ഇസ്രയേലി കുടിയേറ്റം നിയമാനുസൃതമാക്കി ട്രംപ്

അധിനിവേശ പ്രദേശങ്ങളിലെ ഇസ്രായേലി കുടിയേറ്റ കെട്ടിടങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം വിഷയത്തിലെ അന്താരാഷ്ട്ര അഭിപ്രായം 1967 ജൂണിലെ യുദ്ധത്തിന് ശേഷമുള്ള അമേരിക്കന്‍ നയത്തിനും എതിരാണ്. അമേരിക്കന്‍ നയത്തെ അസ്ഥിരമെന്ന് വിശേഷിപ്പിച്ച പോംപിയോ പ്രഖ്യാപിച്ചത് ഇങ്ങനെ: വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ കുടിയേറ്റം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്നും വിഷയം ഇസ്രായേലും പാലസ്തീനും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും പോംപിയോ പറഞ്ഞു.

1967 ജൂണിലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളെയാണ് കുടിയേറ്റകെട്ടിട നിര്‍മ്മാണം കൊണ്ട് ഉദ്ദേശിക്കുന്നത്. കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ സീനായി ഉപദ്വീപ്, ഗോലാന്‍ കുന്നുകള്‍, ഗാസാ മുനമ്പ്, വെസ്റ്റ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. യുദ്ധത്തിന് മുന്‍പ് ജോര്‍ദാന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ജറുസലേമിന്റെ കിഴക്കന്‍ ഭാഗവും ഇസ്രായേല്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കി. ആദ്യം ഗോലാന്‍ കുന്നുകളിലും തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലും കെട്ടിടനിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു.
നിലവില്‍ വെസ്റ്റ് ബാങ്കില്‍ 130 നിയമാനുസൃത കുടിയേറ്റപ്രദേശങ്ങളും 100 ലധികം അനധികൃത ഔട്ട് പോസ്റ്റുകളും ഉണ്ട്. നാല് ലക്ഷത്തോളം ഇസ്രായേലികളാണ് ഇവിടെ കഴിയുന്നത്. ജൂണ്‍ യുദ്ധത്തിന് ശേഷമുള്ള അതിര്‍ത്തിയില്‍ കിഴക്കന്‍ ജറുസലേമിന് പുറത്തായി 12 ജൂത ചുറ്റുവട്ടങ്ങളിലായി രണ്ട് ലക്ഷത്തോളം ഇസ്രായേലികള്‍ കഴിയുന്നു. ഗോലാന്‍ കുന്നുകളിലെ 32 ഇസ്രായേലികുടിയേറ്റ പ്രദേശങ്ങളിലായി 22,000 പേരാണ് കഴിയുന്നത്.
അറബ് അയല്‍ക്കാരുമായി ഇസ്രായേലിന്റെ സമാധാന കരാറുകളില്‍ പ്രധാനപങ്കാണ് കുടിയേറ്റ പ്രദേശങ്ങള്‍ വഹിക്കുന്നത്. സിനായി ഉപദ്വീപില്‍ നിന്ന് ഇസ്രായേലുകാരുടെ ഒഴിപ്പിക്കലിന് കാരണമായത് ക്യാമ്പ് ഡേവിഡ് കരാറാണ്. 1982 ല്‍ യമിത്തിലെ കുടിയേറ്റപ്രദേശം നശിപ്പിക്കലിനും ഇത് ഇടയാക്കി. 2005 ആഗസ്റ്റില്‍ ഗാസാ മുനമ്പില്‍ നിന്ന് 8,000 പേരെ 21 കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്ന് ഇസ്രായേല്‍ ഒഴിപ്പിച്ചതും ഇതേ കരാര്‍ പ്രകാരമാണ്. 1990 ന്റെ അവസാന കാലയളവില്‍ ഇസ്രായേല്‍- സിറിയന്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതും കുടിയേറ്റ വിഷയത്തിലാണ്. സിറിയയുടെ തലസ്ഥാനം നിരീക്ഷിക്കുന്നതിന് സഹായകരമായ ഹെര്‍മോന്‍ കുന്നുകളിലെ തന്ത്രപ്രാധാന്യമുള്ള പ്രദേശങ്ങള്‍ ഇസ്രായേല്‍ വിട്ടുനല്‍കാന്‍ തയ്യാറാകാത്തതാണ് കാരണം.
അധിനിവേശ പ്രദേശങ്ങളിലെ കെട്ടിടനിര്‍മ്മാണം വ്യാപിപ്പിക്കുന്നതില്‍ ഇസ്രായേലിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ട്. ഇസ്രായേലിലെ വലതുപക്ഷ പാര്‍ട്ടികള്‍ക്ക് പിന്തുണ വര്‍ദ്ധിക്കുന്നതില്‍ കുടിയേറ്റ കെട്ടിടങ്ങളിലെ ജനങ്ങള്‍ മുഖ്യ പങ്കാണ് വഹിക്കുന്നത്.
ഇസ്രായേല്‍-പാലസ്തീന്‍ ചര്‍ച്ചകള്‍ക്കും മുഖ്യ തടസ്സം കുടിയേറ്റ പ്രദേശങ്ങളാണ്. പാലസ്തീനിയന്‍ ഭൂപ്രദേശങ്ങളില്‍ കുടിയേറ്റക്കാര്‍ക്കായി സ്‌കൂളുകളും ആശുപത്രികളും, ഓഫീസുകളും ബൈപാസ് റോഡുകളും സുരക്ഷാ ക്രമീകരണങ്ങളും നിര്‍മ്മിക്കുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പാലസ്തീനിയന്‍ ജനസാന്ദ്ര പ്രദേശങ്ങളില്‍ നിന്ന് അകന്നാണ് ആദ്യം ഇസ്രായേല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. പിന്നീട് പാലസ്തീനിയന്‍ പട്ടണങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും കൂടുതല്‍ അടുത്തായി നിര്‍മ്മാണം തുടങ്ങി.
പാലസ്തീന്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കുടിയേറ്റ കെട്ടിട നിര്‍മ്മാണം കുറഞ്ഞില്ലെന്ന് മാത്രമല്ല കുടിയേറ്റ ജനസംഖ്യ വര്‍ദ്ധിക്കുകയും ചെയ്തു. ഓസ്ലോ നടപടിയും വൈറ്റ് ഹൗസ് അങ്കണത്തില്‍ നടന്ന ചരിത്രപരമായ ഹസ്തദാനവും ഒന്നും ഇതിന് കുറവ് വരുത്തിയില്ല. പാലസ്തീനിയന്‍ പട്ടണങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്മാറിയെങ്കിലും കൂടുതല്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രായേല്‍ നിയന്ത്രണത്തിലായി. ഇത് പാലസ്തീനിയന്‍ ഭൂപ്രദേശത്തിന്റെ ഒത്തൊരുമിച്ചുള്ള നിലനില്‍പ്പിന് തടസ്സമായി. നാലാമത് ജനീവ കണ്‍വെന്‍ഷനിലെ പ്രസ്താവനകളെ ലംഘിക്കുന്നതാണ് കുടിയേറ്റം എന്നാണ് നിലവിലെ അന്താരാഷ്ട്ര ധാരണ. 2004 ല്‍ നടത്തിയ വിധിന്യായത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയും കുടിയേറ്റ പ്രദേശങ്ങളെ നിയമവിരുദ്ധമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അമേരിക്കയുടെ നയമാറ്റം ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ കണക്കാക്കുകയും ഗോലാന്‍ കുന്നുകളെ ഇസ്രായേലിന്റെ പരമാധികാര പ്രദേശമാക്കി അംഗീകരിക്കുകയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പുറമേ നിന്ന് പിന്തുണ നല്‍കുകയും ചെയ്തുകൊണ്ടുള്ള വിവാദ പരമായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇസ്രായേലില്‍ രണ്ട് റൗണ്ട് നെസറ്റ് തെരഞ്ഞെടുപ്പിന് ശേഷവും ഗവണ്‍മെന്റ് രൂപീകരണം സാധ്യമായിട്ടില്ല. അഴിമതി ആരോപിക്കപ്പെട്ട നെതന്യാഹു അടുത്ത ഗവണ്‍മെന്റ് രൂപീകരണത്തിലൂടെ ജോര്‍ദാന്‍ താഴ്‌വര ഇസ്രായേലിനോട് കൂട്ടിചേര്‍ക്കുമെന്ന് വാദിക്കുകയാണ്. പാലസ്തീന് സ്വന്തമായി തീരുമാനമെടുക്കാനുളള അവകാശമുണ്ടെന്ന യു.എന്‍ പൊതുസഭ പാസാക്കിയ പ്രമേയത്തെ ഇന്ത്യയുള്‍പ്പെട 165 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ അമേരിക്കയുള്‍പ്പെടെ നാല് രാജ്യങ്ങളാണ് ഇസ്രായേലിനെ പിന്തുണച്ചത്. ഇസ്രായേലുമായി സമാധാനത്തിലും സുരക്ഷയിലും നിലനില്‍ക്കുന്ന സ്വതന്ത്ര പാലസ്തീനെയാണ് ഇന്ത്യശക്തമായി പിന്തുണയ്ക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ പുതിയ നീക്കം പാലസ്തീന്റെ സ്വതന്ത്ര നിലനില്‍പ്പിനെ ദുര്‍ബലമാക്കുകയും പ്രദേശത്ത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യും.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം

 

 

തയ്യാറാക്കിയത് : പ്രൊ. പി.ആര്‍.കുമാരസ്വാമി
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പശ്ചിമേഷ്യന്‍ പഠനകേന്ദ്രത്തിലെ അധ്യാപകന്‍
വിവരണം : കരോള്‍ അബ്രഹാം