സമ്പദ്‌വ്യവസ്ഥ ത്വരിതപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ രൂപരേഖ ഇന്ത്യ പുറത്തിറക്കി.

ഉത്പാദന പങ്കാളികള്‍ക്കിടയില്‍, കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും സ്വകാര്യ മേഖലയെയും ഉള്‍പ്പെടുത്തി ഭീമമായ അടിസ്ഥാന സൗകര്യ നിക്ഷേപ പദ്ധതിക്ക് ഗവണ്‍മെന്റ് തുടക്കം കുറിച്ചു. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. അടിസ്ഥാന സൗകര്യ പദ്ധതികളില്‍ 2024 – 25 ഓടെ 102 ലക്ഷം കോടി രൂപയില്‍ അധികം നിക്ഷേപം നടത്താനാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂലധനച്ചെലവില്‍ 39:39:22 എന്ന അനുപാതത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സ്വകാര്യ മേഖലയും പങ്കാളികളാകും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യരംഗത്ത് കേന്ദ്രവും, സംസ്ഥാനങ്ങളും 51 ലക്ഷം കോടി രൂപ ചെലവഴിച്ചപ്പോള്‍ ഇത് അതിനേക്കാള്‍ അഭിനന്ദനീയമായ വര്‍ധനയാണ് സൂചിപ്പിക്കുന്നത്.
ആഭ്യന്തര സമ്പദ്‌വ്യവസ്ഥ ദുര്‍ബലമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കേണ്ടത് അനിവര്യമാണ്. ഗവണ്‍മെന്റിന്റെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും മൂലധന ചെലവ് കേന്ദ്രീകരിച്ചുള്ള കുതിച്ചുചാട്ടമാണ് ഇതിന് പിന്നിലെ ആശയം. സംസ്ഥാനങ്ങളും സ്വകാര്യമേഖലകളും അവരുടെ ശേഷി അനുസരിച്ച് ആനുപാതികമായ വര്‍ധന വരുത്തിയാല്‍ വളര്‍ച്ചയ്ക്കും വികസനത്തിനുമായി ഗണ്യമായി നിക്ഷേപം ഉയര്‍ത്താന്‍ സാധിക്കും. ഗവണ്‍മെന്റ് പദ്ധതികള്‍ക്ക് അനുസൃതമായി അടിസ്ഥാന സൗകര്യ മേഖലയിലെ തടസങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ഊന്നല്‍ നല്‍കണമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ 2019 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്താവളം, റോഡുകള്‍, ടെലികോം, ഊര്‍ജ ഉല്‍പാദനം എന്നീ മേഖലകളില്‍ വലിയ നിക്ഷേപം നടത്തി സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഇത് കരുത്തു പകരുന്നതാണ്.
2024-25 ഓടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിനായി ആധുനിക അടിസ്ഥാന സൗകര്യ മേഖലകളില്‍ 100 ലക്ഷം കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതികള്‍ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി വിഭാവനം ചെയ്ത പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി സാമ്പത്തികകാര്യ സെക്രട്ടറി അതാനു ചക്രബര്‍ത്തി അധ്യക്ഷനായ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തക സംഘം രൂപീകരിച്ചു. ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ് ലൈനിന്റെ ഭാഗമായി 18 സംസ്ഥാനങ്ങളില്‍ 102 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതി കൂടി ഇതിനൊപ്പം ചേര്‍ക്കുമെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ചില സംസ്ഥാനങ്ങള്‍ പൈപ്പ് ലൈന്‍ പദ്ധതിയുമായി മുന്നോട്ട് വന്നിട്ടില്ലെങ്കിലും ഒരു സംസ്ഥാനത്തെയും ഒഴിവാക്കുകയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുനയിക്കാനുള്ള നയസ്തംഭമെന്ന നിലയില്‍ ദേശീയ പൈപ്പ് ലൈന്‍ അടിസ്ഥാന സൗകര്യത്തിന് പിന്നിലെ യുക്തി, സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ നിലവാരം ഉയര്‍ത്താന്‍ അടിസ്ഥാന സാമ്പത്തിക കാര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണ്. ഗവണ്‍മെന്റിന്റെ വരുമാന ഘടന മെച്ചപ്പെടുത്തുന്ന
തിലൂടെ അധിക സാമ്പത്തിക ഇടം കണ്ടെത്താന്‍ കഴിയും. മാത്രമല്ല ഉല്‍പാദന മേഖലകള്‍ കേന്ദ്രീകരിച്ചുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പിലാക്കുക വഴി വ്യവസായം വളര്‍ത്തുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ പൈപ്പ് ലൈന്‍ അടിസ്ഥാന സൗകര്യ പദ്ധതിയിലൂടെ സാദ്ധ്യമാക്കാന്‍ കഴിയും. അങ്ങനെ സമഗ്ര വികസന പരിപാടിയിലൂടെ അസന്തുലിതാവസ്ഥയുടെ ദോഷകരമായ ഘടകങ്ങളെ കുറച്ചുകൊണ്ടു വരാനും കഴിയും.
ജലസേചന, ഗ്രാമീണ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് 7.7 ലക്ഷം കോടി രൂപയും വ്യവസായിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 3.07 കോടി രൂപയും ചെലവഴിക്കാനാണ് പദ്ധതിയിടുന്നത്. ബാക്കിയുള്ളത് കൃഷി – അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ്. റോഡ് പദ്ധതികള്‍ക്ക് 19.63 ലക്ഷം കോടി രൂപയും റെയില്‍ പദ്ധതിക്കായി 13.68 ലക്ഷം കോടി രൂപയും നീക്കിവയ്ക്കും. തുറമുഖ വികസനത്തിന് ഒരു ലക്ഷം കോടി രൂപയും വിമാനത്താവള നവീകരണത്തിന് 1.43 ലക്ഷം കോടി രൂപയും ചെലവഴിക്കും. നഗര-അടിസ്ഥാന സൗകര്യ വികസനത്തിനായി 16.23 ലക്ഷം കോടി രൂപയും ചെലവഴിക്കും. ടെലികോം, അതിവേഗ പാത, ദേശീയ ഗ്യാസ് ഗ്രിഡ്, പ്രധാന്‍ മന്ത്രി ആവാസ് യോജന എന്നിവയ്ക്കായി 3.2 ലക്ഷം കോടി രൂപയും ചെലവഴിക്കും.
ദേശീയ പൈപ്പ് ലൈന്‍ അടിസ്ഥാന സൗകര്യ പദ്ധതിയിലൂടെ സംയോജിത ലക്ഷ്യങ്ങള്‍ കൈവരിക്കാനായി പ്രവര്‍ത്തന സംഘ
ങ്ങളുടെ പരിഷ്‌ക്കരണ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് ശുഭകരമായ കാര്യമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കരാറുകള്‍ പരിഷ്‌ക്കരിച്ച് അവ നടപ്പാക്കുന്നതിനായി ശക്തമായ നിരീക്ഷണ സംവിധാനം കൊണ്ടുവരുമെന്നും ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. അതിനായുള്ള കാര്യങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

തയ്യാറാക്കിയത് : ജി. ശ്രീനിവാസന്‍
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍

വിവരണം : ലിഖിത