‘പാര്‍ലമെന്റില്‍ പോയ വാരം’

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചു. രാജ്യസഭയുടെ 250-ാമത് സമ്മേളന ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ശീതകാല സമ്മേളനത്തിന് തുടക്കമായത്. മൂന്നാഴ്ചയോളം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ പ്രധാന പ്രത്യേകതയും ഇതുതന്നെയാണ്. ദേശീയ കാഴ്ചപ്പാടും പ്രാദേശിക താല്‍പ്പര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തെ അഭിസംബോധന ചെയ്യവേ അംഗങ്ങളോട് ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ പരിശോധനകള്‍ക്കും സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഉപരിസഭ അനിവാര്യമാണ്. അതേസമയം പരിശോധനയും തടസ്സപ്പെടുത്തലും തമ്മില്‍ വ്യത്യാസമുണ്ടെന്നും ശ്രീ. മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം ഉപരിസഭയില്‍ മനോഹരമായി പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരിഷ്‌കാരങ്ങളുടെ പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഭരണഘടന രൂപപ്പെടുത്തിയവര്‍, ഇരുസഭകള്‍ അടങ്ങിയ ചട്ടക്കൂട് ആവിഷ്‌ക്കരിച്ചു. ഈ കാഴ്ചപ്പാട് രാജ്യത്തിന്റെ ജനാധിപത്യത്തെ സമ്പന്നമാക്കി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും അകന്നു നില്‍ക്കുന്നവര്‍ക്ക് രാജ്യത്തിനും അതിന്റെ വികസനത്തിനും സംഭാവന നല്‍കാന്‍ രാജ്യസഭ അവസരമൊരുക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക പരിവര്‍ത്തനത്തില്‍ രാജ്യസഭയ്ക്ക് വലിയ പങ്കാണുള്ളതെന്ന് ഉപാദ്ധ്യക്ഷന്‍ എം.വെങ്കയ്യ നായിഡു പറഞ്ഞു.
കഴിഞ്ഞ 6 മാസത്തിനിടെ 13000 ത്തോളം വിദേശികള്‍ ഉള്‍പ്പെടെ 35 ലക്ഷത്തോളം സഞ്ചാരികള്‍ ജമ്മു-കാശ്മീര്‍ സന്ദര്‍ശിച്ചതായി ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി പറഞ്ഞു. ലോക്‌സഭയില്‍ എഴുതി തയ്യാറാക്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇക്കാലയളവില്‍ ടൂറിസത്തിലൂടെ സംസ്ഥാന ഗവണ്‍മെന്റ് 25 കോടി രൂപയുടെ നേട്ടമുണ്ടാക്കി.
ജമ്മു-കാശ്മീരില്‍ അനുച്ഛേദം 370 റദ്ദാക്കിയതിനുശേഷം കല്ലെറിയല്‍ സംഭവങ്ങള്‍ക്ക് കുറവുണ്ടായതായും മന്ത്രി പറഞ്ഞു. കല്ലെറിയലും ക്രമസമാധാനവുമായും ബന്ധപ്പെട്ട് 190 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും ലോക്‌സഭയില്‍ എഴുതി തയ്യാറാക്കിയ മറുപടിയില്‍ ശ്രീ. കിഷന്‍ റെഡ്ഡി അറിയിച്ചു. 2019 ആഗസ്റ്റ് 5 മുതല്‍ നവംബര്‍ 15 വരെയുള്ള കണക്കാണിത്.
ജമ്മു-കാശ്മീരിലെ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാണെന്നും 195 പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എല്ലാ പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന അധികൃതരുടെ ശുപാര്‍ശ പ്രകാരം ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിക്കുന്നതിനുള്ള തീരുമാനം ഉചിതമായ സമയത്ത് കൈക്കൊള്ളുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യസഭയിലെ അനുബന്ധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ശ്രീ. അമിത്ഷാ. അനുച്ഛേദം 370 റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ചതിനുശേഷം പൊലീസ് വെടിവെയ്പില്‍ ഒരു മരണം പോലും സംഭവിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ എല്ലാ ഭാഷകള്‍ക്കും തുല്യപ്രാധാന്യം ഭരണഘടന നല്‍കുന്ന സാഹചര്യത്തില്‍ ‘ഒരു രാഷ്ട്രം – ഒരു ഭാഷ’എന്നതിനുള്ള ഒരു നിര്‍ദ്ദേശവും ഗവണ്‍മെന്റ് അംഗീകരിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ ഗവണമെന്റിന്റെ നിലപാട് വ്യക്തവും സ്ഥിരവുമാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഭാഗങ്ങളിലൂടെ കടന്നുപോകുന്നതാണ് ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി. പാകിസ്ഥാന്‍ അധിനിവേശ പ്രദേശത്ത് കൂടെ കടന്നുപോകുന്ന ഓണ്‍ ബെല്‍റ്റ് ഓണ്‍ റോഡ് പദ്ധതി ഇന്ത്യക്ക് ആശങ്കയുളവാക്കുന്നതായും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ കണക്ടിവിറ്റി സംരംഭങ്ങള്‍, സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കണമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യയെന്നും ശ്രീ. വി.മുരളീധരന്‍ പറഞ്ഞു.
ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ചും ലോക്‌സഭ ചര്‍ച്ച നടത്തി മലിനീകരണം ഗൗരവമേറിയ വിഷയം തന്നെയാണെന്നും അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിന് അതീതമായി പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്നും അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കുന്നതിനായി അംഗങ്ങള്‍ വിവിധ നിര്‍ദ്ദേശങ്ങളും മുന്നോട്ടു വച്ചു. കര്‍ഷകരെ സാമ്പത്തികമായി ശാക്തീകരിക്കുക, വായു ശുദ്ധീകരണ ടവറുകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഇതില്‍പെടുന്നു.

തയ്യാറാക്കിയത് : വി.മോഹന്‍ റാവു
മാധ്യമ പ്രവര്‍ത്തകന്‍
വിവരണം : വിനോദ് കുമാര്‍