‘അയല്‍രാജ്യം ആദ്യം എന്ന നയം ആവര്‍ത്തിച്ച് ഇന്ത്യ’

അയല്‍രാജ്യം ആദ്യം എന്ന നയത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. 2014-ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം പല അവസരങ്ങളിലും ശ്രീ. നരേന്ദ്ര മോദി ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. 2014 മേയ് 26-ലെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങിന് ശ്രീ. നരേന്ദ്ര മോദി സാര്‍ക്ക് രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ചിരുന്നു. അതേവര്‍ഷം തന്നെ അദ്ദേഹത്തിന്റെ പ്രഥമ വിദേശ സന്ദര്‍ശനം ഭൂട്ടാനിലേക്കായിരുന്നു. ദാരിദ്ര്യം, പോഷകാഹാരക്കുറവ്, എല്ലാവര്‍ക്കും വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രശ്‌ന പരിഹാരത്തിനായി ദക്ഷിണേഷ്യയിലെ അയല്‍രാജ്യങ്ങള്‍ സംയുക്തമായി ശ്രമിക്കണമെന്ന് അദ്ദേഹം

ആവശ്യപ്പെട്ടിരുന്നു. അയല്‍രാജ്യങ്ങളുടെ ക്ഷേമത്തിനായി സഹായങ്ങള്‍ പങ്കുവെയ്ക്കാന്‍ ഇന്ത്യ ഒരുക്കവുമാണ്.
2020-ലെ പുതുവര്‍ഷ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ ഖേസര്‍ നംഗിയേല്‍ വാങ്ചുക്ക്, പ്രധാനമന്ത്രി ഡോ. ലോട്ടെ ഷെറിംഗ്, ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടാബയ രാജപക്‌സെ, പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ, മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീന, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി എന്നിവരുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് സൗഹൃദം പങ്കുവച്ചു.
ഇന്ത്യാക്കാരുടെ പേരില്‍ ആ രാഷ്ട്ര നേതാക്കള്‍ക്ക് ശ്രീ. നരേന്ദ്ര മോദി പുതുവത്സാരാശംസകള്‍ കൈമാറി. അയല്‍രാജ്യം ആദ്യം എന്ന നയത്തിലെ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.
ഭൂട്ടാന്‍ രാജാവുമായുള്ള സംഭാഷണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സുപ്രധാനമായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ശ്രീ നരേന്ദ്ര മോദി ഇന്ത്യ-ഭൂട്ടാന്‍ ബന്ധം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാന്‍ അത് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂട്ടാന്‍ സന്ദര്‍ശനവേളയില്‍ ലഭിച്ച സ്‌നേഹോഷ്മളമായ സ്വീകരണം ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു. ഭൂട്ടാന്‍

രാജാവിന്റെ ഇന്ത്യ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2020-ല്‍ ഇന്ത്യ-ശ്രീലങ്ക ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടാബയ രാജ്പക്‌സെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവര്‍ത്തിച്ചു.
ശ്രിലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുമായുള്ള സംഭാഷണത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കുന്നത് സംബന്ധിച്ച ആശയങ്ങളും പുതുവത്സരാശംസകളും പരസ്പരം കൈമാറി.
രാജ്യവികസനത്തിനായുള്ള എല്ലാ ശ്രമങ്ങളിലും മാലിദ്വീപ് വിജയിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. ഉഭയകക്ഷി സഹകരണം വുപിലമാക്കിയും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പുതിയ മേഖലകള്‍ കണ്ടെത്തിയും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കാന്‍ ആഗ്രഹിക്കുന്നതായി മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ശ്രീ. നരേന്ദ്ര മോദിയെ അറിയിച്ചു.
പുതുവത്സരാശംസകളോടൊപ്പം അവാമി ലീഗ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

ബംഗ്ലാദേശ് മുന്‍ ഹൈക്കമ്മീഷണര്‍ സയ്യിദ് മൗസീം അലിയുടെ അകാല നിര്യാണത്തില്‍ അദ്ദേഹം അനുശോചനം അറിയിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ബംഗബന്ധു മുജീബ് ഉര്‍ റഹ്മാന്റെ ജന്മശതാബ്ദിയും ബംഗ്ലാദേശിന്റെ അന്‍പതാം സ്വാതന്ത്ര്യദിനവും പരാമര്‍ശിച്ച ശ്രീ. നരേന്ദ്ര മോദി ആ രാജ്യവുമായുള്ള അടുത്ത ബന്ധമാണ് തന്റെ ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നതെന്ന് അഭിപ്രായപ്പെട്ടു.
നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുമായുള്ള സംഭാഷണത്തില്‍ പോയവര്‍ഷം ഇന്ത്യ-നേപ്പാള്‍ ബന്ധം ശക്തമായതില്‍ ശ്രീ. നരേന്ദ്ര മേദി സംതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞവര്‍ഷം നേപ്പാളുമായുള്ള ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഇന്ത്യയിലെ മോതിഹാരി-നേപ്പാളിലെ അംലേഖഞ്ച് പെട്രോളിയം-പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ കാര്യം പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ബിരാട് നഗറിലെ സംയോജിത ചെക്ക്‌പോസ്റ്റ്, നേപ്പാളിലെ ഭവന പുനര്‍നിര്‍മ്മാണ പദ്ധതി തുടങ്ങിയവയുടെ ഉദ്ഘാടനം എത്രയും വേഗം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്താനും ഇരുനേതാക്കളും തീരുമാനിച്ചു.

തയ്യാറാക്കിയത് : പദം സിംഗ്
ആകാശവാണി വാര്‍ത്താനിരീക്ഷകന്‍

വിവരണം : കരോള്‍ എബ്രഹാം