പാകിസ്ഥാനിലെ മാറ്റങ്ങള്‍

പാകിസ്ഥാനില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥയെക്കുറിച്ച് മുതിര്‍ന്ന പാക് പത്രപ്രവര്‍ത്തകന്‍ സലീം സാഫി അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്. രാജ്യത്ത് ഒരു പുതിയ സാമൂഹ്യ ക്രമം രൂപപ്പെടുത്തി എടുക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നീടൊരിക്കലും അതിന് സാധിക്കുകയില്ല. പാകിസ്ഥാനിലെ വിവിധ സ്ഥാപനങ്ങള്‍ പരസ്പരം കലഹിക്കുകയാണെന്നും അന്യോന്യം ചെളിവാരി എറിയുകയാണെന്നും ശ്രീ സലീം സാഫി പറഞ്ഞു. ഈ സ്ഥിതിക്ക് ഒരു മാറ്റം വരണം. മുമ്പ് ചെയ്ത തെറ്റുകള്‍ തിരുത്തി സത്യസന്ധവും
അഴിമതിരഹിതവും വികസനോന്മുഖവുമായ ഒരു രാഷ്ട്രിയ സംവിധാനം രൂപപ്പെടുത്തണം. പാകിസ്ഥാന്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണം കഴിഞ്ഞ കാലങ്ങളില്‍ എടുത്തിട്ടുള്ള തെറ്റായ നിലപാടുകളായിരുന്നുവെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു.
ഗവണ്‍മെന്റ് വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍
പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും അഴിമതി
തടയുന്നതിനും രൂപീകരിച്ച National Accountability Bureau
പ്രതിപക്ഷത്തിന്റെ അഴിമതികളെക്കുറിച്ച് അന്വേഷിക്കുന്നതിനും അവരെ തരം താഴ്ത്തുന്നതിനും മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. ഇത് ആ സ്ഥാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തെ തന്നെ തുരങ്കം വയ്ക്കുന്ന ഒരു നടപടിയാണ്.
പാകിസ്ഥാനില്‍ ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് പ്രചാരണ പരിപാടികളില്‍ മാത്രം ശ്രദ്ധ ചെലുത്തുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പരിഗണന നല്കാതിരിക്കുകയുമാണ്. പാര്‍ലമെന്റില്‍ വലിയ ഭൂരിപക്ഷമില്ലെങ്കിലും നയപരമായ പല കാര്യങ്ങളും വളരെ എളുപ്പം നടപ്പിലാക്കാന്‍ ഇമ്രാന്‍ ഗവണ്‍മെന്റിന് സാധിക്കുന്നുണ്ട്. സൈനിക മേഖലയില്‍ നിന്നും ഗവണ്‍മെന്റിന് ലഭിക്കുന്ന ശക്തമായ പിന്തുണ മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

പാക് ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷത്തെക്കാളുപരി മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങളാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ നവംബറില്‍ സൈനിക മേധാവിയുടെ പുനര്‍നിയമനം ചോദ്യം ചെയ്ത സുപ്രീംകോടതി നടപടി ഇതിനുദാഹരണമാണ്. മുന്‍ സൈനിക മേധാവി മുഷറഫിന് വധശിക്ഷ വിധിച്ച നടപടിയും ഇതിന്റെ മറ്റൊരു വലിയ ഉദാഹരണമാണ്.
സാധാരണ നിലയില്‍ ഇത്തരത്തിലുള്ള കോടതിവിധികള്‍ ഉണ്ടാകാറില്ല. നിലവില്‍ വെല്ലുവിളി സൃഷ്ടിച്ചാല്‍, ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. സര്‍ക്കാരിനെ നവീകരിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ച് പ്രതിഛായ മാറ്റാനുള്ള ശ്രമം നടത്താനും നിര്‍ബന്ധിതമാകുന്നു.
എന്നാല്‍ ഇത് കൂടാതെ, അധികാരമുള്ള ഒരു സ്ഥാപനത്തെ നേരിടാന്‍ പ്രതിപക്ഷം തയ്യാറാകാത്തത് രസകരമായി തോന്നുന്ന വസ്തുതയാണ്. 2020 ജനുവരി രണ്ടിന് പട്ടാള മേധാവിക്ക് സര്‍വീസ് നീട്ടി നല്‍കാനുള്ള ബില്ലിനെ അംഗീകരിക്കാന്‍ ഗവണ്‍മെന്റിന് പിന്തുണ നല്‍കി. സാഹചര്യങ്ങള്‍ ഇങ്ങനെയിരിക്കെ മുഷറഫിനെതിരെയുള്ള കോടതിവിധി സ്റ്റേ ചെയ്ത് പട്ടാളത്തെ അനുനയിപ്പിക്കാനും ശ്രമമുണ്ടാകും.
ഇത്തരത്തിലുള്ള ജനാധിപത്യ വിരുദ്ധമായ രാഷ്ട്രീയം പാക് പട്ടാളത്തിന്റെ പൊതുവിശ്വാസം ക്രമേണ നഷ്ടപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കും. പട്ടാളത്തിനെതിരെ കൂടുതല്‍ ബുദ്ധിജീവികള്‍ ഇപ്പോള്‍ രംഗത്ത് വരുന്നുണ്ട്.
പാകിസ്ഥാന്‍ പ്രതിപക്ഷം നിലവിലുള്ള സാഹചര്യത്തിന്റെ നേട്ടം കൊയ്യാനുള്ള ശ്രമം നടത്താത്തത് ജനാധിപത്യത്തിന് ഭംഗം വരാതിരിക്കാനാണ്.
ഇപ്പോള്‍ പട്ടാളം ഇമ്രാന്‍ ഗവണ്‍മെന്റുമായി നല്ല ബന്ധത്തിലാണ് . ഈ സാഹചര്യത്തില്‍ പാകിസ്ഥാനിലെ സാഹചര്യം കൂടുതല്‍ മാറുകയാണെങ്കില്‍ അവര്‍ നിലവിലെ സ്ഥിതിയില്‍ തന്നെ തുടരും. പുതിയ സാമൂഹ്യ വ്യവസ്ഥിതിയെന്നത് സ്വപ്നം മാത്രമായി അവശേഷിക്കും.
തയ്യാറാക്കിയത് : അശോക് ബെഹുരിയ
IDSA തെക്കന്‍ ഏഷ്യന്‍ കേന്ദ്രത്തിന്റെ സീനിയര്‍ ഫെല്ലോ
വിവരണം : നരേന്ദ്ര മോഹന്‍