ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അടുത്തമാസം
12 ന് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ബ്രക്സിറ്റിനുള്ള തന്റെ പദ്ധതിയ്ക്കാവശ്യമായ പിന്തുണ പാര്‍ലമെന്റില്‍ നിന്നും ഉറപ്പാക്കുക എന്ന ലക്ഷ്യവും ജോണ്‍സണിന്റെ ഈ നീക്കത്തിന് പിന്നിലുണ്ട്. ഈ നടപടി 2016 ലെ ബ്രക്സിറ്റ് ഹിത പരിശോധനയെ തുടര്‍ന്ന് രാജ്യത്ത് തുടരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് അവസാനം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്.
മുന്‍ പ്രധാനമന്ത്രി തെരേസ മേയും 2017 ല്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മേ നേതൃത്വം നല്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭൂരിപക്ഷം നഷ്ടപ്പെടുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന്, ഡമോക്രാറ്റിക് യൂണിയണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് അവര്‍ ഭരണത്തില്‍ തുടര്‍ന്നത്.
രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മുഖ്യ എതിരാളിയായ ലേബര്‍ പാര്‍ട്ടിയേക്കാള്‍ 19 പോയിന്റുകളുടെ ലീഡാണ് പോളുകള്‍ പ്രവചിക്കുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 47 ശതമാനവും, ലേബര്‍ പാര്‍ട്ടിക്ക്
28 ശതമാനവും, ലിബറല്‍ ഡമോക്രാറ്റിക്കുകള്ക്ക് 12 ശതമാനവും ബ്രക്സിറ്റ് പാര്‍ട്ടിക്ക് മൂന്നു ശതമാനവും വോട്ടു വിഹിതവുമാണ് നിലവിലുള്ളത്. പ്രമുഖ പാര്‍ട്ടികള്‍ എല്ലാം തന്നെ പ്രചാരണത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും ബ്രക്സിറ്റിനാണ്.
അടുത്തവര്‍ഷം ജനുവരി അവസാനത്തോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങി ഒരു പുതിയ ബ്രിട്ടന് രൂപം നല്‍കുകയെന്ന ആശയമാണ് കണ്‍സര്‍വേറ്റീവുകള്‍ പ്രചാരണത്തിലുടനീളം ഉയര്‍ത്തിപ്പിടിക്കുന്നത്. ബ്രക്സിറ്റ് എത്രയും വേഗം നടപ്പാക്കി വിദ്യാലയങ്ങള്‍, പൊലീസ്, ദേശീയ ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവയില്‍ കൂടുതല്‍ ശ്രദ്ധ നല്കാന് തങ്ങള്‍ ആഗ്രഹിക്കുന്നതായും അവര്‍ പറയുന്നു.
രാജ്യത്തെ ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു കൊണ്ട് ആറ് മാസത്തിനുള്ളില്‍ ബ്രക്സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്റെ വാഗ്ദാനം. ഏകവിപണിയെന്ന ആശയത്തോട് ചേര്‍ന്ന് യു.കെ. യ്ക്ക് പ്രത്യേക പരിഗണന നല്‍കിയുള്ളതായിരിക്കും തങ്ങള്‍ സ്വീകരിക്കുന്ന നടപടികളെന്നും ലേബര്‍ പാര്‍ട്ടി പുറത്തിറക്കിയ പ്രകടന പത്രിക ഉറപ്പ് നല്കുന്നു.
എന്നാല്‍, തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പിന്‍വാങ്ങുക അല്ലെങ്കില്‍ തുടരുക എന്ന ആശയത്തെ പിന്തുണയ്ക്കില്ലെന്നും കോര്ബിന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ നിലപാട് കോര്ബിന് തിരിച്ചടിയാവാനും സാധ്യതയുണ്ട്. കാരണം, രാജ്യത്ത് തുടരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് അവസാനം കുറിയ്ക്കാന്‍ ശേഷിയുള്ള ഒരു നേതാവിനെയാണ് ബ്രിട്ടീഷ് ജനത ഉറ്റുനോക്കുന്നത്. അങ്ങനെയൊരു നേതാവിനെയാണ് അവര്‍ക്കാവശ്യം. അധികാരത്തിലെത്തിയാല്‍ അനുച്ഛേദം 50 പിന്‍വലിച്ച്, യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്റെ അംഗത്വം ഉറപ്പാക്കുമെന്നാണ് ലിബറല്‍ ഡമോക്രാറ്റുകളുടെ വാഗ്ദാനം. എന്നാല്‍, ഒരു സംശുദ്ധ ബ്രക്സിറ്റാണ് ബ്രക്സിറ്റ് പാര്‍ട്ടിയുടെ ലക്ഷ്യം.
അതിനിടെ, ബ്രിട്ടീഷ് തെരഞ്ഞെടുപ്പിലേയ്ക്ക് ഇന്ത്യയെ ലേബര്‍ പാര്‍ട്ടി ആവശ്യമില്ലാതെ വലിച്ചിഴക്കുകയും ചെയ്തു. കശ്മീരില്‍ മനുഷ്യാവകാശധ്വംസനം നടക്കുന്നുവെന്നും, സ്വയം നിര്‍ണ്ണയാവകാശം കശ്മീരിലെ പൗരന്മാര്ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഒരു പ്രമേയം സെപ്റ്റംബറില്‍ നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ അവര്‍ പാസാക്കുകയുണ്ടായി.
ഇന്ത്യയെപ്പോലെ, സ്വയംഭരണാവകാശമുള്ള ഒരു സ്വതന്ത്ര രാജ്യത്തിന് നമ്മുടെ ആഭ്യന്തര കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. മാത്രമല്ല അനുച്ഛേദം 370 റദ്ദാക്കിയതിന് ഇന്ത്യയ്ക്കകത്തും പുറത്തും വന്‍ പിന്തുണയാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. കശ്മീര്‍ പോലുള്ള ഒരു വിഷയം തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കൊണ്ടുവരുന്നത് ആവശ്യമില്ലാതെ സംഭ്രമങ്ങള്‍ക്ക് വഴിതുറക്കാനും ഇടയുണ്ട്.
ബ്രക്സിറ്റ് തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച ഇത്തരം തര്‍ക്കങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പോടെ അവസാനം കാണേണ്ടിയിരിക്കുന്നു.
തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഉടമ്പടികളില്ലാതെയുള്ള ബ്രക്സിറ്റിനുള്ള ഒരുക്കങ്ങള്‍ വീണ്ടും തുടരുമെന്ന് ബ്രിട്ടീഷ് മന്ത്രി റിഷി സുനാക്ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ വെളിപ്പെടുത്തല്‍ പ്രധാനമന്ത്രി ജോണ്സന് വെല്ലുവിളി ഉയര്‍ത്താനിടയുണ്ട്.
മാത്രമല്ല, 2020 ഡിസംബര്‍ 31 നു ശേഷമുള്ള യാതൊരുവിധ ചര്‍ച്ചകള്‍ക്കും താന്‍ താത്പര്യപ്പെടുന്നില്ല എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പക്ഷേ, ഈ നിലപാട് യൂറോപ്യന്‍ യൂണിയന് മുന്നോട്ട് വയ്ക്കുന്ന നിലപാടുകള്‍ ഏകപക്ഷീയമായി അംഗീകരിക്കാനോ, ഉടമ്പടികളില്ലാതെ ബ്രക്സിറ്റ് നടപ്പാക്കാനോ ജോണ്‍സണുമേല്‍ സമ്മര്‍ദ്ദമേറുമെന്ന് ഉറപ്പാണ്.
തയ്യാറാക്കിയത് : ഡോ. സംഘമിത്ര ശര്‍മ്മ,
യൂറോപ്യന്‍ വിഷയങ്ങളിലെ നിരീക്ഷകന്
വിവരണം : കരോള്‍ അബ്രഹാം