ഇന്ത്യ-ഭൂട്ടാന്‍ ബന്ധം കൂടുതല്‍ വളര്‍ച്ചയ്ക്ക് വേണ്ടി

ഭൂട്ടാന്‍ വിദേശകാര്യമന്ത്രി വ്യോന്‍പോ തണ്ടി ഡോര്‍ജിയുടെ ഒരാഴ്ചത്തെ നീണ്ട ഇന്ത്യ സന്ദര്‍ശനം, ഇരു രാജ്യങ്ങള്‍ക്കിടയിലെ സഹകരണത്തിന് പുതിയ മാനം നല്‍കിയിരിക്കുകയാണ്. തന്റെ സന്ദര്‍ശനത്തിനിടെ, ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്താനും, ഇന്ത്യ-ഭൂട്ടാന്‍ ബന്ധത്തിന്റെ വിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്യാനും ഡോ.ഡോര്‍ജി ശ്രദ്ധിക്കുകയും ചെയ്തു. വികസന പങ്കാളിത്തം, സാമ്പത്തിക ജലവൈദ്യുത മേഖലകളിലെ സഹകരണം എന്നിവ ഇരുവരുടെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയങ്ങളാവുകയും ചെയ്തു.

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുമായും, ഡോ.ഡോര്‍ജി ചര്‍ച്ച നടത്തിയിരുന്നു. ഡല്‍ഹിയ്ക്കു പുറമേ, ബീഹാറിലെ ബോധ്ഗയ, രാജ്ഗീര്‍ എന്നീ സ്ഥലങ്ങളും ഭൂട്ടാന്‍ വിദേശകാര്യമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് കല്‍ക്കട്ടയിലേക്കു പോകുന്ന അദ്ദേഹം, പശ്ചിമബംഗാള്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെയും ഭൂട്ടാന്റെയും ഉന്നത തലനേതൃത്വങ്ങള്‍ തമ്മില്‍ സ്ഥിരമായി കൂടിക്കാഴ്ചകള്‍ നടത്താറുള്ളതാണ്. ഇതേ കീഴ്‌വഴക്കം തന്നെയാണ് ശ്രീ.ഡോര്‍ജിയും പിന്തുടരുന്നതും. ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടയ് ഷെറിംഗിനു കീഴില്‍ ഡി.എന്‍.ടി പാര്‍ട്ടി, ഒരു വര്‍ഷം തികച്ചത്, ഈ മാസം ഏഴിനായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭൂട്ടാന്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷക്കാലം, ഷെറിംഗ് ഭരണകൂടം, സാമ്പത്തികപരമായ നിരവധി വെല്ലുവിളികളിലൂടെയാണ് കടന്നു പോയത്. ആരോഗ്യമേഖലയിലടക്കമുള്ള വികസന പദ്ധതികള്‍ക്കാവശ്യമായ പണം കണ്ടെത്തുന്നത് ഷെറിംഗ് ഭരണകൂടത്തിന് പലപ്പോഴും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഭൂട്ടാന്റെ പന്ത്രണ്ടാം പദ്ധതി പ്രകാരം, 13 ബില്ല്യണ്‍ ഭൂട്ടാന്‍ കറന്‍സി വേണ്ടിടത്ത് കേവലം 3.5 ബില്ല്യണ്‍ ഭൂട്ടാന്‍ നഗള്‍ട്രം മാത്രമാണ് വിദേശകാര്യമന്ത്രാലയം നീക്കിവച്ചത്.
നിരവധി സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍, ഷെറിംഗ് ഭരണകൂടം രാജ്യത്ത് നടപ്പാക്കുന്നുണ്ട് എന്നത് ശരിതന്നെ, പക്ഷെ, വിദേശകടങ്ങള്‍ വര്‍ദ്ധിക്കുന്തും, വ്യാപാരകമ്മി ഉയരുന്നതും നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍-വിദേശനാണ്യം എന്നിവ കുറയുന്നതും, ഭരണകൂടത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.
തങ്ങളുടെ സാമ്പത്തിക സൂചികകളിലെ ഇടിവിനൊരു കാരണം, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തളര്‍ച്ചയാണെന്ന് ഒരു ധാരണ തന്നെ തിംപുവിലുണ്ട്.
ഇന്ത്യയും ഭൂട്ടാനും തമ്മില്‍, പുരാതനവും അപൂര്‍വ്വവുമായ ബന്ധമാണ് നിലവിലുള്ളത്. പരസ്പരം മനസ്സിലാക്കിയും വിശ്വാസം വച്ചുപുലര്‍ത്തിയും തന്നെയാണ് ഇരു രാജ്യങ്ങളും ഈ ബന്ധം വളര്‍ത്തിയെടുത്തതും. നാല് മാസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാന്‍ സന്ദര്‍ശിച്ചിരുന്നു.
അയല്‍പക്കം ആദ്യമെന്ന നയത്തിന്റെ ചുവടുപിടിച്ച് സ്ഥാനമേറ്റയുടന്‍ തന്നെ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും ഭൂട്ടാനിലെത്തിയിരുന്നു. അതാകട്ടെ ഡോ.ജയശങ്കറുടെ, വിദേശകാര്യമന്ത്രിയായുള്ള ആദ്യ വിദേശരാജ്യ സന്ദര്‍ശനവുമായിരുന്നു. ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടെയ് ഷെറിംഗും, സ്ഥാനമേറ്റയുടന്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
1968-ലാണ് ഇന്ത്യയും ഭൂട്ടാനും തമ്മില്‍ നയതന്ത്ര ബന്ധം നിലവില്‍ വരുന്നത്. അന്നു മുതല്‍ ഇന്നു വരെ ദക്ഷിണേഷ്യയിലെ, ഏറ്റവും നല്ല അയല്‍പക്ക ബന്ധങ്ങളിലൊന്നായി അത് നിലനില്‍ക്കുകയും ചെയ്യുന്നു. പക്വതയാര്‍ന്നതും, പരസ്പരവിശ്വാസത്തിലധിഷ്ഠിതവുമായ ഒരു ബന്ധമാണ് നമുക്കും ഭൂട്ടാനുമിടിയിലുള്ളത്.
1949-ല്‍ ഒപ്പു വയ്ക്കപ്പെട്ടതും 2007 ഫെബ്രുവരിയില്‍ കലോചിതമായി പരിഷ്‌ക്കരിക്കപ്പെട്ടതുമായ ഇന്ത്യ-ഭൂട്ടാന്‍ സൗഹൃദ-സഹകരണ ഉടമ്പടിയാണ്, ഇന്ത്യ ഭൂട്ടാന്‍ ബന്ധത്തിന്റെ അടിത്തറ.
തുറന്ന അതിര്‍ത്തി സുരക്ഷാ സഹകരണം, പൗരന്മാര്‍ തമ്മില്‍ ആഴത്തിലുള്ള സഹകരണം തുടങ്ങിയവയ്ക്ക് ഈ ഉടമ്പടി വഴിതുറക്കുകയും ചെയ്തു. ഇന്ത്യയും ഭൂട്ടാനും തമ്മില്‍ നിരവധി വ്യത്യാസങ്ങള്‍ ഉണ്ടെന്നത് ശരിതന്നെ. പക്ഷെ അതെല്ലാം മനസ്സിലാക്കിക്കൊണ്ട് സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പങ്കാളിത്വത്തിലും, ജനാധിപത്യ മൂല്യങ്ങള്‍ അരക്കിട്ടുറപ്പിക്കാനുള്ള ശ്രമങ്ങളിലും പ്രാദേശിക സമാധാനം ഉറപ്പാക്കുന്നതിലും പരസ്പരം ആശ്രയിച്ച് മുന്നോട്ടു പോവാനും ഇരുവരും ശ്രദ്ധിക്കുന്നു.
ജലവിഭവം, ചരക്കു നീക്കങ്ങള്‍, സാമ്പത്തിക സഹകരണം, സുരക്ഷ, അതിര്‍ത്തിയിലെ കാര്യനിര്‍വ്വഹണം, തുടങ്ങിയ വിഷയങ്ങളില്‍ ഇപ്പോള്‍തന്നെ ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ഉടമ്പടികള്‍ നിലനില്‍ക്കുന്നു. ഭൂട്ടാനിലെത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നാണ്. 2018-ല്‍ മാത്രം, ഭൂട്ടാന്‍ സന്ദര്‍ശിച്ച ദക്ഷിണേഷ്യന്‍ വംശങ്ങളില്‍ പകുതിയിലേറെപ്പേരും നമ്മുടെ രാജ്യത്തു നിന്നായിരുന്നു. എന്നാല്‍, ഇനി മുതല്‍, ഇന്ത്യന്‍ വിനോദ സഞ്ചാരികളില്‍ നിന്നും സുസ്ഥിര വികസന ഫീസ് ഈടാക്കുമെന്ന് ഭൂട്ടാന്‍ അറിയിച്ചിട്ടുണ്ട്. പെര്‍മിറ്റ് ലഭിക്കുന്നതിന് നല്‍കേണ്ട തുകയ്ക്ക് പുറമേയാണിത്. പരിസ്ഥിതി ലോല പ്രദേശമായ ഭൂട്ടാനില്‍, സുസ്ഥിര വികസനത്തില്‍ അധിഷ്ഠിതമായ വിനോദസഞ്ചാരം വളര്‍ത്തുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.
രാഷ്ട്രീയപരവും, മതപരവുമായ പ്രത്യേകതകളും ഭൂട്ടാന്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനു പിന്നിലുണ്ട്. ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കാനും, നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനും ഈ സഹകരണം ലക്ഷ്യമിടുന്നു.
ഇന്ത്യ-ഭൂട്ടാന്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നത്, ഇരു വിദേശകാര്യമന്ത്രിമാരും ചര്‍ച്ച ചെയ്തു. കാലാവസ്ഥ, വ്യതിയാനം, അടിസ്ഥാന സൗകര്യ വികസനം, സുരക്ഷാ വിഷയങ്ങള്‍ തുടങ്ങിയവയിലെ സഹകരണവും ഇരുവരും ചര്‍ച്ച ചെയ്തു.
ഭൂട്ടാന്റെ പന്ത്രണ്ടാമത് പഞ്ചവത്സര പദ്ധതിക്ക് നാം നല്കുന്ന സാങ്കേതിക സാമ്പത്തിക സഹായങ്ങളും കൂടിക്കാഴ്ചയില്‍ വിഷയങ്ങളായി.
ആഗോള-പ്രാദേശിക വികസനങ്ങള്‍ക്കനുസരിച്ച് ഇന്ത്യ-ഭൂട്ടാന്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ഇരു മന്ത്രിമാരും പരസ്പരം സമ്മതം അറിയിക്കുകയും ചെയ്തു.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.

 

തയ്യാറാക്കിയത് : ഡോ. നിഹാര്‍ ആര്‍.നായക്,
ഗവേഷകന്‍, ഐ.ഡി.എസ്.എ
വിവരണം : ഷീജ.റ്റി.ആര്‍