മേഖലാ സാമ്പത്തിക സഹകരണത്തില്‍ ഇന്ത്യയുടെ പുതുവര്‍ഷ സാധ്യതകള്‍

പുതുവര്‍ഷാരംഭത്തില്‍ മേഖലാ സാമ്പത്തിക സഹകരണത്തിന് വ്യക്തമായ പുതിയ രൂപരേഖ തയ്യാറാകുന്നതായാണ് ഗവണ്‍മെന്റ് വൃത്തങ്ങള്‍ നല്കുന്ന സൂചന. സ്വതന്ത്ര വ്യാപാരം എന്ന ആശയം പൂര്‍ണ്ണമായും നീതിയുക്തമാണെന്ന് പറയാനാകില്ലെങ്കിലും പ്രസക്തം തന്നെയാണ്. വ്യാപാര രംഗത്ത് ഏറ്റവും ഉചിതമായ നയമായി കരുതപ്പെടുന്ന സ്വതന്ത്ര വ്യാപാരത്തില്‍ ലോകരാജ്യങ്ങളുടെ ഉദാരമനസ്‌ക്കതയാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. മേഖലാ സമഗ്ര സാമ്പത്തിക ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള

ഇന്ത്യയുടെ തീരുമാനം ഈ നയത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഉടമ്പടിയ്ക്കായി വിട്ടുവീഴ്ചകള്‍ അനിവാര്യമെന്നതില്‍ നിന്നും സാമ്പത്തിക സഹകരണത്തില്‍ രാജ്യതാല്പര്യത്തിന് മുന്‍തൂക്കം എന്ന നയത്തിലേക്കുള്ള ചുവടുമാറ്റമായിരുന്നു ആശയക്കുഴപ്പത്തിന് കാരണം.
ബാങ്കോക്ക് ഉച്ചകോടിയില്‍ വച്ച് മേഖലാ സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ നിന്ന് പിന്മാറാന്‍ തീരുമാനമെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. ഇന്ത്യന്‍ കര്‍ഷകരുടെയും ചെറുകിട-ഇടത്തരം സംരംഭകരുടെയും താല്പര്യങ്ങളെ ഹനിക്കുന്ന കരാറുകളില്‍ രാജ്യം ഭാഗഭാക്കാകില്ല എന്ന സന്ദേശമായിരുന്നു ഇതിലുണ്ടായിരുന്നത്. സാമ്പത്തിക നയതന്ത്രവും രാജ്യതാല്പര്യവും സംരക്ഷിക്കപ്പെടണമെന്നതാണ് ഈ നയം. ആഭ്യന്തര സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഉടമ്പടികള്‍, 5 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥ ലക്ഷ്യംവച്ച് വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയ്ക്ക് അംഗീകരിക്കാനാവില്ല.
കിഴക്കന്‍ അയല്‍ രാജ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഇന്ത്യയുടെ ലുക്ക് ഈസ്റ്റ്, ആക്ട് ഈസ്റ്റ് നയങ്ങള്‍
ഈ മേഖലയിലെ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ സ്വതന്ത്ര വ്യാപാരക്കരാറുകള്‍

നിഷ്‌കര്‍ഷിക്കുന്ന കുറഞ്ഞ നിരക്കുകള്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ കമ്പോളത്തെ ബാധിക്കുകയും അത് വ്യാപാരക്കമ്മിക്ക് കാരണമാവുകയും ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിക്കാനും ഒപ്പം ആഗോള സാമ്പത്തിക നയങ്ങളില്‍ അനിശ്ചിതത്വം ഒഴിവാക്കാനും വ്യക്തമായ നയരൂപീകരണം അത്യാവശ്യമാണ്. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ അനുകൂല നിലപാട് വ്യക്തമാക്കി കഴിഞ്ഞു. രാജ്യതാല്പര്യം സംരക്ഷിക്കാനായി ഉറച്ച നിലപാടെടുക്കാന്‍ മടിക്കേണ്ടതില്ല എന്നതാണ് ഈ തീരുമാനം. സാമ്പത്തിക സഹകരണം ഉഭയകക്ഷി താല്പര്യം സംരക്ഷിക്കുന്നതാകണമെന്നതാണ് ഇതിന് പിന്നിലുള്ള നയം.
സംരക്ഷണവാദമെന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ് ഉഭയകക്ഷി വ്യാപാരത്തില്‍ തുല്യതയും നീതിയും ഉറപ്പ് വരുത്തണമെന്നതില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുകയാണ്. ദക്ഷിണ കൊറിയ, ജപ്പാന്‍, ആസിയാന്‍ രാജ്യങ്ങളുമായി നിലനില്‍ക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകളില്‍ പറഞ്ഞിരിക്കുന്ന പുനരവലോകന സാധ്യത ഇന്ത്യ പ്രയോജനപ്പെടുത്തും. യൂറോപ്യന്‍ യൂണിയനുമായുള്ള നിക്ഷേപ-വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ഇന്ത്യ നീക്കം ആരംഭിച്ചിട്ടുണ്ട്. കാര്‍ഷിക കമ്പോളം തുറന്നുകൊടുക്കുന്നതും, താരിഫ് പരിഷ്‌കരണവും, ബൗദ്ധിക

സ്വത്തവകാശവും ഇതില്‍ ചര്‍ച്ചയാകും. അമേരിക്കയുമായി ഉഭയകക്ഷി വ്യാപാരക്കരാറിനുള്ള ശ്രമവും ഇന്ത്യ
ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബ്രക്‌സിറ്റ് അനന്തര ബ്രിട്ടനുമായും സ്വതന്ത്ര വ്യാപാരക്കരാറെന്ന ആശയവും ഉയര്‍ന്ന് വന്നിട്ടുണ്ട്. കൂടാതെ ഇസ്രായേല്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും സാമ്പത്തിക സഹകരണ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സ്വതന്ത്രവും നീതിയുക്തവുമായ നിക്ഷേപം, വ്യാപാരം എന്നിവ ആഗോള മേഖലാ താല്പര്യങ്ങളെ സമന്വയിപ്പിക്കുന്നതാകണമെന്നതാണ് ഇന്ത്യയുടെ അഭിപ്രായം. ആവശ്യമായ ഗൃഹപാഠവും ചര്‍ച്ചകളും സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഉണ്ടാകുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിക്കഴിഞ്ഞു. കരാറുകളില്‍ എടുത്തു ചാടാതെ വ്യാപാര വ്യാവസായിക സമൂഹത്തിന് തയ്യാറെടുപ്പിന് ആവശ്യമായ സമയം നല്‍കുക എന്നതാണ് ഇന്ത്യയുടെ നയം.
ഭാവിയിലെ സ്വതന്ത്ര വ്യാപാര കരാറുകളില്‍ ചരക്ക് മേഖലയെ മാത്രം ഉള്‍പ്പെടുത്താതെ സേവന മേഖലയെയും ഉള്‍പ്പെടുത്താന്‍ ശ്രമമുണ്ടാകും. ഇന്ത്യയുടെ മേഖലാ സാമ്പത്തിക സഹകരണ ഉദ്യമങ്ങളില്‍ 2020 തിളങ്ങുന്ന അധ്യായമാകുമെന്ന് പ്രതീക്ഷിക്കാം.

തയ്യാറാക്കിയത് : സത്യജിത് മൊഹന്തി
സാമ്പത്തിക വിദഗ്ധന്‍

വിവരണം : രഞ്ജിത്