ബഹിരാകാശ പഥത്തില്‍ ഇന്ത്യന്‍ തിളക്കം

ഐ എസ് ആര്‍ ഒ യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഇന്നലെ രാവിലെ 9.28 നാണ് കാര്‍ട്ടോസാറ്റ് വിക്ഷേപിച്ചത്. വിക്ഷേപണത്തിനുശേഷം 17 മിനിട്ട് പിന്നിട്ടപ്പോള്‍ കാര്‍ട്ടോസാറ്റ്-3 ഭ്രമണപഥത്തിലെത്തി. ഐ എസ് ആര്‍ ഒ. ഭ്രമണപഥത്തിലെത്തിക്കുന്ന ഏറ്റവും ഉയര്‍ന്ന റസല്യൂഷനോട് കൂടിയ സിവിലിയന്‍ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3. പി .എസ്. എല്‍.വി.- സി 47 വിക്ഷേപണ വാഹനമാണ് കാര്‍ട്ടോസാറ്റ്-3 നെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 74-ാമത് വിക്ഷേപണ ദൗത്യമായിരുന്നു ഇത്. കാര്‍ട്ടോസാറ്റ്-3 നൊപ്പം അമേരിക്കയുടെ 13 വാണിജ്യ നാനോസാറ്റ് ലൈറ്റുകളേയും പിഎസ്എല്‍വി-സി 47 ഭ്രമണ പഥത്തിലെത്തിച്ചു.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡുമായി വാണിജ്യ കരാര്‍ പ്രകാരമാണ് അമേരിക്കന്‍ നാനോ സാറ്റലൈറ്റുകളെ ഭ്രമണപഥത്തില്‍ എത്തിച്ചത്. അഞ്ച് വര്‍ഷം കാലാവധിയുള്ള കാര്‍ട്ടോസാറ്റ്-3 ന്റെ ദൗത്യമേഖലകള്‍ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ദുരന്ത നിവാരണം തുടങ്ങിയവയാണ്.
2005 മേയ് മുതല്‍ ഇതുവരെ എട്ട് കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങള്‍ ഇന്ത്യ വിക്ഷേപിച്ചു. കാര്‍ട്ടോസാറ്റ് സിരീസില്‍പ്പെട്ട ഒരു ഉപഗ്രഹവും കാര്‍ട്ടോസാറ്റ്-2 സിരീസില്‍പ്പെട്ട ഏഴ് ഉപഗ്രഹങ്ങളും ഇതില്‍പ്പെടുന്നു. ഇവ ശേഖരിക്കുന്ന വിവരങ്ങള്‍ പ്രതിരോധ മേഖലയ്ക്കാണ് കൂടുതല്‍ പ്രയോജനം ചെയ്യുന്നത്. 1625 കിലോഗ്രാമാണ് കാര്‍ട്ടോസാറ്റ്-3 ന്റെ ഭാരം. അതിവേഗ വിവര കൈമാറ്റം, നൂതന കമ്പ്യൂട്ടര്‍ സംവിധാനം, ശക്തിയേറിയ ഇലക്‌ട്രോണിക്‌സ് സംവിധാനം എന്നിവ കാര്‍ട്ടോസാറ്റ്-3 ന്റെ സവിശേഷതകളാണ്.
ഭൗമനിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റ് സിരീസിലെ 9-ാംമത്തെ ദൗത്യമാണ് കാര്‍ട്ടോസാറ്റ്-3. ഉയര്‍ന്ന റസല്യൂഷന്‍ ഒപ്റ്റിക്കല്‍ ഇമേജിങ്ങ് ശേഷി അവകാശപ്പെടുന്ന മൂന്നാം തലമുറയില്‍പ്പെട്ട ഉപഗ്രഹമാണിത്. അതിര്‍ത്തിമേഖലയിലെ സ്ഥിതിഗതികളെക്കുറിച്ച് സുക്ഷ്മ വിവരങ്ങള്‍ നല്‍കാനും ഇതിന് കഴിയും. മറ്റ് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളേക്കാളും ഉയര്‍ന്ന റസല്യൂഷന്‍ കാര്‍ട്ടോസാറ്റ്-3 വാഗ്ദാനം ചെയ്യുന്നു. 25 സെന്റിമീറ്റര്‍ ഗ്രൗണ്ട് റസല്യൂഷനുള്ള ഇവ യു എസ് കമ്പനിയായ മാക്‌സറിന്റെ ഉടമസ്ഥതയിലുള്ള വോള്‍ വ്യൂ-3 ഉപഗ്രഹത്തേക്കാള്‍ മികച്ചതാണ്. 500 കിലോമീറ്റര്‍ ഉയരെ നിന്നും 25 സെന്റീമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ഒരു വസ്തുവിന്റെ പോലും ചിത്രം കാര്‍ട്ടോസാറ്റ്-3 എടുക്കാന്‍ കഴിയും.
ഇതിനോടൊപ്പമുള്ള 13 നാനോ സാറ്റ്‌ലൈറ്റുകളില്‍ 12 ന്റെയും ദൗത്യം ഭൗമനിരീക്ഷണമാണ്. മെഷ്‌ബെഡ് എന്നു പേരുള്ള നാനോ സാറ്റലൈറ്റ് മാത്രം വിവരവിനിമയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്രതിവര്‍ഷം 12 മുതല്‍ 15 വരെ ഉപഗ്രഹങ്ങളാണ് ഐ എസ് ആര്‍ ഒ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ 35 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുകയെന്നതും ഐ എസ് ആര്‍ ഒ യുടെ ലക്ഷ്യമാണ്.
ഇന്നലെയുണ്ടായ വിക്ഷേപണ വിജയം പിഎസ്എല്‍വി രോക്കറ്റുകളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു. ഇതുവരെയുളള 49 പിഎസ്എല്‍വി വിക്ഷേപണങ്ങളില്‍ രണ്ട് ദൗത്യങ്ങള്‍ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്.
2017 ല്‍ ഐ ആര്‍ എന്‍ എസ് എസ്- 1 എച്ച് നേയും വഹിച്ചുകൊണ്ട് പി എസ് എല്‍ വി-39 ലക്ഷ്യസ്ഥാനത്തിനടുത്തെത്തിയെങ്കിലും താപകവചത്തിനുണ്ടായ തകരാറിനെ തുടര്‍ന്ന് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ ഒന്നിന്റെ വിക്ഷേപണത്തിലും ചൊവ്വാ ദൗത്യത്തിലും നിര്‍ണ്ണായക സാന്നിധ്യമായി മാറാന്‍ പി എസ് എല്‍ വി യ്ക്ക് കഴിഞ്ഞു.
ആദ്യ ഇന്ത്യന്‍ സംഘത്തെ ബഹിരാകാശത്തേയ്ക്ക് അയക്കാനുളള ശ്രമത്തിലാണ് ഇപ്പോള്‍ ഐ എസ് ആര്‍ ഒ. 2022-ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിനു മുന്‍പ് തന്നെ ആദ്യ ഇന്ത്യന്‍ സംഘത്തെ ബഹിരാകാശത്ത് എത്തിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഐ എസ് ആര്‍ ഒ യുടെ ഈ വിജയങ്ങള്‍ ആ ലക്ഷ്യത്തിലേക്കെത്താനുള്ള ചവിട്ടുപടിയാണ്.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.
തയ്യാറാക്കിയത് : ബിമന്‍ ബസൂ
മുതിര്‍ന്ന ശാസ്ത്രവിദ്ഗ്ധന്‍
വിവരണം : തുളസിദാസ്