പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനവും പരിഗണനാ വിഷയങ്ങളും

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ ആരംഭിക്കും. അടുത്തമാസം 13 വരെ തുടരും. നിരവധി ബില്ലുകള്‍ സമ്മേളന കാലയളവില്‍ അവതരിപ്പിക്കും. രണ്ടു നിര്‍ണായക ഓര്‍ഡിനന്‍സുകള്‍ നിയമമാക്കേണ്ടതുണ്ട്. നയരൂപീകരണം, പ്രവര്‍ത്തനക്ഷമത, ദേശീയ പ്രാധാന്യമുള്ള പ്രധാന വിഷയങ്ങളില്‍ രാഷ്ട്രീയ അഭിപ്രായ ഐക്യം എന്നിവയാണ് ഈ സമ്മേളനം പ്രാമുഖ്യം നല്‍കുന്ന വിഷയങ്ങള്‍. നിരവധി സാമൂഹ്യ-രാഷ്ട്രീയ – സാമ്പത്തിക വിഷയങ്ങളില്‍ പ്രതിപക്ഷം ഗവണ്‍മെന്റിനെ കടന്നാക്രമിക്കാന്‍ ഈ സമ്മേളനത്തില്‍ ശ്രമിക്കും.

മുമ്പു നടന്ന മണ്‍സൂണ്‍കാല സമ്മേളനം നിര്‍ണായകമായ നിരവധി ബില്ലുകളാണ് പാസാക്കിയെടുത്തത്. മുത്തലാഖ്, മോട്ടോര്‍ വെഹിക്കിള്‍ ആക്ട്, ദേശീയ അന്വേഷണ ഏജന്‍സി ഭേദഗതി നിയമം എന്നിവയ്‌ക്കൊപ്പം 370-ാം അനുച്ഛേദം റദ്ദാക്കി. ജമ്മുകാശ്മീര്‍ പുനരേകീകരണ നിയമം പാസാക്കിയതും മണ്‍സൂണ്‍കാല സമ്മേളനത്തിലാണ്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തുതന്നെ, ഈ വര്‍ഷം ജനുവരി എട്ടിന് ബി.ജെ.പി.പൗരത്വ ഭേദഗതിബില്‍ മേശപ്പുറത്തുവച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമലിസ്റ്റ് ആഗസ്റ്റില്‍ പ്രഖ്യാപിച്ചതിനാല്‍
ബില്‍ ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്കുവരും. രണ്ട് ഓര്‍ഡിനന്‍സുകള്‍ കേന്ദ്രമന്ത്രിസഭ നേരത്തെ പാസാക്കിയിരുന്നു.
സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനായി ആഭ്യന്തര ഉല്‍പ്പാദന കമ്പനികള്‍ക്ക് നികുതി ഇളവുകള്‍ നല്‍കിയതാണ് ആദ്യത്തേത്. 1961 ലെ നികുതി നിയമം, 2019 ലെ ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതാണ് രണ്ടാമത്തേത്. കൂടാതെ ഇ-സിഗററ്റിന്റെ നിര്‍മാണവും സംഭരണവും തടയല്‍ നിയമവും ഈ സമ്മേളനത്തിന്റെ പരിഗണനയില്‍ വരും.
രാജ്യത്തെ സാമ്പത്തികസ്ഥിതി, ജമ്മു കാശ്മീരിലെ നിലവിലെ സ്ഥിതി എന്നിവയാകും പ്രതിപക്ഷം പ്രധാനമായി ഗവണ്‍മെന്റിനെതിരെ ഉപയോഗിക്കുക. പഞ്ചാബ് മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകള്‍ നേരിടുന്ന വിഷയം സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കഴിഞ്ഞയാഴ്ച മുംബൈയില്‍ വ്യക്തമാക്കിയിരുന്നു.
സമ്മേളനത്തിനു മുന്നോടിയായി രാജ്യസഭാ ചെയര്‍മാന്‍
എം. വെങ്കയ്യനായിഡു കഴിഞ്ഞ ഞായറാഴ്ച ഒരു സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം സഭയില്‍ ചര്‍ച്ചാ വിഷയമാകും. നിരവധി വര്‍ഷങ്ങള്‍ക്കുശേഷം രാജ്യസഭയില്‍ ഇപ്പോള്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമുണ്ട്. ബിജു ജനതാദള്‍, തെലങ്കാന രാഷ്ട്രസമിതി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ പ്രശ്‌നാധിഷ്ഠിത പിന്തുണ ഇപ്പോള്‍ ഭരണകക്ഷിക്കുണ്ട്.
വിദേശികള്‍ വരുത്തിയ കുടിശിക തിരികെ ഈടാക്കുന്നതിന് സഹായകമാകുന്ന Insolvency and Bankruptcy Code ഭേദഗതിയും ശൈത്യകാല സമ്മേളനം ചര്‍ച്ച ചെയ്യും.
ബാങ്കിതര ധനകാര്യ കമ്പനി നിയമഭേദഗതി ചെയ്യുന്ന സെക്ഷന്‍ 227 ന്റെ വിജ്ഞാപനം നടത്താനും കേന്ദ്രം ആലോചിക്കുന്നുണ്ട്. മേല്‍പ്പറഞ്ഞ രീതിയില്‍ വിപുലമായ നിയമ നിര്‍മാണങ്ങളാണ് ശൈത്യകാല സമ്മേളനം പരിഗണിക്കുന്നത്. ക്രിയാത്മകമായ ചര്‍ച്ചകളും ഭേദഗതികളും നിര്‍ദേശിച്ച് പ്രതിപക്ഷ സഹകരണം കൂടി ലഭിച്ചാല്‍ സമ്മേളനം അര്‍ത്ഥവത്താകും.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.

തയ്യാറാക്കിയത് : യോഗേഷ് സൂദ്, മാധ്യമപ്രവര്‍ത്തകന്‍

വിവരണം : ഉദയകുമാര്‍