ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ സിംഗപ്പൂര്‍ സഹകരണം

സിംഗപ്പൂര്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗവും സാമൂഹ്യനയ രൂപീകരണത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രിയുമായ ശ്രീ. തര്‍മന്‍ ഷണ്‍മുഖരത്‌നം ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമനെയും അദ്ദേഹം സന്ദര്‍ശിച്ചു. സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെയും വിദേശകാര്യമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുംബൈയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെക്കണ്ട ശ്രീ. ഷണ്‍മുഖരത്‌നം വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തി.
വ്യാപാരവും, നിക്ഷേപവും സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകളാണ് സന്ദര്‍ശനത്തിലെ മുഖ്യ അജണ്ട. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, അടിസ്ഥാനസൗകര്യം, നൈപുണ്യ വികസനം, ഇന്ത്യ-സിംഗപ്പൂര്‍ സമഗ്രസാമ്പത്തിക സഹകരണം എന്നിവ ചര്‍ച്ചയില്‍ ഇടം പിടിച്ചു.
2022 ല്‍ ജി-20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് അദ്ദേഹം പിന്തുണ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വളര്‍ച്ചയിലാണ്. 2019 ല്‍ 26 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വര്‍ദ്ധന വ്യാപാരത്തിലുണ്ടായി. എന്നാലിത് കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനാണ് ഇന്ത്യയും സിംഗപ്പൂരും ആഗ്രഹിക്കുന്നത്. മേഖലാ സമഗ്ര സാമ്പത്തിക സഹകരണ കൂട്ടായ്മയായ RCEP കരാറില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയതോടെ 2005 ല്‍ നിലവില്‍ വന്ന ഉഭയകക്ഷി കരാറായിരിക്കും ഇന്ത്യ-സിംഗപ്പൂര്‍ വ്യാപാരത്തിന് അടിസ്ഥാനം. ഈ കരാര്‍ 2018 ല്‍ പുനരവലോകനം ചെയ്യുകയുണ്ടായി. ഐ.ടി. മേഖലയിലെയും സേവന മേഖലയിലെയും പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സിംഗപ്പൂര്‍ തുറന്നു നല്‍കുന്നതോടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാവുകയും ചെയ്യും.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ചയില്‍ വിശ്വാസം പ്രകടിപ്പിച്ച ശ്രീ. ഷണ്‍മുഖരത്‌നം, ടെക്‌നോളജി പാര്‍ക്കുകളിലും ചരക്കു – ഗതാഗത മേഖലയിലും നിക്ഷേപനം നടത്തുന്നതിന് താലപര്യം അറിയിച്ചു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഇടിവു രേഖപ്പെടുത്തുമ്പോഴും സിംഗപ്പൂര്‍ പ്രകടിപ്പിക്കുന്ന ഈ വിശ്വാസം ഇന്ത്യയ്ക്ക് ഊര്‍ജ്ജം പകരുന്നതാണ്. സിംഗപ്പൂരാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപകരെന്ന കാര്യം പരിഗണിക്കുമ്പോഴാണ് ഇതിന്റെ പ്രാധാന്യം വ്യക്തമാകുന്നത്.
അടിസ്ഥാനസൗകര്യ വികസന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇന്ത്യ, സിംഗപ്പൂരിന്റെ സഹകരണം അഭ്യര്‍ത്ഥിച്ചു. 102 ലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് അടുത്തിടെ ഇന്ത്യ പ്രഖ്യാപിച്ചത്. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ പദ്ധതിയും ഇതിലുള്‍പ്പെടുന്നു. അടിസ്ഥാനസൗകര്യ വികസനത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ് പദ്ധതി നടത്തിപ്പിലൂടെ പ്രതീക്ഷിക്കുന്നത്. വിഭവ സമാഹരണം വളരെ നിര്‍ണ്ണായകമായ ഈ പദ്ധതിക്ക് സിംഗപ്പൂര്‍ സഹകരണം അനിവാര്യമാണ്.
സിംഗപ്പൂര്‍ നടപ്പാക്കുന്ന നെറ്റ്‌വര്‍ക്ക്ഡ് ട്രേഡ് പ്ലാറ്റ്‌ഫോം പദ്ധതിയില്‍ ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സിംഗപ്പൂര്‍ കസ്റ്റംസ് വകുപ്പിന്റെ മുന്‍കൈയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഈ പ്ലാറ്റ്‌ഫോം വ്യാപാരം വേഗത്തിലാക്കാന്‍ സഹായകമാണ്. ഡിജിറ്റല്‍, ഇ-കോമേഴ്‌സ് രംഗത്തെ സഹകരണം സമ്പദ്‌വ്യവസ്ഥയെ തൊഴില്‍ കേന്ദ്രീകൃത വ്യവസ്ഥയില്‍ നിന്ന് സാങ്കേതിക വിദ്യാ കേന്ദ്രീകൃതമാക്കി പരിവര്‍ത്തനപ്പെടുത്തും.
റിസര്‍വ്വ് ബാങ്കില്‍ നടന്ന മൂന്നാമത് സുരേഷ് ടെന്‍ഡുല്‍ക്കല്‍ അനുസ്മരണത്തില്‍ ശ്രീ. ഷണ്‍മുഖരത്‌നം മൗലികതയിലൂന്നിയുള്ള വികസ്വര സമൃദ്ധി എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. മാനവവിഭവ ശേഷി, ശുചിത്വമുള്ള സ്മാര്‍ട്ട് സിറ്റികള്‍ എന്നിവ കേന്ദ്രീകരിച്ച് ഘടനാപരമായ പരിവര്‍ത്തനം എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവച്ചതെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നൈപുണ്യ വികസനം,
തൊഴില്‍ശക്തി എന്നിവയാണ് പരിവര്‍ത്തനം വരേണ്ട മേഖലകള്‍. സുസ്ഥിര വികസനത്തിന്റെ കേന്ദ്രങ്ങളായി നഗരങ്ങള്‍ മാറണം. ഈ കാര്യങ്ങളില്‍ സിംഗപ്പൂരില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധ്യതകളേറെയാണ്.
ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിലും ഇന്ത്യ-സിംഗപ്പൂര്‍ ബന്ധം വളരുകയാണ് എന്ന് പറയാം. 12 ലക്ഷം ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് 2019 ല്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചത്. ചൈനയും ഇന്തോനേഷ്യയും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ഇക്കാര്യത്തില്‍ ഇന്ത്യ. സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.

തയ്യാറാക്കിയത് : ഡോ.രാഹുല്‍ മിശ്ര,
ദക്ഷിണേഷ്യന്‍-പൂര്‍വ്വേഷ്യന്‍ കാര്യങ്ങളിലെ
വിദഗ്ധന്‍.

വിവരണം : രഞ്ജിത്ത് പി.