ബാഗ്ദാദിലെ ഇറാന്‍ അമേരിക്ക നിഴല്‍യുദ്ധം

അമേരിക്കയും ഇറാനും തമ്മില്‍ തുടരുന്ന പ്രസ്താവനായുദ്ധം നിര്‍ണായക ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. ഇറാന്‍ അനുകൂല അക്രമികള്‍ നടത്തിയ ആക്രമണം ഒരു അമേരിക്കന്‍ കോണ്‍ട്രാക്ടറുടെ മരണത്തിനും ചില അമേരിക്കന്‍ സൈനികരുടെ പരിക്കിനും ഇടയാക്കിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി.
തുടര്‍ന്ന് അമേരിക്ക അഞ്ച് ഇടങ്ങളിലായി നടത്തിയ പ്രത്യാക്രമണത്തില്‍ ഇരുപത്തഞ്ചോളം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദിലെ യു.എസ്. എംബസിക്കുനേരെ ആക്രമണം നടത്തിക്കൊണ്ടാണ് ഇറാന്‍ തിരിച്ചടിച്ചത്. എം.ബസിയുടെ ചുറ്റുമതില്‍ തകര്‍ക്കാനും ശ്രമം നടന്നു.
ഇറാക്ക് – സിറിയ അതിര്‍ത്തിയിലെ അമേരിക്കന്‍ സൈനികര്‍ക്കു നേരെ ആക്രമണം നടത്തിയത് കത്തീബ് ഹെസ്ബുള്ള എന്ന ഷിയാ അര്‍ദ്ധ സൈനിക വിഭാഗമായിരുന്നു. Popular Mobilisation Forced (PMF) എന്ന ഇറാനിയന്‍, സംഘടനയുടെ ഭാഗമാണ് ഖത്തീബ് ഹെസ്ബുള്ള. ഈ സംഘടന 2003 ല്‍ അമേരിക്ക ഇറാക്കില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇറാക്കില്‍ നടന്ന ആഭ്യന്തരയുദ്ധത്തില്‍ സജീവമായിരുന്നു. സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിന് അനുകൂലമായി നടന്ന ആഭ്യന്തര സമരങ്ങളിലും ഖത്തീബ് ഹെസ്ബുള്ള വളരെ സജീവമായി ഇടപെട്ടിരുന്നു.
ഡിസംബര്‍ 29 ന് അമേരിക്കന്‍ അര്‍ദ്ധ സൈനികര്‍ അഞ്ചിടങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം യു.എസ്. പ്രസിഡന്റ് ട്രംപ് ഇപ്രകാരം ട്വീറ്റ് ചെയ്തു ‘ഞങ്ങള്‍ ശക്തമായി പ്രതികരിച്ചു, എല്ലായ്‌പോഴും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യൂ. ഇപ്പോള്‍ ഇറാന്‍ ഇറാക്കിലെ യു.എസ് എംബസിക്കു നേരെ ഒരാക്രമണം ആസൂത്രണം ചെയ്തുവരികയാണ്. അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കുവേണ്ടി വളരെവേഗം നടപടി സ്വീകരിച്ച ഇറാക്കി ഗവണ്‍മെന്റിന് ശ്രീ ട്രംപ് നന്ദി അറിയിച്ചു. പുതുവര്‍ഷത്തില്‍ അദ്ദേഹം നല്‍കിയ മുന്നറിയിപ്പില്‍ ഇങ്ങനെ പറയുന്നു ‘ഞങ്ങള്‍ക്കുണ്ടായ ജീവനാശത്തിനും നാശനഷ്ടങ്ങള്‍ക്കും ഇറാനായിരിക്കും പൂര്‍ണ ഉത്തരവാദി. അതിന് അവര്‍ വലിയ വില നല്‍കേണ്ടിവരും. ഇതൊരു മുന്നറിയിപ്പല്ല, ഇതൊരു ഭീഷണിയാണ്. നവവത്സരാശംസകള്‍’.
ഇതിനിടയില്‍ ഇറാനിയന്‍ ഖുദ്‌സ് ഫോഴ്‌സ് കമാണ്ടര്‍, മേജര്‍ ജനറല്‍ ഖ്വാസീം സൊലൈമെനി, ഇറാഖി പൗരസേന നേതാവ് അബു മഹ്ദി അല്‍ മെഹാന്തിസ് എന്നിവര്‍ ബാഗ്ദാദില്‍ അമേരിക്കന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പെന്റഗണ്‍ നിര്‍ണായകമായ പ്രതിരോധ നടപടി കൈക്കൊണ്ടു എന്നാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി ഈസ്‌പെര്‍ ഈ ആക്രമണത്തോട് പ്രതികരിച്ചത്.
ഇറാനുമായുണ്ടാക്കിയ ആണവ ഉടമ്പടിയില്‍ നിന്നുമുള്ള ട്രംപ് ഭരണകൂടത്തിന്റെ കഴിഞ്ഞ മെയിലെ ഏകപക്ഷീയമായ പിന്മാറ്റവും അതിനു പിന്നാലെ ഇറാന്‍ ഊര്‍ജരംഗത്തെ ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച ഉപരോധങ്ങളുടെയും ബാക്കിപത്രമായി വേണം നിലവിലെ യു.എസ്. – ഇറാന്‍ സംഘര്‍ഷങ്ങളെ വിലയിരുത്താന്‍.
ഈ ഉപരോധങ്ങള്‍ക്കു പിന്നാലെ, ആഭ്യന്തര തലത്തില്‍ ധനകാര്യ മേഖലയില്‍ ഉണ്ടായ വീഴ്ചകളും ഇറാന്‍ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തില്‍ ഇറാന്‍ ജനത ഒട്ടും തന്നെ തൃപ്തരല്ല ഇതിന്റെ തെളിവെന്നവണ്ണം, കഴിഞ്ഞ ആഴ്ചകളില്‍, സാധാരണ പൗരന്മാരുടെ പ്രതിഷേധങ്ങള്‍ക്കും ഇറാന്‍ സാക്ഷ്യം വഹിച്ചു.
നിലവില്‍, നേരിട്ടുള്ള ഒരു പോരാട്ടത്തില്‍ നിന്നും ഇരുരാഷ്ട്രങ്ങളും അകലം പാലിച്ചിരിക്കുകയാണ്. എന്നാല്‍, യു.എസ്. സഖ്യകക്ഷികളുടെ തന്ത്രപ്രധാന മേഖലകളില്‍, ഇറാനുമായി വളരെ അടുത്ത് ബന്ധം കാത്ത് സൂക്ഷിക്കുന്ന സംഘടനകളുടെ നേതൃത്വത്തില്‍ ഒരു ആക്രമണം ഉണ്ടാവാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇറാന്‍ നടത്തുന്ന ഏത് നടപടിക്കും ആ രാജ്യം വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ് ഇപ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
നിലവിലെ സംഭവവികാസങ്ങളെ, അമേരിക്കന്‍ ആഭ്യന്തര രാഷ്ട്രീയവുമായി ബന്ധിപ്പിച്ചും പരിശോധിക്കേണ്ടിയിരിക്കുന്നു. അമേരിക്കയില്‍ ഒരു വിഭാഗം ജനങ്ങളും ജനപ്രതിനിധികളും നിലവില്‍ പ്രസിഡന്റ് ട്രംപിനെതിരാണ്.
ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക്, യു.എസ്. കോണ്‍ഗ്രസ് കഴിഞ്ഞമാസം അനുവാദം നല്‍കിയിരുന്നു. ക്രിസ്മസ് ഇടവേള കഴിഞ്ഞ് സഭ സമ്മേളിക്കാന്‍ ഇനി അധികനാള്‍ ബാക്കിയില്ല. ഇംപീച്ച്‌മെന്റ് വിഷയം സെനറ്റിനു കൈമാറുന്നതിനുമുമ്പ്, സ്വീകരിക്കേണ്ട നിലപാടുകള്‍ യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി ആവിഷ്‌ക്കരിച്ചു വരികയാണ്. അതുകൊണ്ട് തന്നെ, ആഭ്യന്തര വിഷയങ്ങളില്‍ നിന്നും ജനത്തിന്റെ ശ്രദ്ധ തിരിക്കേണ്ടത് പ്രസിഡന്റ് ട്രംപിന്റെ ആവശ്യം കൂടിയാണ്.
മോണിക്ക ലെവന്‍സ്‌കി വിവാദത്തെ തുടര്‍ന്ന് ഉണ്ടായ ഇംപീച്ച്‌മെന്റ് വിചാരണ കാലയളവില്‍, സമാനമായ ഒരു നീക്കം മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെതിരെയും ഉയര്‍ന്നുവന്നിരുന്നു. അന്ന്, അഫ്ഗാനിസ്ഥാനിലെ അല്‍ഖ്വയ്ദ താവളങ്ങളെ ആക്രമിച്ച് ജനശ്രദ്ധ തിരിച്ചാണ് ക്ലിന്റണ്‍ വിവാദത്തില്‍ നിന്ന് തലയൂരിയത്.
ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടെന്നത് ശരിതന്നെ. പക്ഷെ, അത്തരം സംഘര്‍ഷങ്ങളെ അപകടകരമായ ഒരു നിലയിലേയ്ക്ക് കൊണ്ടുപോകാന്‍ അമേരിക്കയോ, ഇറാനോ, ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. പ്രത്യേകിച്ചും പ്രസിഡന്റ് പദത്തിലേയ്ക്ക് രണ്ടാമതൊരു ഊഴത്തിന് ട്രംപ് തയ്യാറെടുക്കുന്ന ഈ വേളയില്‍ എന്നുവേണം കരുതാന്‍.
1980 ലെ ഇറാന്‍ – അമേരിക്ക ബന്ദി പ്രശ്‌നം, അന്നത്തെ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ പ്രസിഡന്റ് പദവി മോഹങ്ങള്‍ക്ക് തിരിച്ചടിയായ ചരിത്രം ട്രംപ് മറക്കാനിടയില്ല.
വാഷിംഗ്ടണും ടെഹ്‌റാനുമിടയിലെ നാല് പതിറ്റാണ്ട് നീണ്ട സംഘര്‍ഷങ്ങള്‍ക്കായിരുന്നു 444 ദിവസം നീണ്ട അന്നത്തെ ആ സംഭവം വിത്തുപാകിയത്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രസിഡന്റ് ട്രംപോ, ഇറാന്‍ പരമോന്നത നേതാവ് ഖമനേനിയോ ആഗ്രഹിക്കുന്നുമില്ല.
ഇറാന്‍ – അമേരിക്ക സംഘര്‍ഷങ്ങളെ വളരെ കരുതലോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. ഇവിടങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാന്നിധ്യവുംവിദേശ നാണ്യത്തിന്റെ വരവും നമ്മുടെ ഊര്‍ജ്ജാവശ്യങ്ങളും മേഖലയെ വളരെ കരുതലോടെ സമീപിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുമുണ്ട്.
2017 – 18 മുതല്‍, സൗദി അറേബ്യയില്‍ നിന്നാണ് നാം ഏറ്റവും അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഇപ്പോള്‍ തന്നെ ഇന്ത്യ – ഇറാന്‍ ഊര്‍ജ വ്യാപാരത്തിന് ഭീഷണിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയിലെ നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഇറാന്‍ – യു.എസ്. സംഘര്‍ഷങ്ങളില്‍ അയവ് വന്നേ തീരൂ.

തയ്യാറാക്കിയത് : പ്രൊ.പി.ആര്‍. കുമാരസ്വാമി,
പശ്ചിമേഷ്യന്‍ പഠനകേന്ദ്രം, ജെ.എന്‍.യു

വിവരണം : കരോള്‍ അബ്രഹാം