ഗള്‍ഫ് മേഖലയുടെ സമാധാനത്തിനായി ഇന്ത്യയുടെ ആഹ്വാനം

ഇറാനിയന്‍ സേനാ തലവന്‍ മേജര്‍ ജനറല്‍ ഖ്വാസിം സൊലൈമാനിയുടെ വധത്തെ തുടര്‍ന്ന് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ പിരിമുറുക്കം വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കന്‍ സേനയുടെ ആക്രമണത്തെ തുടര്‍ന്നാണ് സൊലൈമാനി കൊല്ലപ്പെട്ടത്. ഈ പശ്ചാത്തലത്തില്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവിദ് സരീഫുമായി ടെലഫോണ്‍ സംഭാഷണം നടത്തി. മേഖലയിലെ സംഭവ വികാസങ്ങള്‍ അത്യന്തം ഗുരുതരമാണെന്ന് ഡോ. എസ് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. മേഖലയില്‍ നിലനില്‍ക്കുന്ന പിരിമുറുക്കങ്ങളില്‍ വിദേശകാര്യമന്ത്രി അതീവ ഉല്‍കണ്ഠ രേഖപ്പെടുത്തി. നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് 19-ാമത് സംയുക്ത കമ്മിഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ടെഹ്‌റാനില്‍ എത്തിയ ഡോ എസ് ജയശങ്കര്‍ ഉന്നത ഇറാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡന്റ് ഹസ്സന്‍ റുഹാനി, വിദേശകാര്യമന്ത്രി മുഹമ്മദ് ജാവിദ് സെരീഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു. ഈ മാസം 14 ന് റയ്‌സിനാ സംഭാഷണങ്ങളില്‍ പങ്കെടുക്കുന്നതിനായി സെരീഫ് ഇന്ത്യയിലെത്തുമെന്നും കരുതുന്നു.
ഇറാഖ്, സിറിയ, ലെബനന്‍, യെമന്‍ എന്നീ മേഖലകളില്‍ ഇറാന്റെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു ഖ്വാസിം സൊലൈമാനി. സൊലൈമാനിയുടെ വധത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഇറാനിയന്‍ നേതാക്കളുമായുള്ള വാക് പോരിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യ-ഇറാന്‍ ടെലിഫോണ്‍ സംഭാഷണം ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്നു സൊലൈമാനി.
അമേരിക്കയ്‌ക്കെതിരെ കഠിനമായ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ഉടന്‍തന്നെ പ്രതിജ്ഞയെടുത്തു. ‘വളരെ മുന്‍പുതന്നെ മേഖലയിലെ അമേരിക്കന്‍ ലക്ഷ്യസ്ഥാനങ്ങള്‍ തങ്ങള്‍ കണ്ടുവച്ചിട്ടുണ്ടെന്ന്’ മുതിര്‍ന്ന റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ പറഞ്ഞു. ടെല്‍ അവീവ് ഉള്‍പ്പെടെ 35 കേന്ദ്രങ്ങള്‍ തങ്ങളുടെ കൈയ്യെത്തും ദൂരത്താണെന്നും അദ്ദേഹം പറഞ്ഞു.
ഇത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ചൊടിപ്പിച്ചു. അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഏതെങ്കിലും കേന്ദ്രങ്ങളെ തൊട്ടാല്‍ ഇറാന്റെ തന്ത്രപ്രധാനവും പൈതൃകപരവും സാംസ്‌കാരിക പ്രാധാന്യമുളളതുമായ 52 ഓളം കേന്ദ്രങ്ങളെ അതികഠിനമായി ആക്രമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്‍ മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ആക്രമണമായിരിക്കും അതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
സൊലൈമാനിയുടെ കൊലപാതകം അയത്തൊള്ള ഖമേനിയെ സംബന്ധിച്ചിടത്തോളം 1989 ല്‍ അധികാരമേറിയ ശേഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
അമേരിക്കയെ വെല്ലുവിളിക്കുന്നതിനും, ഇറാന്‍ അനുകൂലികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനുമായി ഇറാന് പ്രതികരിക്കേണ്ടതുണ്ട്. ആ പ്രതികരണം സൊലൈമാനിയുടെ സാംസ്‌കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയായതിനുശേഷം ഉണ്ടാകാനാണ് സാധ്യത.
ഗള്‍ഫ് മേഖലയിലെ ഇപ്പോഴത്തെ സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ മറ്റ് അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ഇന്ത്യയും തിരിച്ചറിയുന്നു. മേഖലയില്‍ സാമാധാനവും സ്ഥിരതയും സുരക്ഷയും നിലനിറുത്തുന്നതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി ഇന്ത്യ സൊലൈമാനിയുടെ വധത്തിന് തൊട്ടുപിന്നാലെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. പ്രശ്‌നം വലുതാക്കാതെ സംയമനം പാലിക്കണമെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡോ. സരീഫുമായുള്ള ടെലഫോണ്‍ സംഭാഷണത്തിനുശേഷം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായും യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ടെലഫോണില്‍ സംസാരിച്ചു.
അമേരിക്കന്‍ നടപടിയോടുള്ള ഇറാന്റെ പ്രതികരണം എപ്പോള്‍ എവിടെ ഉണ്ടാകുമെന്നുള്ളതാണ് പ്രസക്തമായ ചോദ്യം. നയതന്ത്ര സമൂഹത്തെ ഇത് ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങളിലേയ്‌ക്കോ നേരിട്ട് അമേരിക്കയിലേയ്‌ക്കോ ഉള്ള ആക്രമണം ഇറാന് ചെലവേറിയതാണ്. മാത്രമല്ല ഇതിനെതിരെ അമേരിക്കയുടെ പ്രതികരണം താങ്ങാവുന്നതിലപ്പുറവുമായിരിക്കും. അതുകൊണ്ട് ഇസ്രായേല്‍, ഇറാക്ക്, സൗദ്യ അറേബ്യ തുടങ്ങി മധ്യ കിഴക്കന്‍ മേഖലയില്‍ അമേരിക്കന്‍ സഖ്യരാജ്യങ്ങളെ ഇറാന് ലക്ഷ്യമാക്കാം.
ഈ രാജ്യങ്ങളുമായെല്ലാം ഇന്ത്യയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ഇറാന്റെ ആക്രമണം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെങ്കിലും ഇറാന്റെ ഏതൊരു പ്രതികരണവും ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രാധാന്യമേറിയ ഗള്‍ഫ് മേഖലയെ ആളിക്കത്തിക്കാന്‍ പോന്നതാകും.
ഊര്‍ജ്ജ സുരക്ഷ, ഛാബഹാര്‍ തുറമുഖം, മധ്യേഷ്യയിലേക്കുള്ള പാത എന്നിവയാണ് ഇറാനുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ താല്പര്യങ്ങള്‍. ഇറാന്റെ ആശങ്കകള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ മനസ്സിലാക്കുന്നുവെന്ന സന്ദേശം കൈമാറാന്‍ ഇന്ത്യയ്ക്കായിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യബോധത്തോടെ പ്രശ്‌നങ്ങളെ സമീപിക്കാനും സൊലൈമാനിയുടെ വധത്തിനുശേഷമുള്ള പ്രതികരണത്തില്‍ മിതത്വം പാലിക്കാനും ഇറാനെ പ്രേരിപ്പിക്കും. അന്താരാഷ്ട്ര പിന്തുണയും ഇന്ത്യയുടെ സമീപനവും ഇറാന്റെ നീക്കങ്ങളെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

തയ്യാറാക്കിയത് : പ്രൊഫ. പി.ആര്‍ കുമാരസ്വാമി
പശ്ചിമേഷ്യാ പഠനകേന്ദ്രം, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല

വിവരണം : രഞ്ജിത്