൗപചാരിക ഉച്ചകോടിയിലേക്ക് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുകയും ചെയ്തു. സാമ്പത്തിക വ്യാപാര രംഗത്തെ ഉന്നതതല നടപടി ക്രമങ്ങള്‍ സംബന്ധിച്ച് അധികം താമസിയാതെ ചര്‍ച്ച ചെയ്യുമെന്ന് ഇരു നേതാക്കളും പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി വിഷയത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിന് പ്രത്യേക പ്രതിനിധിതല ചര്‍ച്ചയുണ്ടാകുമെന്ന് അവര്‍ വ്യക്തമാക്കി. BRICS, WTO ,RCEP എന്നിവയും ചര്‍ച്ച ചെയ്യപ്പെട്ടു.
അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ ഇരു നേതാക്കളും വിലയിരുത്തി. ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും ഈ ആഘോഷം കരുത്തു പകരുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.

 

 

തയ്യാറാക്കിയത് : ഡോ. രൂപ നാരായണ്‍ ദാസ്,
വിശകലന വിദഗ്ധ
വിവരണം : ഉദയകുമാര്‍