ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ കാര്യത്തില്‍ പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്

ചൈന, 2013 ല്‍ തുടക്കമിട്ട ബെല്‍റ്റ് റോഡ് പദ്ധതിയും ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയും ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് വക നല്കുന്നതാണ്. ഇന്ത്യയുടെ പരമാധികാരത്തെയും മേഖലയിലെ സുരക്ഷാ സംതുലിതാവസ്ഥയും ബാധിക്കുമെന്നതാണ് ആശങ്ക. ഉറച്ച നിലപാടാണ് ഇതുസംബന്ധിച്ച് ഇന്ത്യയ്ക്കുള്ളത്. ബെല്‍റ്റ് റോഡ് പദ്ധതിക്കെതിരെ ഇന്ത്യ ആദ്യം തന്നെ രംഗത്തു വന്നിരുന്നു. ഇതിനുപുറമേ ചൈനയില്‍ നടന്ന കഴിഞ്ഞ രണ്ടു ബെല്‍റ്റ് റോഡ് പദ്ധതി കൂട്ടായ്മകളില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ സ്ഥിരതയുള്ള നിലപാടാണ് 2013 മുതല്‍ ഇന്ത്യയ്ക്കുള്ളത്. പാക് അധീന കാശ്മീരിലൂടെയാണ് സാമ്പത്തിക ഇടനാഴി കടന്നു പോകുന്നത് എന്നതാണ് ഇന്ത്യയുടെ അതൃപ്തിക്ക് കാരണമാണ്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും നേരെയുള്ള വെല്ലുവിളിയായാണ് ഇന്ത്യ ഇതിനെ കാണുന്നത്.
ഇന്ത്യയെകൂടാതെ ഒട്ടേറെ രാജ്യങ്ങള്‍ അസംതൃപ്തി വ്യക്തമാക്കി ഇരുപദ്ധതികള്‍ക്കുമെതിരെ രംഗത്തു വന്നിട്ടുണ്ട്. അമേരിക്ക നേരത്തെതന്നെ അസംതൃപ്തി പരസ്യമാക്കിയിരുന്നു. വുഡ്രോ വില്‍സണ്‍ ഇന്റര്‍ നാഷണല്‍ സെന്ററില്‍ നടത്തിയ പ്രഭാഷണത്തില്‍ ദക്ഷിണേഷ്യ കാര്യങ്ങളുടെ ചുമതലയുള്ള യു.എസ്. ആക്ടിംങ് സ്റ്റേറ്റ് സെക്രട്ടറി ആലീസ് വെല്‍സ് ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. ഇന്ത്യയുടെ നിലപാട് സുവ്യക്തമാണെന്നും ഭൗമപരവും, രാഷ്ട്രീയപരവുമായ മാനങ്ങള്‍ പദ്ധതിക്കുണ്ടെന്നും അവര്‍ വ്യക്തമാക്കി. രാജ്യങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഇത്തരം പദ്ധതികളിന്മേലുള്ള ഇന്ത്യയുടെ ആശങ്ക അമേരിക്കയും പങ്കുവയ്ക്കുന്നുവെന്നും വെല്‍സ് അറിയിച്ചു.
ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയും ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഇന്ത്യയുടെ പരമാധികാരത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇന്ത്യയുടെയും അമേരിക്കയുടെയും പൊതു നിലപാടാണ് വെല്‍സ് വ്യക്കമാക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഈ വിഷയത്തിലുള്ള ഏകാഭിപ്രായവും ഇരു രാജ്യങ്ങളുടെയും ആശങ്കകളുമാണ് ഇതില്‍ തെളിഞ്ഞു കാണുന്നത്. ബെല്‍റ്റ് റോഡ് പദ്ധതിക്ക് വിശ്വസനീയവും സ്ഥിരതയുള്ളതുമായ ഒരു ബദല്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യയും ജപ്പാനും, ഏഷ്യ-ആഫ്രിക്ക വളര്‍ച്ചാ ഇടനാഴിയും കൊളംബോ തുറമുഖം വികസിപ്പിക്കാനുള്ള സംയുക്തസംരംഭവും ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടാവുന്നവയാണ്. ഈ ഉദ്യമത്തില്‍ ഇന്ത്യയ്ക്കും ജപ്പാനുമൊപ്പം പങ്കാളിയാകാന്‍ അമേരിക്കയ്ക്കും താല്പര്യമുണ്ട്.
നിലവില്‍ 3.3 ശതമാനം മാത്രം രേഖപ്പെടുത്തുന്ന പാക്‌സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച അടുത്ത സാമ്പത്തിക വര്‍ഷം 2.8 ശതമാനമായി കുറയുമെന്നാണ് സൂചനകള്‍.
ശതകോടികള്‍ ചെലവാക്കപ്പെടുന്ന സാമ്പത്തിക ഇടനാഴി പാകിസ്ഥാനെ വിദേശകടക്കെണിയില്‍ പെടുത്താനാണ് സാധ്യത. 2018 ല്‍ പാകിസ്ഥാന്റെ വിദേശകടം 105 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഈ കാലയളവിലെ പാകിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉല്പാദനം 312 ബില്യണ്‍ ഡോളറാണെന്നോര്‍ക്കണം. സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്താന്‍ ഈ വര്‍ഷം മെയ് മാസത്തില്‍ അന്താരാഷ്ട്ര നാണയനിധിയില്‍ നിന്നും ആറ് ബില്യണ്‍ ഡോളര്‍ പാകിസ്ഥാന്‍ കടമെടുക്കുകയുണ്ടായി. ഇതിനു പുറമേയാണ് സാമ്പത്തിക ഇടനാഴിക്കും, ബെല്‍റ്റ് റോഡ് പദ്ധതിക്കുമായി സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള വായ്പകള്‍. എന്നാല്‍ ചൈന-പാകിസ്ഥാന്‍ അധികൃതര്‍ അലീസ് വെല്‍ഡിന്റെ പ്രസ്താവനകളെ തളളിക്കളയുകയും, പദ്ധതി മികച്ചതാണെന്നു വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന പാകിസ്ഥാന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച വെല്‍സിന്റെ അഭിപ്രായ പ്രകടനം വളരുന്ന ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ സൂചനയായും കരുതപ്പെടുന്നുണ്ട്. ഈ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനവും തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നടത്തിയ സന്ദര്‍ശനവും തുടര്‍നീക്കങ്ങളും ഇന്ത്യ-അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും താല്പര്യങ്ങളും പ്രതീക്ഷകളും ഭാവി പദ്ധതികളും പ്രതിപാദിക്കുന്നതായിരുന്നു കൂടിക്കാഴ്ചകള്‍. ചൈന- പാകിസ്ഥാന്‍ അച്ചുതണ്ട് ഇന്ത്യയ്ക്ക് ഉയര്‍ത്തുന്ന വെല്ലുവിളികളെ സംബന്ധിച്ച് യു എസ് നയരൂപീകരണ വിദഗ്ധര്‍ക്ക് ഇപ്പോള്‍ വ്യക്തമായ ബോധ്യം ഉണ്ട്.
ഇരുകക്ഷികള്‍ക്കും പ്രയോജനമുള്ള പദ്ധതിയല്ല ഇതെന്നും മറിച്ച് ചൈനയ്ക്ക് മാത്രം പ്രയോജനമുള്ള പദ്ധതിയാണിതെന്നുമാണ് അമേരിക്കയുടെ അഭിപ്രായം.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.

തയ്യാറാക്കിയത് : സന ഹഷ്മി
ചൈനാകാര്യങ്ങളിലെ വിദ്ഗധ
വിവരണം : ഉദയകുമാര്‍