പാകിസ്ഥാനില്‍ കരസേനാ മേധാവിയുടെ കാലാവധി നീട്ടിയതില്‍ വിവാദം

പാകിസ്ഥാനില്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ ഔദ്യോഗിക കാലാവധി മൂന്ന് വര്‍ഷം കൂടി നീട്ടാനുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തീരുമാനം സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു. ബജ്‌വ ഈ മാസം 28 ന് വിരമിക്കാനിരിക്കെ 19-ാം തീയതിയായിരുന്നു ഉത്തരവിറക്കിയത്. പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച നിയമം കൊണ്ടുവരാമെന്ന ഉറപ്പിന്മേല്‍ ആറ് മാസം കാലാവധി നീട്ടി നല്‍കാനും കോടതി അനുവദിച്ചിട്ടുണ്ട്.

സംഭവം പാകിസ്ഥാനില്‍ ചര്‍ച്ചകള്‍ക്കും നിയമയുദ്ധത്തിനും വഴിവച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ആസിഫ് സയ്ദ് ഖോസയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് നിയമ-ഭരണനിര്‍വ്വഹണ കാര്യങ്ങള്‍ പരിഗണിച്ച് ഇത്തരമൊരു വിധി പ്രസ്താവം നടത്തിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കാലാവധി നീട്ടി നല്‍കിയതെന്ന കോടതി പരാമര്‍ശം പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രസിഡന്റ് ആരിഫ് ആല്‍വിക്കും നാണക്കേടായി. തീരുമാനം ആദ്യം മന്ത്രിസഭാ യോഗം ചേര്‍ന്ന് അംഗീകരിക്കണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ മാത്രമേ പ്രധാനമന്ത്രിക്കും പ്രസിഡന്റിനും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ. 25 മന്ത്രിമാരില്‍ 11 പേര്‍ മാത്രമേ കാലാവധി നീട്ടുന്നതിനെ അനുകൂലിക്കുന്നുള്ളുവെന്ന് മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു. സൈനിക ചട്ടങ്ങളില്‍ കാലാവധി നീട്ടലിനെ കുറിച്ചോ കരസേനാ മേധാവിയുടെ കാലാവധിയെ കുറിച്ചോ ഒന്നും പരാമര്‍ശിക്കുന്നില്ലെന്നും കോടതി അറിയിച്ചു.
അമളി മനസ്സിലാക്കിയ ഇമ്രാന്‍ ഖാന്‍ അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച് സൈനിക ചട്ടങ്ങളില്‍ ദേഭഗതി വരുത്തി കാലാവധി നീട്ടുന്നതിനുള്ള ചട്ടം കൂട്ടിച്ചേര്‍ത്തു. മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങളാണ് ബജ്‌വയുടെ കാലാവധി നീട്ടി നല്‍കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതാണോ യഥാര്‍ത്ഥ കാരണം എന്ന ചോദ്യം അവശേഷിക്കുന്നു.
മുമ്പൊരിക്കലും സൈന്യത്തിനെതിരെ ഇത്തരം ശക്തമായ നിലപാടുകള്‍ സുപ്രീം കോടതി എടുത്തിരുന്നില്ല. രാജ്യഭരണം സൈനിക അട്ടിമറികളിലൂടെ സൈന്യം പിടിച്ചെടുത്ത അവസരങ്ങളില്‍ പോലും ജനാധിപത്യ ഗവണ്‍മെന്റുകളുടെ ഭരണ പരാജയം ചൂണ്ടിക്കാട്ടി ഇടപെടല്‍ നടത്താന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ജനറല്‍ മുഷറഫ് സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തശേഷം ഭരണഘടനാ ഭേദഗതിക്കും തെരഞ്ഞെടുപ്പ് നടത്താനും മൂന്ന് വര്‍ഷ കാലാവധി അനുവദിച്ച ഉദാര സമീപനമായിരുന്നു സുപ്രീം കോടതിയുടേത്. പാകിസ്ഥാന്‍ നിലവില്‍ വന്നതിനു ശേഷം പകുതിയിലധികം കാലയളവിലും സൈനിക ഭരണമാണ് നിലവിലുണ്ടായിരുന്നത്. അല്ലാത്തപ്പോള്‍ പോലും പ്രതിരോധ-വിദേശകാര്യങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താനും സൈന്യത്തിനായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കാലാവധി നീട്ടാനുള്ള തീരുമാനം താല്‍ക്കാലികമായി തടയാനുള്ള സുപ്രീം കോടതി തീരുമാനം പ്രാധാന്യമര്‍ഹിക്കുന്നു. മുമ്പ് അഞ്ചോ ആറോ ജനറല്‍മാര്‍ സ്വയം കാലാവധി നീട്ടിയ സംഭവങ്ങള്‍ രാജ്യത്തുണ്ടായിട്ടുള്ളത് ചൂണ്ടിക്കാട്ടിയ കോടതി ഇതില്‍ വിയോജിപ്പു രേഖപ്പെടുത്തുകയും ഭാവിയില്‍ ഇതാവര്‍ത്തിക്കാന്‍ പാടില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
അടുത്തിടെ രണ്ടു ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനു വിട്ട ഇമ്രാന്റെ തീരുമാനത്തിനുള്ള തിരിച്ചടിയാണ് സുപ്രീം കോടതി നടപടികളെന്നും വ്യാഖ്യാനമുണ്ട്. ജഡ്ജി നിയമനങ്ങളിലുള്ള ഗവണ്‍മെന്റ് ഇടപെടലുകളിലും കോടതിക്ക് അതൃപ്തിയുണ്ട്. സേനാ മേധാവിയുടെ കാലാവധി നീട്ടുന്നതിനെതിരെ പാകിസ്ഥാന്‍ ബാര്‍ കൗണ്‍സില്‍ അടുത്ത ആഴ്ച സമരം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും കാലാവധി നീട്ടുന്നതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഇതിനിടെ മുഷറഫിനെതിരെയുള്ള കേസുകളും ഡിസംബര്‍ അഞ്ച് മുതല്‍ കോടതി കേള്‍ക്കാനിരിക്കുകയാണ്.
സമ്പൂര്‍ണ്ണമായും സൈന്യത്തിനു കീഴടങ്ങിയ ഇമ്രാന്‍ ഗവണ്‍മെന്റ് ജനങ്ങള്‍ തെരഞ്ഞെടുത്തു എന്നതിനെക്കാള്‍ സൈന്യം തെരഞ്ഞെടുത്തു എന്ന മട്ടിലാണ് പെരുമാറുന്നത്. അതുകൊണ്ട് തന്നെ ബജ്‌വയ്ക്ക് കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനം നന്ദി പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. കോടതി തീരുമാനം വന്നയുടന്‍ നിയമമന്ത്രി ഫറോഘ് നസീം രാജിവച്ചത് സംശയങ്ങള്‍ ബലപ്പെടുത്തുന്നു.
ഉപകാരസ്മരണയായാലും ഇല്ലെങ്കിലും രാജ്യത്തെ പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ അപക്വമായ സമീപനമാണ് ഗവണ്‍മെന്റിന്റേത് എന്ന വാദവും ശക്തിപ്പെടുകയാണ്. കാലാവധി നീട്ടുന്നതിനെതിരെ പെഷവാര്‍ ഹൈക്കോടതിയും ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. അമുസ്ലീംങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള അഹ്മദി വിഭാഗത്തില്‍പ്പെട്ടയാളാണ് ജനറല്‍ ബജ്‌വ എന്നതാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കോടതി എന്തു നിലപാടെടുക്കുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.

തയ്യാറാക്കിയത് : അശോക് ഹന്‍ഡൂ,
രാഷ്ട്രീയ നിരീക്ഷകന്‍

വിവരണം : ഷീജ ഗണേശ്