ഇറാന്‍ പിരിമുറുക്കം കുറയ്ക്കണമെന്ന് ഇന്ത്യ

ഇറാന്റെ സൈനിക ജനറലായിരുന്ന ഖ്വാസിം സൊലൈമാമിയെ ബാഗ്ദാദ് വിമാനത്താവളത്തില്‍ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത് ഗള്‍ഫ് മേഖലയിലെ അസ്വസ്തത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇറാനില്‍ അമേരിക്കക്കെതിരായ ജനവികാരത്തിന്റെ മൂര്‍ച്ചകൂട്ടാന്‍ ഇത് വഴിയൊരുക്കി. മാത്രമല്ല ഇരുരാജ്യങ്ങളും തമ്മില്‍ കൂടിയാലോചനകള്‍ക്ക് ഇടമില്ലാത്തവിധം പ്രശ്‌നം വിഷളാവുകയും ചെയ്തു. മധ്യ-കിഴക്കന്‍ മേഖലയില്‍ നിന്നും സേനയെ പിന്‍വലിക്കുമെന്നും ഇറാനെ ആണവായുധ രാജ്യമാക്കുന്നതില്‍ നിന്നും തടയും എന്നുമുള്ള അമേരിക്കയുടെ രണ്ട് പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് ഇത് വിലങ്ങുതടിയായിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള അമേരിക്കയുടെ ഏകപക്ഷീയമായ ഈ നീക്കം ഗള്‍ഫ് മേഖലയിലെ സഖ്യകക്ഷികളെ ആശങ്കപ്പെടുത്തുന്നു. അടുത്തിടെ ഇറാനുമായുള്ള പിരിമുറുക്കങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു ഗള്‍ഫ് രാഷ്ട്രങ്ങള്‍.
ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിച്ചുകൊണ്ട് സൊലൈമാനിയുടെ മരണത്തിന് ഇറാന്‍ പകരം വീട്ടി. ജനറല്‍ സൊലൈമാനി സൈനിക മേധാവിയായതുകൊണ്ടു തന്നെയാണ് അമേരിക്കയുടെ സേനാതാവളങ്ങള്‍ ആക്രമിച്ചതെന്ന് ഇറാന്‍ വെളുപ്പെടുത്തി. അല്‍ അസദ,് ഇര്‍ബില്‍ എന്നീ വ്യോമതാവളങ്ങളില്‍ ഉണ്ടായ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്കോ ഇറാഖ് സൈനികര്‍ക്കോ അപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം. ഇതിനു മറുപടിയായി അമേരിക്ക ഇറാനെ ആക്രമിക്കില്ലെന്ന സൂചനയാണ് ട്രംപ് നല്‍കിയിട്ടുള്ളത്. തല്ക്കാലം കൂടുതല്‍ നടപടികള്‍ക്കില്ലെന്ന സൂചന ഇറാനും നല്‍കിയിട്ടുണ്ട്. ഈ ഉറപ്പുകള്‍ക്കപ്പുറം കലുഷിതമായ ഗള്‍ഫ് മേഖലയിലെ പിരിമുറുക്കങ്ങള്‍ക്ക് അയവു വന്നിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത ഊര്‍ജ്ജമേഖലയില്‍ നേരിട്ടുള്ള പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തി. ക്രൂഡ് ഓയില്‍ വില, ഷിപ്പിങ് ചാര്‍ജ്ജ് എന്നിവയില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ അത് കാരണമായിട്ടുണ്ട്. ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറുക്കുമതി ചെയ്യുന്നില്ലെങ്കിലും ഇന്ത്യയുടെ ഇന്ധനാവശ്യങ്ങളില്‍ 80 ശതമാനവും ഗള്‍ഫ് മേഖലയില്‍ നിന്നുമുള്ള ഇറക്കുമതിയാണ്. ഈ പശ്ചാത്തലത്തില്‍ എണ്ണവിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ഇന്ത്യന്‍ സമ്പദ് വ്യവസഥയെ പ്രതികൂലമായി ബാധിക്കും.
മേഖലയില്‍ ചരക്കുകപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണത്തെ തുടര്‍ന്ന് നാവിക സുരക്ഷ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി നാവികസേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. നാവിക സുരക്ഷ തുടരേണ്ടിവരുന്നത് ഇന്ത്യയ്ക്ക് അസംസ്‌കൃത എണ്ണയുടെ വിലവര്‍ദ്ധനവിനു പുറമേ അധിക സാമ്പത്തിക ഭാരം ഉണ്ടാക്കുന്നതിനും ഇടയാക്കും.
എണ്ണ പ്രതിസന്ധിക്കുപുറമേ സൈനികാക്രമണങ്ങള്‍ അറേബ്യന്‍ രാജ്യങ്ങളിലെ ഇന്ത്യാക്കാരെ പ്രതിസന്ധിയിലാക്കും. മേഖലയില്‍ 80 ലക്ഷത്തോളം ഇന്ത്യാക്കാരാണുള്ളത്. ഇവര്‍ ഇന്ത്യയിലേക്ക് അയക്കുന്ന വരുമാനം പ്രതിവര്‍ഷം 400 കോടിയോളം ഡോളറാണ്. പ്രവാസികളുടെ സുരക്ഷ ഇന്ത്യാ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. മുന്‍പ് ഗള്‍ഫിലെ സംഘര്‍ഷമേഖലകളില്‍ നിന്ന് പൗരന്മാരെ ഇന്ത്യാ ഗവണ്‍മെന്റ് വിജയകരമായി ഒഴിപ്പിച്ചിരുന്നു.
മറ്റൊരു വലിയ പ്രതിസന്ധി, ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപര ബന്ധമാണ്. അയല്‍ബന്ധം ശക്തമാക്കുക എന്ന നയത്തിന്റെ ഭാഗമായി ഇന്ത്യ ഒമാന്‍, സൗദിഅറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായി വ്യാപാര-സാമ്പത്തിക ബന്ധങ്ങള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഗള്‍ഫ് പ്രതിസന്ധി ഈ ബന്ധങ്ങളെ ദോഷകരമായി ബാധിക്കാനിടയാക്കും.
ഈ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി യെസ്പറുമായി സംസാരിച്ചു. മേഖലയിലെ സുരക്ഷാ സ്ഥിതി ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. മേഖലയിലുള്ള ഇന്ത്യയുടെ താല്പര്യങ്ങളും ബന്ധങ്ങളും ശ്രീ രാജ്‌നാഥ് സിംഗ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയെ ധരിപ്പിച്ചു. ഇപ്പോഴത്തെ പിരിമുറുക്കങ്ങളില്‍ ഇന്ത്യയുടെ ഉല്‍കണ്ഠ ശ്രീ രാജ്‌നാഥ്‌സിംഗ് അറിയിച്ചു. ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ഇരിനേതാക്കളും സന്നദ്ധത പ്രകടിപ്പിച്ചു.
തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖ വികസനത്തില്‍ ഇറാന്റെ പങ്കാളിയാണ് ഇന്ത്യ. പാകിസ്ഥാനെ ഒഴിവാക്കിക്കൊണ്ട് മധ്യേഷ്യയുമായും അഫ്ഗാനിസ്ഥാനുമായി ഇന്ത്യയ്ക്ക് വ്യാപാര ബന്ധം സ്ഥാപിക്കാനുള്ള പ്രധാന കണ്ണിയാണ് ചബഹാര്‍ ഇറാനെതിരായ ഉപരോധം ഇന്ത്യന്‍ കമ്പനികളെ നിക്ഷേപങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയും മേഖലയിലെ അസ്ഥിരത, തുറമുഖത്തിനുള്ള നിക്ഷേപം കുറയ്ക്കുകയും ചെയ്യും. മേഖലയുമായുള്ള ഇന്ത്യയുടെ വന്‍കിട പദ്ധതികള്‍ക്ക് ഇത് ദോഷകരമാണ്.
ഈ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും അവിടെ നിലനില്‍ക്കുന്ന പിരിമുറുക്കം പരമാവധി കുറയ്ക്കുന്നതിന് ഇന്ത്യ ബഹുമുഖ ശ്രമങ്ങള്‍ നടത്തുകയും ചെയ്യേണ്ടതാവശ്യമാണ്.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം

തയ്യാറാക്കിയത് : ഡോ. സ്തുതി ബാനര്‍ജി
നയതന്ത്ര വിശകലന വിദഗ്ധ
വിവരണം : അനില്‍ കുമാര്‍