ശ്രീലങ്കയുടെ ഏഴാമത് പ്രസിഡന്റായി ഗോദബയ രാജപക്‌സ തെരഞ്ഞെടുക്കപ്പെട്ടു

ശ്രീലങ്കയുടെ ഏഴാമത് പ്രസിഡന്റായി ശ്രീ ഗോദബയ രാജപക്‌സ തെരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്ക പൊതുജന പേരമുന അഥവാ എസ്.എല്‍.പി.പി പാര്‍ട്ടിയെ പ്രതിനിധീകരിച്ച ശ്രീ രാജപക്‌സയ്ക്ക് 52.25 ശതമാനം വോട്ടുകള്‍ ലഭിച്ചു. ശ്രീലങ്കന്‍ നഗരമായ അനുരാധപുരിയില്‍ നടന്ന ചങ്ങില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു. രാജപക്‌സയുടെ വിജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുളള ലോക നേതാക്കള്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഉളള പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ശ്രീ രാജ്പക്‌സയ്ക്കയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. രാജപക്‌സയുടെ കഴിവുറ്റ നേതൃത്വത്തില്‍ ശ്രീലങ്കന്‍ ജനത, സമാധാനത്തിന്റെയും, സമൃദ്ധിയുടെയും, സാഹോദര്യത്തിന്റെയും പാതയില്‍ മുന്നേറുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ഉളള ചരിത്രപരവും നാഗരികവുമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ശ്രീലങ്കയിലെ ഭാവി ഗവണ്‍മെന്റുമായി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ശ്രീ മോദി ആവര്‍ത്തിച്ചു. വികസനവും, സുരക്ഷയും ഉറപ്പാക്കുന്നതിനായി ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുളള സന്നദ്ധത ശ്രീ രാജ്പക്‌സയും പങ്കുവച്ചു.
വികസന-സുരക്ഷാ കാര്യങ്ങളില്‍ ഇന്ത്യ ശ്രീലങ്കയുടെ നിര്‍ണ്ണായക പങ്കാളിയായി മാറി. മഹീന്ദ്രരാജ്പക്‌സ ഗവണ്‍മെന്റിന്റെ രണ്ടാംവട്ട ഭരണകാലത്ത് ഇന്ത്യയും ലങ്കയും തമ്മിലുളള ബന്ധങ്ങള്‍ തകര്‍ച്ചയിലായി. ദ്വീപ് രാഷ്ട്രീയത്തില്‍ ദേശീയ ഐക്യ ഗവണ്‍മെന്റിന്റെ കാലത്താണ് ഇരു രാജ്യങ്ങളും തമ്മിലുളള പരസ്പര ധാരണ പുനസ്ഥാപിതമായത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളിലാണ് ഒപ്പിട്ടത്. എന്നാല്‍ ആഭ്യന്തര എതിര്‍പ്പും ലങ്കയിലെ ഭരണപരമായ തടസ്സങ്ങളും കാരണം ഇവയില്‍ പലതും നടപ്പാക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. ആ ധാരണാ പത്രങ്ങളുടെ വിധി ഇപ്പോള്‍ ശ്രീ ഗോദബയ രാജപക്‌സെയുടെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെയും സമീപനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
ശ്രീലങ്കയില്‍ ഇന്ത്യന്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാലതാമസം, ശ്രീലങ്കയില്‍ ചൈനയുടെ തന്ത്രപരമായ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കല്‍, തുടങ്ങിയവ ഇന്ത്യയുടെ സുരക്ഷയെ പ്രതികൂലമായി ബാധിച്ചേക്കാം. അതുപോലെ ശ്രീലങ്കന്‍ തമിഴരുടെ രാഷ്ട്രീയ അനുരഞ്ജനത്തിന്റെ അഭാവം ഇന്ത്യാ-ശ്രീലങ്ക ബന്ധത്തെയും ബാധിച്ചു.
ശ്രീ ഗോദബയയുടെ വിജയത്തോടെ രാജപക്‌സ കുടുംബം ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. രാജ്പക്‌സ സഹോദരന്മാരുടെ പുതിയ ഭരണം ആശങ്കജനകമായ പ്രധാന വെല്ലുവിളികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് കാണേണ്ടത്. ബീജിംഗുമായി നല്ല അടുപ്പത്തിലാണ് രാജ്പക്‌സകള്‍.
മഹീന്ദ്ര രാജപക്‌സയുടെ ഭരണകാലത്ത് ശ്രീ ഗോദബായ പ്രതിരോധ സെക്രട്ടറിയായിരുന്നു. അന്ന് ഇന്ത്യാ-ശ്രീലങ്കാ സുരക്ഷാ ആശങ്കകള്‍ അവഗണിക്കപ്പെട്ടിരുന്നു. എങ്കിലും ഭരണത്തില്‍ തിരിച്ചെത്തിയാല്‍ അവ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അവര്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. പ്രതിരോധ സെക്രട്ടറിയായിരിക്കെ ഗോദബായ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. എങ്കിലും മനുഷ്യാവകാശ ലംഘനം, സിംഹള-ബുദ്ധമത ദേശീയ തീവ്രവാദ-സമുദായിക ഗ്രൂപ്പുകളെ പിന്‍തുണയ്ക്കല്‍ എന്നിവ രാജപക്‌സകള്‍ക്കുണ്ടെന്ന കാര്യം ഉന്നയിച്ച്, 2019 ലെ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ വലിയൊരു വിഭാഗം വോട്ടുകള്‍ എതിര്‍പക്ഷത്തുളള സാജിത് പ്രേമദാസക്ക് പോയിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു എന്നിരുന്നാലും ശ്രീലങ്കയിലെ എല്ലാ വിഭാഗം ജനതയുടെയും ഉന്നമനത്തിനായി താന്‍ പ്രസിഡന്റാകുമെന്ന് ശ്രീ ഗോദബയ രാജപക്‌സ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ഭീകരാക്രമണ പരമ്പരയെ തുടര്‍ന്ന് തകര്‍ന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തിരിച്ച് വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ തന്റെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ശ്രീ ഗോദബയ രാജപക്‌സ പറഞ്ഞു. എന്നാല്‍ ലങ്കയിലെ തമിഴ് സമൂഹത്തോടുളള രാജപക്‌സയുടെ സമീപനം ഇന്ത്യ ശ്രദ്ധയോടെ വീക്ഷിക്കും. ഇന്ത്യ- ശ്രീലങ്കാ ഉഭയകക്ഷി ബന്ധത്തിന്റെ നിര്‍ണ്ണായക വിഷയമാണ് ശ്രീലങ്കയിലെ തമിഴ് ജനത.
സുരക്ഷയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം ഗോദബയ രാജപക്‌സയുടെ നേതൃത്വത്തില്‍ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. ശ്രീലങ്കയിലെ ആഭ്യന്തര വിഷയങ്ങള്‍ ഇന്ത്യ-ശ്രീലങ്കാ ബന്ധത്തെ ഏറെ സ്വാധീനിക്കാറുണ്ട്. അതിനാല്‍ തമിഴ് ന്യൂനപക്ഷങ്ങളോടുളള രജപക്‌സയുടെ സമീപനവും, മനുഷ്യാവകാശ വിഷയങ്ങളും മുഴുവന്‍ ജനതയേയും അനുരഞ്ജനത്തിലൂടെ ഒരുമിച്ചു കൊണ്ടു പോകുന്നതിനുളള ശ്രമങ്ങളും മറ്റും വരും ദിനങ്ങളില്‍ ഇന്ത്യ ശ്രദ്ധയോടെ വീക്ഷിക്കും. ഗോദബയ രാജപക്‌സയുടെ നേതൃത്വത്തില്‍ പക്ഷപാതമില്ലാത്ത തുല്യതയുളള വിദേശനയം ശ്രീലങ്കന്‍ ഗവണ്‍മെന്റ് പിന്തുടരുകയാണെങ്കില്‍ ഇന്ത്യാ-ശ്രീലങ്കാ ഉഭയകക്ഷി ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചേരും.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.

തയ്യാറാക്കിയത് : ഡോ. ഗുല്‍ബില്‍ സുല്‍ത്താന, ഐ.ഡി.എസ്.എ അവലോകന വിദഗ്ധ

വിവരണം : പി.എസ്.തുളസിദാസ്