ഉഭയകക്ഷി ബന്ധംഊട്ടിയുറപ്പിച്ച് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം

ശ്രീലങ്കയില്‍ പുതിയതായിതെരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ആദ്യവിദേശ സന്ദര്‍ശനത്തിന് ഇന്ത്യയെ തെരഞ്ഞെടുക്കുന്നത് ഇതാദ്യമല്ല. മുന്‍പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അധികാരമേറ്റ് വെറും പത്ത് ദിവസത്തിനുള്ളില്‍ത്തന്നെ തിടുക്കപ്പെട്ട് ഇന്ത്യസന്ദര്‍ശിച്ച പ്രസിഡന്റ് ഗോതബായ രജപക്‌സെ ചില സൂചനകള്‍ നല്‍കുന്നുണ്ട്.

പതിവ് സൗഹാര്‍ദ്ദ പ്രകടനങ്ങള്‍ക്കുപരിയായി, ശ്രീലങ്കയുടെ ഏറ്റവും അടുത്ത അയല്‍രാജ്യവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ
സൂചനയും കൂടിയാണിത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ ആയിരുന്നു പുതിയതായി തെരഞ്ഞടുക്കപ്പെട്ട ശ്രീലങ്കന്‍ പ്രസിഡന്റിനെ സന്ദര്‍ശിച്ച ആദ്യ വിദേശനയതന്ത്ര പ്രതിനിധി. ആശംസകള്‍ അറിയിച്ചതിനൊപ്പം പുതിയ പ്രസിഡന്റിനെ ഔപചാരികമായി ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെകത്തും വിദേശകാര്യമന്ത്രി കൈമാറുകയുണ്ടായി. ക്ഷണം സ്വീകരിച്ച് ഇന്ത്യസന്ദര്‍ശിച്ച ഗോതബായ ശ്രീ. മോദിയെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഔപചാരികമായി ക്ഷണിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയകാലത്തിന്റെ തടവറകളില്‍പ്പെട്ടു പോകാതിരിക്കാനുള്ള ഇരുപക്ഷത്തിന്റേയും ശ്രമമായിവേണം തിടുക്കപ്പെട്ടുള്ള ഈ നീക്കങ്ങളെ കാണാന്‍. ശ്രീലങ്കയുംഎല്‍.ടി.ടി.ഇ.യും തമ്മില്‍ നടന്ന യുദ്ധങ്ങളാണ് മുന്‍പ് ഇന്ത്യ-ശ്രീലങ്ക ബന്ധത്തില്‍ കല്ലുകടിയായത്. അക്കാലത്ത് മഹിന്ദ രജപക്‌സെ പ്രസിഡന്റും ഗോതബായ പ്രതിരോധ സെക്രട്ടറിയും ആയിരുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തെ പിന്തുണച്ച ഇന്ത്യ ന്യൂനപക്ഷമായ തമിഴ് വംശജരുടെ അവകാശസംരക്ഷണത്തിന് വേണ്ടിയും നിലകൊണ്ടിരുന്നു.

ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ തമിഴരുടെ ന്യായമായ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വാഭാവികമായും നടന്നു. തമിഴ് പുലികള്‍ക്കെതിരായ പോരാട്ടത്തിലെ അവസാനിക്കാത്ത അധ്യായമാണ് തമിഴരുടെ പ്രശ്‌നം. തമിഴരുടെ അവകാശ സംരക്ഷണത്തിന് മുന്‍പ് നല്‍കിയ ഉറപ്പുകള്‍ പലതും പാലിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയ ഇന്ത്യയോട് അനുകൂല പ്രതികരണമാണ് പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ് നടത്തിയത്. സിംഹള ഭൂരിപക്ഷത്തിന്റെ വോട്ട്‌കൊണ്ടാണ് താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും ന്യൂനപക്ഷങ്ങളായ തമിഴരുടേയും, മുസ്ലിംങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രസിഡന്റ് രജപക്‌സെ ഉറപ്പ് നല്‍കി. ഇത് ശുഭോദര്‍ക്കമാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ചൈനയുമായും പാകിസ്ഥാനുമായും ശ്രീലങ്കയ്ക്കുള്ള ബന്ധംഇന്ത്യയുടെ താല്പര്യങ്ങളെ ഹനിക്കുന്നതായിരിക്കില്ലെന്ന ഉറപ്പും പ്രസിഡന്റ് നല്‍കി. ഹമ്പന്‍ ടോട്ട തുറമുഖം വികസിപ്പിക്കാന്‍ ചൈനയ്ക്ക്‌കൈമാറിയത് തെറ്റായ നടപടിയായിപ്പോയി എന്ന്അംഗീകരിക്കാനും ഗോതബായ തയ്യാറായി. ഇതദ്ദേഹത്തിന്റെ തുറന്ന മനസ്സാണ് കാണിക്കുന്നതെന്ന് പറയാം.

ശ്രീലങ്കയുടെ വികസനത്തിനായി 450 ദശലക്ഷം യു.എസ്. ഡോളര്‍ ധനസഹായവും ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ധനസഹായം ചൈനയുടേതിനടുത്തൊന്നും വരില്ലെങ്കിലും ശ്രീലങ്കയില്‍ ഏറ്റെടുത്ത അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ കൃത്യമായി
പൂര്‍ത്തീകരിച്ച പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. വമ്പന്‍ പദ്ധതികളും വായ്പകളും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക്ഗുണകരമാവില്ലെന്ന ചിന്തയും ശ്രീലങ്കന്‍ ജനതയ്ക്കുണ്ട്. ഹമ്പന്‍ടോട്ട തുറമുഖവും മട്ടാലെ വിമാനത്താവളവും ഇത്തരത്തിലുള്ള രണ്ട് പദ്ധതികളാണ്. ഇരുരാജ്യങ്ങളുടെയും ചെറിയ ആശങ്കകള്‍ പരിഹരിക്കാനായാല്‍ ഇന്ത്യ-ശ്രീലങ്ക ബന്ധം പുതിയ ഉയരങ്ങള്‍താണ്ടും. തന്റെ ഭരണകാലത്ത് ഇന്ത്യ-ശ്രീലങ്ക ബന്ധം ഉന്നതിയിലെത്തണമെന്നാണ് ആഗ്രഹമെന്ന് പ്രസിഡന്റ് ഗോതബായ വ്യക്തമാക്കി. ചരിത്രപരമായും രാഷ്ട്രീയപരമായും ദീര്‍ഘകാലത്തെ ബന്ധമാണ് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലുള്ളത്. ഈ ബന്ധത്തെ പുതിയ കാഴ്ചപ്പാടിലൂടെ വീക്ഷിക്കാന്‍ രജപക്‌സെ ആഗ്രഹിക്കുന്നുവെന്ന് വ്യക്തം. അതിനുള്ള മികച്ച തുടക്കമായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യാസന്ദര്‍ശനം.