പാകിസ്ഥാനിലെ സിഖ് സമൂഹം

പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ പീഡനം നേരിടുകയാണെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഗുരുദ്വാര നന്‍കന സാഹെബില്‍ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. 400 ലേറെ വരുന്ന ആള്‍ക്കൂട്ടം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും നിരുത്തരവാദപരവും തണുത്തതുമായ ഒരു പ്രതികരണമാണ് ഉണ്ടായത് എന്ന വസ്തുത പാകിസ്ഥാനിലെ സിഖ് സമുദായത്തിന്റെ സുരക്ഷയെപ്പറ്റിയുള്ള നമ്മുടെ ആശങ്കകള്‍ക്കും വഴിതുറന്നിട്ടുണ്ട്.
നങ്കന സാഹെബ്, സിഖ് മതവിശ്വാസികള്‍ക്ക് ഒട്ടേറെ പ്രാധാന്യമുള്ള ആരാധനാ കേന്ദ്രമാണ്. പുണ്യപുരാതനമായ ഈ ഗുരുദ്വാരയിലാണ് 1469 ല്‍ ആദ്യ സിഖ് ഗുരുവായ ഗുരുനാനാക്ക് ദേവ് ജിയുടെ ജനനം.
ഗുരുനാനാക്ക് ദേവ്ജിയുടെ 550-ാം ജിന്മ വാര്‍ഷികം കഴിഞ്ഞ വര്‍ഷമാണ് സിഖ് സമൂഹം ആഘോഷിച്ചതും. പത്താം സിഖ് ഗുരു ഗോബിന്ദ് സിംഗിന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് തൊട്ടടുത്ത ദിവസമാണ് നങ്കന സാഹെബില്‍ അക്രമങ്ങള്‍ അരങ്ങേറിയത് എന്നതാണ് മറ്റൊരു വിരോധാഭാസം.
സിഖ് വിരുദ്ധ മുദ്രാവാക്യം വിളികളുമായാണ് ജനക്കൂട്ടം ആക്രമണം അഴിച്ചു വിട്ടത്. ഗുരുദ്വാരയ്ക്കു നേരെ കല്ലേറിയുകയും ചെയ്തു. ഗുരുദ്വാരയിലെ പുരോഹിതന്റെ മകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റി കല്യാണം കഴിച്ചെന്ന ആരോപണം നേരിടുന്ന യുവാവിന്റെ നേതൃത്വത്തിലാണ് ഇവര്‍ ആക്രമണം നടത്തിയത്.
ഗുരുദ്വാരയ്‌ക്കെതിരെ രോഷപ്രകടനം നടത്തുന്ന അക്രമകാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആ സ്ഥലത്തിന് നന്‍കന സാഹിബ് എന്ന പേരുമാറ്റി ഖുലമാന്‍-ഇ-മുസ്തഫ എന്ന പേരു നല്‍കുമെന്ന് അക്രമകാരികള്‍ പ്രഖ്യാപിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
വലിയൊരു വിഭാഗം സിഖ് മതവിശ്വാസികള്‍, ആക്രമണം നടക്കുമ്പോള്‍ ഗുരുദ്വാരയ്ക്കുള്ളിലുണ്ടായിരുന്നു ഗുരുദ്വാരയ്ക്കു നേരെ കരുതിക്കൂട്ടി നടത്തിയ അക്രമങ്ങളെ ഇന്ത്യ അതിശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നങ്കന സാഹെബിലെ വീട്ടില്‍ നിന്നും സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണങ്ങളെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
പാകിസ്ഥാനിലെ സിഖ് സമൂഹത്തിന്റെ സുരക്ഷ ക്ഷേമം എന്നിവ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കണമെന്നും കേന്ദ്രഗവണ്‍മെന്റ് ആവശ്യപ്പെട്ടു. ഗുരുദ്വാരയുടെ പവിത്രതയ്ക്ക് കളങ്കം വരുത്തി സിഖ് സമുദായംഗങ്ങളെ ക്രൂരമായി അക്രമിച്ചവര്‍ക്കു നേരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
നന്‍കന സാഹിബ് ഗുരുദ്വാരയുടെ വിശുദ്ധി കാത്തു സൂക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്നും ഇന്ത്യ ഓര്‍മ്മിപ്പിച്ചു.
വിശ്വാസികളെ രക്ഷിയ്ക്കാനും ഗുരുദ്വാരയെ സംരക്ഷിക്കാനുമുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിരുന്നു.
ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തെ അപലപിക്കുന്നതായി കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു. പാകിസ്ഥാനില്‍ ന്യൂനപക്ഷ പീഢനം നടക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ആരാധനാ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണം പാകിസ്ഥാന്റെ യഥാര്‍ത്ഥ മുഖം ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയതായും അവര്‍ ചൂണ്ടിക്കാട്ടി.
ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സിഖ് മതവിശ്വാസികള്‍ എന്നിവരും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനുമുന്നില്‍ നിരവധി പേരാണ് പ്രതിഷേധവുമായെത്തിയത്.
എന്നാല്‍, അക്രമം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വിഷയത്തില്‍ ഒരു പ്രതികരണം നടത്താന്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തയ്യാറായത് തന്നെ തന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം സംഭവങ്ങളെന്നും, അക്രമത്തിന് പിന്നിലുള്ളവര്‍ക്ക് നേരെ കര്‍ശന നടപടിയുണ്ടാകുമെന്നുമായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ പ്രതികരണം.
എന്നാല്‍ ഇതിനിടയിലും ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പതിവ് ഇമ്രാന്‍ഖാന്‍ മറന്നതുമില്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളും നങ്കന സാഹെബിലെ സംഭവും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്നായിരുന്നു ഇമ്രാന്‍ഖാന്റെ നിരീക്ഷണം.
എന്നാല്‍ തങ്ങളുടെ രാജ്യത്തിന്റെ സമാധാനത്തിന് വിലങ്ങ് തടിയാകുന്ന ഒരു വിഭാഗത്തെപ്പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത പാക്ക് ഭരണകൂടത്തിന്റെ കഴിവില്ലായ്മയാണ് ഇത്തരം നിലപാടുകള്‍ വ്യക്തമാക്കുന്നത്.
പാക്ക് പ്രധാനമന്ത്രിയുടെ പ്രതികരണത്തിനു മുന്‍പ് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നങ്കന സാഹെബ് വാര്‍ത്തകള്‍ തികച്ചും കുപ്രചരണങ്ങള്‍ മാത്രമാണെന്നും ഒരു ചായ കടയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ ചെറിയൊരു തര്‍ക്കം മാത്രമാണ് സംഭവമെന്നുമായിരുന്നു അവരുടെ ഭാഷ്യം.
2019 നവംബറില്‍ കര്‍ത്താപ്പൂര്‍ ഇടനാഴി തുറന്നതിലൂടെ മറയ്ക്കാന്‍ ശ്രമിച്ച പാക്ക് കാപട്യമാണ് ഈ സംഭവത്തോടെ പുറത്ത് വന്നിരിക്കുന്നത്.
പാകിസ്ഥാനിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ സുരക്ഷിതമായി കഴിയണമെങ്കില്‍ ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹം ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തിയേ മതിയാകു.

തയ്യാറാക്കിയത് : അശോക് സജ്ജാനാര്‍
മുന്‍ ഇന്ത്യന്‍ നയതന്ത്ര പതിനിധി

വിവരണം : കരോള്‍ അബ്രഹാം