പാര്‍ലമെന്റില്‍ കഴിഞ്ഞ ആഴ്ച

നമ്മുടെ രാജ്യത്തെ ഭരണഘടനാ അസംബ്ളി ഭരണഘടന സ്വീകരിച്ചതിന്റെ ഓര്‍മ നിലനിര്‍ത്താന്‍ കഴിഞ്ഞ നവംമ്പര്‍ 26 ഭരണഘടനാദിനമായി രാജ്യം ആചരിച്ചു. 1949-ലെ ഈ ദിനത്തിന്റെ സ്മരണ നിലനിര്‍ത്താനാണ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്. 1950 ജനുവരി 26-ന് ഭരണഘടന നിലവില്‍ വന്നതോടെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പുതുയുഗത്തിന് തുടക്കമായി. ആഘോഷ പരിപാടികളുടെ ഭാഗമായി പാര്‍ലമെന്റില്‍ സംയുക്ത സഭകളുടെ പ്രത്യേക യോഗവും സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ പൗരന്മാര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ ജാഗരൂകരാകാനും അവകാശവും കര്‍ത്തവ്യവും ഒരേനാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും രാഷ്ട്രപതി പാര്‍ലമെന്റിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യവെ ഓര്‍മിപ്പിച്ചു. ജനങ്ങള്‍ അവരവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിലൂടെ അവകാശസംരക്ഷണത്തിന്റെ സാഹചര്യം ഉറപ്പാക്കാനാകുമെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ രാജ്യസഭയുടെ പ്രാധാന്യം വിളിച്ചോതുന്ന നാണയവും സ്റ്റാമ്പും 250-ാം രാജ്യസഭാ സമ്മേളനത്തില്‍ രാഷ്ട്രപതി പുറത്തിറക്കി. ഡിജിറ്റല്‍ ചരിത്ര പ്രദര്‍ശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ശില്പി ബി.ആര്‍. അംബദ്ക്കറുടെ അഭിലാഷവും ആഗ്രഹവും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പങ്കുവച്ചു. പവിത്രവും വഴിവിളക്കുമാണ് നമ്മുടെ ഭരണഘടനയെന്ന് പ്രധാനമന്ത്രി ഈ അവസരത്തില്‍ പറഞ്ഞു. പൗരന്റെ കര്‍ത്തവ്യത്തേയും കടമകളേയും കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന നിലയിലാണ് നമ്മുടെ ഭരണഘടന വ്യത്യസ്തമാകുന്നതെന്ന് പ്രധാനമന്ത്രി ഭരണഘടനയുടെ ശക്തിയും സമഗ്രതയേയും പുകഴ്ത്തുന്നതിനിടയില്‍ പരാമര്‍ശിച്ചു. കഴിഞ്ഞ എഴുപത് വര്‍ഷക്കാലയളവില്‍ നമ്മുടെ രാജ്യം ഭരണഘടനയ്ക്കനുസൃതമായി പ്രവര്‍ത്തിക്കുക മാത്രമല്ല അതിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ജീവസ്സുറ്റതുമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് രാജ്യസഭാ അദ്ധ്യക്ഷന്‍ കുടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞു.
ജമ്മുകാശ്മീര്‍ പുനസംഘടിപ്പിച്ചതിനെ തുടര്‍ന്ന് അവിടെ പാകിസ്ഥാന്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച ഭീതിദമായ സാഹചര്യം ഇന്ത്യ വിഫലമാക്കിയതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ലോക്സഭയെ അറിയിച്ചു. ജമ്മുകാശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ തെറ്റായതും വിദ്വേഷമുളവാക്കുന്നതുമായ പ്രചാരണമാണ് ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര സംഘടനകളായ ഐക്യരാഷ്ട്രസഭ, ഇസ്ളാമിക സഹകരണ സംഘടനയുടെ മനുഷ്യാവകാശ സമിതിയിലും ആവര്‍ത്തിക്കുന്നതെന്നും ശ്രീ ജയശങ്കര്‍ പറഞ്ഞു.
എന്നാല്‍ ഇസ്ളാമാബാദിന്റെ ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങളേയും ഇന്ത്യ നിലംപരിശാക്കിയതായി കേന്ദ്രമന്ത്രി പറഞ്ഞു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ലോക രാജ്യങ്ങള്‍ ആ രാജ്യത്തിന് താക്കീതും നല്‍കി കഴിഞ്ഞു.
ഇന്ത്യ ഈ വര്‍ഷം ഫെബ്രുവരിയില്‍ സര്‍ജിക്കല്‍ വോ്യമാക്രമണത്തിലൂടെ തകര്‍ത്ത ബലാക്കോട്ടയിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യയ്ക്കെതിരായ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാന്‍ വീണ്ടും സജ്ജമാക്കുന്നതായി വിവരമുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി രാജ്യസഭയില്‍ അറിയിച്ചു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥാ മാന്ദ്യം നേരിടുന്നില്ലെന്നും വളര്‍ച്ച ഉത്തേജിപ്പിക്കാന്‍ ഗവണ്‍മെന്റ് ശക്തമായ നടപടി സ്വീകരിക്കുകയാണെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബുധനാഴ്ച രാജ്യസഭയില്‍ പറഞ്ഞു.
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളായ 27 പേര്‍ ഒക്‌ടോബര്‍ 28 മുതല്‍ നവംബര്‍ 1 വരെ ഇന്ത്യ സന്ദര്‍ശിച്ച കാര്യം വിദേശകാര്യ മന്ത്രി വി.മുരളീധരന്‍ രാജ്യസഭയെ അറിയിച്ചു. ഭീകരത ഇന്ത്യയെ ഏങ്ങനെയാണ് ബാധിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഈ സംഘം താത്പര്യ പ്രകടിപ്പിച്ചു. ഇതിന് ഗവണ്‍മെന്റ് സൗകര്യം ഒരുക്കി. ഇന്ത്യക്ക് പൊതുവിലും ജമ്മുകാശ്മീറില്‍ പ്രത്യേകിച്ചും ഭീകരത സൃഷ്ടിക്കുന്ന ഭീഷണി മനസ്സിലാക്കാന്‍ ഈ സന്ദര്‍ശനത്തിലൂടെ അവര്‍ക്ക് സാധിച്ചു. മറ്റ് രാജ്യങ്ങളുമായി വലിയ ബന്ധം ഉറപ്പാക്കണമെന്ന ഇന്ത്യാഗവണ്‍മെന്റിന്റെ താത്പര്യത്തിനും വിദേശനയത്തിനും യോജിച്ച നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും വി.മുരളീധന്‍ പറഞ്ഞു.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.

തയ്യാറാക്കിയത് : വി.മോഹന്‍ റാവു, മാധ്യമ പ്രവര്‍ത്തകന്‍

വിവരണം : എസ്.എല്‍.ദീപു