സേനാമേധാവിയുടെ കാലാവധി നീട്ടലും പാകിസ്ഥാലെ രാഷ്ട്രീയ പ്രതിസന്ധിയും

പാകിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ബജ്വയുടെ കാലാവധി കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനത്തിലൂടെ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചുമതല ഒഴിയേണ്ടിയിരുന്ന കരസേനാ ബേധാവിയുടെ കാലാവധിയാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രത്യേക ഉത്തരവിലൂടെ നീട്ടി നല്‍കിയത്. ബലാകോട്ട് വ്യോമാക്രമണം, പുല്‍വാമ സ്‌ഫോടനം, ജമ്മു കശ്മീരിലെ ഇന്ത്യയുടെ ഭരണഘടനാ മാറ്റങ്ങള്‍, നിയന്ത്രണ രേഖയിലെ വര്‍ദ്ധിച്ചു വരുന്ന പിരിമുറുക്കങ്ങള്‍ എന്നിങ്ങനെയുള്ള പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. പാകിസ്ഥാന്റെ ദേശീയ, പ്രാദേശിക സുരക്ഷാ അന്തരീക്ഷത്തെ ഭീഷണിപ്പെടുത്തുന്ന ഒരു അസാധാരണ സാഹചര്യം സൃഷ്ടിക്കപ്പെട്ടുവെന്നാണ് തീരുമാനത്തിന് പിന്നിലുള്ള പാകിസ്ഥാന്റെ ന്യായം. എന്നാല്‍ അതിശയകരമായ ഒരു നീക്കത്തിലൂടെ, പാകിസ്ഥാന്‍ സുപ്രീം കോടതി കഴിഞ്ഞ നവംബര്‍ 26 ന് കാലാവധി നീട്ടിനല്‍കിയ ഈ ഉത്തരവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിയമപരമായ നടപടിക്രമങ്ങളിലെ ക്രമക്കേടുകളും പഴുതുകളും ചൂണ്ടിക്കാട്ടുകയും ഉത്തരവിന്റെ യുക്തിയെ കോടതി ചോദ്യം ചെയ്യുകയും ചെയ്തു. ആര്‍ട്ടിക്കിള്‍ 243, ക്ലോസ് 3 പ്രകാരം സൈനിക നിയമത്തില്‍ അവ്യക്തതകളുണ്ടെന്നും ഇതില്‍ കാലാവധിയും കാലാവധിയുടെ നീട്ടലുകളും പരാമര്‍ശിക്കുന്നില്ലെന്നും സുപ്രീം കോടതി അടിവരയിട്ടു പറഞ്ഞു. കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടുന്നതിനും വീണ്ടും നിയമിക്കുന്നതിനുമായി നിയമനിര്‍മ്മാണം നടത്താന്‍ പി.ടി.ഐ ഗവണ്‍മെന്റിനോട് കോടതി ഉത്തരവിട്ടു. അല്ലാത്തപക്ഷം ആറുമാസത്തിനുശേഷം ബജ്വ വിരമിക്കുമെന്നും പ്രഖ്യാപിച്ചു.

സുപ്രീം കോടതി ഉത്തരവ് പാകിസ്ഥാന്‍ ഗവണ്‍മെന്റിനെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. കാരണം പാര്‍ലമെന്റില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു നിയമനിര്‍മ്മാണം നടത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഇക്കാര്യത്തില്‍ ആവശ്യമാണ്. ഭരണഘടനാ ഭേദഗതി വരുത്തുക എന്നത് മാത്രമാണ് ഇതിന് സ്ഥിരമായ പരിഹാരം, എന്നാല്‍ ഇതിനായി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ ഗവണ്‍മെന്റിന് ആവശ്യമാണുതാനും. മുന്‍കാലങ്ങളില്‍ സൈനിക മേധാവികളുടെ കാലാവധി പാകിസ്ഥാന്‍ ഗവണ്‍മെന്റ് നീട്ടി നല്‍കിയത് യാതൊരു നിയമവുമില്ലാതെയാെണന്നുള്ളതും ശ്രദ്ധേയമാണ്.
ഔദ്യോഗിക സൈനിക ഉപദേശപ്രകാരം പി.ടി.ഐ ഗവണ്‍മെന്റ് പ്രതിപക്ഷത്തോടുള്ള നിലപാട് മയപ്പെടുത്താന്‍ കാരണമായി. സേവന കാലാവധി ബില്‍ ദേശീയ അസംബ്ലിയിലും സെനറ്റിലും പാസാക്കാന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷവുമായി സംസാരിക്കാനും ഗവണ്‍മെന്റ് ശ്രമിച്ചു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ പി.എം.എല്‍-എന്‍ മുതിര്‍ന്ന നേതാവായ റാണ സനൗല്ലയ്ക്ക് ജാമ്യം, മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം, ലണ്ടനില്‍ നിന്ന് പാകിസ്ഥാനിലേക്ക് നവാസ് ഷെരീഫിന്റെ മടക്കം ഇവയെയൊന്നും ഗവണ്‍മെന്റ് വിമര്‍ശിച്ചില്ല. ഇക്കാര്യങ്ങളെല്ലാം ഈ വര്‍ഷം ജനുവരി 07-ന് സേവന നിയമം പാസാക്കാന്‍ വഴിയൊരുക്കുകയും ചെയ്തു. സൈന്യത്തിന്റെ മാത്രമല്ല സര്‍വീസിലുള്ള എല്ലാ മേധാവികളുടെയും കാലാവധി നിയന്ത്രിക്കുന്നതാണ് പുതിയ നിയമം. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ പി.എം.എല്‍-എന്‍, പി.പി.പി എന്നിവയുടെ എതിര്‍പ്പ് കൂടാതെയാണ് മൂന്ന് നിയമ ഭേദഗതികള്‍ പാസായത്. പാകിസ്ഥാന്‍ സൈനിക (ഭേദഗതി) നിയമം 2020, പാകിസ്ഥാന്‍ നാവിക (ഭേദഗതി) നിയമം 2020, പാകിസ്ഥാന്‍ വ്യോമസേന (ഭേദഗതി) നിയമം 2020 എന്നിവയാണ് ദേശീയ അസംബ്ലിയിലും ഉപരിസഭയായ സെനറ്റിലും അവതരിപ്പിച്ച് പാസാക്കിയത്.
സര്‍വ്വീസ് മേധാവികളെ സംബന്ധിച്ച നിയമവ്യവസ്ഥകള്‍ തയ്യാറാക്കുന്നതിനെ ചൊല്ലി ഇതിനകം തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സേവന മേധാവികളെ വീണ്ടു നിയമിക്കുന്നതിലും അവരുടെ കാലാവധി നീട്ടുന്നതിലും ഉള്ള ബില്ലുകള്‍ ഒപ്പു വെയ്ക്കാന്‍ രാഷ്ട്രപതിക്ക് കൂടുതല്‍ വിവേചനാധികാരം നല്‍കുമോ എന്ന ചോദ്യം ഈ അവസരത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്. ബജ്‌വയുടെ കാലാവധി സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവിനായി ജൂഡീഷ്യല്‍ അവലോകനം നടത്തി പാകിസ്ഥാന്‍ ഗവണ്‍മെന്റ് പാര്‍ലമെന്റിന്റെ വഴി സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് പലരും ചോദിച്ചു. ഖാന്‍ ഗവണ്‍മെന്റിന്റെ നിയമവകുപ്പ് ആശയക്കുഴപ്പത്തിലാണെന്ന് ഇത് അടിവരയിടുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സര്‍വ്വീസ് മേലാധികാരികളെ സംബന്ധിച്ച് നിയമങ്ങള്‍ വളരെ അവ്യക്തമാണ്. മൂന്ന് സേനാത്താലവന്മാരുടെയും വിരമിക്കല്‍ പ്രായം ഇതിനകം 64 ആയി ഉയര്‍ത്തി.
കരസേനാ മേധാവിയുടെ കാലാവധി നീട്ടാന്‍ രാജ്യത്തെ പ്രധാനമന്ത്രിയെ ഇത് പ്രാപ്തമാക്കി. ഏത് മേധാവിയെയും ആവശ്യമെന്ന് തോന്നിയാല്‍ പ്രധാനമന്ത്രിക്ക് പുറത്താക്കാം. എന്നാല്‍ ഇത് സാധ്യമാകുമോ? എന്നാല്‍ നവാസ് ഷെരീഫിന്റെ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് അങ്ങനെ ചെയ്യാന്‍ ശ്രമിച്ചു. ഫലം സൈന്യം അധികാരം പിടിച്ചെടുത്തു. അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിപക്ഷം ഗവണ്‍മെന്റില്‍ നിന്ന് ഇനിയും കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ വരുമ്പോള്‍ അഴിമതിരഹിത പുതിയ പാകിസ്ഥാന്‍ എന്ന സ്വപ്നം ഇതോടെ അവസാനിച്ചു എന്നു പറയാം.

 

തയ്യാറാക്കിയത് : ഡോ.സൈനബ അക്തര്‍
രാഷ്ട്രീയ നയതന്ത്ര വിദഗ്ധ
വിവരണം : തുളസീദാസ്