ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം

ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കര്‍ കഴിഞ്ഞയാഴ്ച ശ്രീലങ്ക സന്ദര്‍ശിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്

ഗോട്ടബയ രാജപക്‌സെയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ സന്ദര്‍ശിക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം വിദേശകാര്യമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റിനെ അറിയിച്ചു. ക്ഷണം സ്വീകരിച്ച ഗോട്ടബയ ഈ മാസം 29-ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ പ്രസിഡന്റായ ശേഷമുളള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ശ്രീലങ്കയില്‍ പുതിയ ഗവണ്‍മെന്റ് അധികാരത്തിലേറിയ പശ്ചാത്തലത്തിലുളള
വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം ആ രാജ്യവുമായുളള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യ ഒരുക്കമാണെന്നുളളതിന് തെളിവാണ്. ഇന്ത്യയെക്കൂടാതെ അമേരിക്ക, പാകിസ്ഥാന്‍, ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഗോട്ടബയ രാജപക്‌സെയെ അഭിനന്ദനം അറിയിച്ചു. ശ്രീലങ്കയിലെ മനുഷ്യാവകാശ പ്രതിബദ്ധതകളെ മാനിക്കണമെന്ന് പുതിയ പ്രസിഡന്റിനോട് യൂറോപ്യന്‍ യൂണിയന്‍ അഭ്യര്‍ത്ഥിച്ചു.
ഗോട്ടബയയുടെ നിര്‍ണ്ണായകമായ ഈ വിജയം ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ പൊതുജന പെരുമന പാര്‍ട്ടി ഒരു ഏകീകൃത ശക്തിയായി തീരാന്‍ ഇടയാക്കും. മുന്‍ പ്രസിഡന്റും ഗോട്ടബയയുടെ സഹോദരനുമായ മഹീന്ദരാജപക്‌സെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തിട്ടുണ്ട്. ആഭ്യന്തര യുദ്ധാനന്തരം ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളിലും ശ്രീലങ്കയിലെ വംശീയ പ്രശ്‌നങ്ങളിലും ഇന്ത്യയ്ക്ക് അതീവ ഉത്കണ്ഠയാണുളളത്. എന്നാല്‍ ഇന്ത്യയുടെ ഉത്കണ്ഠ ശ്രീലങ്ക കാര്യമാക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ശ്രീലങ്കന്‍ ഗവണ്‍മെന്റുമായി ഇന്ത്യയ്ക്ക് കൂടുതല്‍ അടുത്ത് ഇടപഴകേണ്ടി വരുന്നത്. എങ്കിലും എല്‍.ടി.ടിയുമായുളള നാലാം യുദ്ധകാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോട്ടബയ രാജപക്‌സെയുമായി ഇന്ത്യയ്ക്ക് അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. ഉദ്ദ്യോഗസ്ഥതലത്തിലുളള ഈ സംവിധാനം എല്‍.ടി.ടിയെ തുരത്തുന്നതിനാണ് ഉപയോഗപ്പെടുത്തിയത്. ശ്രീലങ്കയും ഈ സംവിധാനത്തില്‍ സംതൃപ്തരായിരുന്നു. മാത്രമല്ല ഇന്ത്യയുമായുളള സഹകരണം തുടരാന്‍ അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഉയരുന്ന പുതിയ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയുടെ ദേശീയ സുരക്ഷ ശക്തമാക്കാന്‍ ഇന്ത്യയുമായുളള ബന്ധം അവര്‍ക്ക് അത്യാവശ്യമാണ്.
ശ്രീലങ്കയുടെ ദേശീയ സുരക്ഷയ്ക്കായും സാര്‍ക്ക്-ബിംസ്റ്റെക്ക് രാജ്യങ്ങളുമായുളള ബന്ധം നിലനിര്‍ത്തുന്നതിനും ഇന്ത്യയുമായുളള സൗഹൃദം ശക്തമാക്കുമെന്ന് എസ്.എല്‍.പി.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കയ്ക്ക് എതിരായ ഐക്യരാഷ്ട്ര പ്രമേയത്തെ മാനിക്കില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എസ്.എല്‍.പി.പി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഈ വിഷയങ്ങളില്‍ ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കയെ ഇന്ത്യ പിന്തുണച്ചിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ സങ്കീര്‍ണ്ണമായ ഈ പ്രശ്‌നങ്ങളില്‍ പോംവഴി കണ്ടെത്താന്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതും ആവശ്യമാണ്.
തുറമുഖ അടിസ്ഥാന സൗകര്യ വികസനം, തുറമുഖങ്ങളുടെ നിരീക്ഷണം, എന്നിവ സംബന്ധിച്ചുളള ഇന്ത്യയുടെ ആശങ്കകളില്‍ ശ്രീലങ്കന്‍ ഗവണ്‍മെന്റ് പ്രതികരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് സംരംഭത്തിന്റെ മുഖ്യ പങ്കാളിയാണ് ശ്രീലങ്ക. സിരിസേന ഗവണ്‍മെന്റ് 2017ല്‍ ഹമ്പന്‍ടോട്ട തുറമുഖം ചൈനയ്ക്ക് 99-വര്‍ഷത്തേയ്ക്ക് പാട്ടത്തിന് കൊടുത്തത് എസ്.എല്‍.പി.പി എതിര്‍ത്തിരുന്നു. അധികാരത്തിലെത്തിയാല്‍ ഒപ്പുവച്ച കരാറുകള്‍ പുനരവലോകനം ചെയ്യുമെന്ന് എസ്.എല്‍.പി.പി അന്ന് പ്രഖ്യാപിച്ചിരുന്നു.
ഗാലെ, കന്‍കേശന്‍തുറൈ, ട്രിങ്കോമാലി തുറമുഖങ്ങളും മറ്റാല, കട്ടുനായകെ വിമാനത്താവളങ്ങളും വികസിപ്പിക്കുന്നതുള്‍പ്പെടെ ദേശീയ സാമ്പത്തിക പുനരുജ്ജീവനം എസ്.എല്‍.പി.പി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാഴ്ച്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ ഏറ്റവും അടുത്ത ഏഷ്യന്‍ അയല്‍ക്കാരിലേയ്ക്ക് ഉറ്റുനോക്കുകയാണ് ശ്രീലങ്ക. പുതിയ ശ്രീലങ്കന്‍ ഗവണ്‍മെന്റിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്ക് ഇതിലൂടെ അവസരം ലഭിക്കും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗോട്ടബയയെ അഭിനന്ദിച്ച ചൈന ഉഭയകക്ഷി വിഷയങ്ങളിലെ വര്‍ദ്ധിച്ച പുരോഗതിക്കും BRI യ്ക്ക് കീഴിലുളള ഉന്നതനിലവാരത്തിലുളള പദ്ധതികളിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അതിനാല്‍ ചൈനയുടെ നേതൃത്വത്തിലുളള പദ്ധതികളില്‍ ഇതിനകം എടുത്തിട്ടുളള തീരുമാനങ്ങളുമായി പുതിയ ഗവണ്‍മെന്റ് മുന്നോട്ട് പോകും. കടക്കെണിയിലാണെങ്കിലും ശ്രീലങ്കയുടെ പ്രമുഖ വികസന-നയതന്ത്ര പങ്കാളിയാണ് ചൈന എന്നതിനാലാണിത്. ചൈനയുടെ BRI പദ്ധതികളില്‍ ഇന്ത്യ താത്പര്യം കാണിച്ചിട്ടില്ലെന്ന് മാത്രമല്ല, കണക്കുകളുടെ അടിസ്ഥാനത്തില്‍ പദ്ധതിയെ നിരന്തരം എതിര്‍ക്കുകയും ചെയ്യുന്നു.
2015-നു ശേഷമുളള നാലു വര്‍ഷക്കാലം ഐക്യ ഗവണ്‍മെന്റ് സ്വീകരിച്ച നയപരമായ തീരുമാനങ്ങളെ ജനങ്ങള്‍ സ്വീകരിച്ചില്ലെന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, വിദേശനയ മണ്ഡലങ്ങളില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ശ്രീലങ്കയിലെ പുതിയ ഗവണ്‍മെന്റ് രൂപീകരണത്തെ തുടര്‍ന്നുണ്ടാകുന്ന അവസരങ്ങളും വെല്ലുവിളികളും പ്രയോജനപ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിയണം. പുതിയ ശ്രീലങ്കന്‍ നേതൃത്വത്തെ ആശ്രയിച്ചായിരിക്കും കൂടുതല്‍ കാര്യങ്ങളും സംഭവിക്കുക. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം വളരെയടുത്ത രണ്ട് അയല്‍ രാജ്യങ്ങളുടെയും ഉഭയകക്ഷി പ്രാദേശിക സഹകരണത്തിന്റെ ഭാവിയിലേയ്ക്ക് വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങള്‍കേട്ടത് വാര്‍ത്താവലോകനം.

തയ്യാറാക്കിയത് : ഡോ.എം.സമത

നയതന്ത്ര വിശകലനവിദഗ്ധ
വിവരണം : അനില്‍കുമാര്‍.എ