ജപ്പാനില്‍ നടന്ന ജി-20 വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച

ലോകത്തിലെ ഏറ്റവും വലിയ വികസിതവും വികസ്വരവുമായ ഇരുപത് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20 രാഷ്ട്രങ്ങള്‍. 19 അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും അടങ്ങുന്നതാണ് ഈ കൂട്ടായ്മ. ഈ വര്‍ഷം ഒസാക്കയില്‍ നടന്ന ജി-20 രാഷ്ട്രങ്ങളുടെ പതിനാലാമത് ഉച്ചകോടിയ്ക്കുശേഷം അതിന്റെ തുടര്‍ച്ചയായി നടന്ന വിദേശമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ജപ്പാനിലെ നഗോയ നഗരമാണ് വേദിയായത്. വിദേശകാര്യ മന്ത്രി ഡോക്ടര്‍ എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഇതില്‍ പങ്കെടുത്തത്. അന്താരാഷ്ട്ര തലത്തിലെ നിലവിലെ സ്ഥതിഗതികളും ആഗോള സമ്പദ്ഘടനയിലുണ്ടാകുന്ന മാന്ദ്യത്തിന്റെ സാഹചര്യങ്ങളേയും കുറിച്ച് മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.
ലോക വ്യപാര സംഘടനയുടെ അടിയന്തിര പരിഷ്‌ക്കരണമാണ് മന്ത്രിമാര്‍ ആവശ്യപ്പെട്ടതെന്നാണ് വിദേശമന്ത്രിതല കൂടിക്കാഴ്ചയ്ക്കുശേഷം ജി-20 വിദേശകാര്യമന്ത്രിമാരുടെ അദ്ധ്യക്ഷന്‍ കൂടിയായ ജപ്പാന്‍ വിദേശകാര്യമന്ത്രി ഷിമിസു മൊട്ടേഗി അറിയിച്ചത്. സംഘടനയുടെ തര്‍ക്ക പരിഹാര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതി കൈവരുത്തണമെന്നും അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇത് ഒസാക്ക ഉച്ചകോടിയിലും രാഷ്ട്രത്തലവന്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഉള്‍പ്പെടുന്ന മറ്റ് 16 അംഗരാജ്യങ്ങള്‍ക്കായി ഏഷ്യാ പസഫിക് സ്വതന്ത്ര വ്യാപാരക്കരാര്‍ സംബന്ധിച്ച കൂടിയാലോചനകളുമായി മുന്നോട്ടുപോവുന്നതായും ഇതിന് അന്തിമരൂപം നല്‍കാന്‍ തീരുമാനിച്ചതായും ഷിമിസു മൊട്ടേഗി വെളിപ്പെടുത്തി. നിലവിലെ സാഹചര്യങ്ങളിലും രൂക്ഷമായ പ്രശ്നങ്ങളിലും സമവായമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ഇത്തരം പ്രശ്നങ്ങളില്‍ തങ്ങളുടെ ഔദ്യോഗിക നിലപാടുകള്‍ വിദേശകാര്യ മന്ത്രിമാര്‍ കുടിക്കാഴ്ചയില്‍ അവതരിപ്പിച്ചു.
2022-ല്‍ ജി-20 ഉച്ചകോടിയ്ക്ക് ഇന്ത്യയാണ് ആതിഥ്യമരുളുന്നത് എന്നിരിക്കെ ലോക സമ്പദ്രംഗത്തെ പുരോഗതിയുടെ പാതയിലെത്തിയ്ക്കാനായി ജി-20 അജണ്ട രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ ധര്‍മ്മം എന്താകുമെന്ന് നിരീക്ഷിച്ചു വരുന്നു. ആഗോള സാമ്പത്തിക സ്ഥാപനങ്ങള്‍ 1999-ല്‍ സ്ഥാപിതമായ ജി-20 ധനകാര്യമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും സമിതി എന്ന നിലയില്‍ നിന്ന് രാഷ്ട്രത്തലവന്മാരുടെ സമിതി എന്ന നിലയിലേയ്ക്ക് 2008-ലാണ് ഉയര്‍ത്തപ്പെട്ടത്. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഫലപ്രദമായി പ്രതികരിയ്ക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനായുള്ള ആഗോള സമിതി എന്ന നിലയില്‍ അന്നുമുതല്‍ പ്രവര്‍ത്തിച്ചുവരികയാണ് ജി-20 കൂട്ടായ്മ. ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 85 ശതമാനവും ചെയ്യുന്നത് ജി-20 രാഷ്ട്രങ്ങളില്‍ നിന്നാണുള്ളത്. ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടുശതമാനവും ഈ രാഷട്രങ്ങളിലാണ്. ഇതുവരെ നടന്നിട്ടുള്ള എല്ലാ ജി-20 ഉച്ചകോടികളിലും പങ്കെടുത്ത ഇന്ത്യ വരാന്‍ പോകുന്ന 17-ാമത് ഉച്ചകോടിയ്ക്ക് ആതിഥ്യമരുളാനുള്ള തയാറെടുപ്പിലാണ്.
ജൂണില്‍ നടന്ന ഒസാക്ക ഉച്ചകോടിയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ നഗോയയിലെ വിദേശമന്ത്രിമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. അമേരിക്ക-ചൈന വ്യാപാര തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് നഗോയയിലെ യോഗം. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ അഭാവത്തില്‍ ചില അംഗരാജ്യങ്ങള്‍ ഏകപക്ഷീയമായ ഉപരോധങ്ങളും വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതി ചുങ്കവും സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി.
ലോകവ്യാപാര സംഘടന മുന്നോട്ടുവെച്ച വിവാദപരമായ പരിഷക്കരണ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമ്മേളനത്തിലൂടെ അംഗരാജ്യങ്ങള്‍ക്ക് അവസരം ലഭിച്ചു.
സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈന, ഒമാന്‍, ജപ്പാന്‍, ഫ്രാന്‍സ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി കൂടിക്കാഴ്ചകള്‍ നടത്തി. ഫ്രഞ്ച് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്തോ-പസഫിക് തന്ത്രപ്രധാന ഭൂപ്രദേശ വിഷയവും ഉള്‍പ്പെട്ടു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ഇന്ത്യാ സന്ദര്‍ശനം ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വിഷയമായി.
ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യയുടെ കാഴ്ചപ്പാട് പ്രകടമാക്കാന്‍ അവസരം ഒരുക്കിത്തരുന്നതായിരുന്നു ജി-20 ഉച്ചകോടി.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.

തയ്യാറാക്കിയത് : രഞ്ജിത് കുമാര്‍
നയതന്ത്രകാര്യ എഡിറ്റര്‍, നവോദയ ടൈംസ്

വിവരണം : ദീപു എസ് എല്‍