ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനം

ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ധനയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയായി. നാലംഗ ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം സന്ദര്‍ശനത്തിനെത്തി. കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ഗുണവര്‍ധനയുടെ സന്ദര്‍ശനം. സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി ശ്രീ. ഗുണവര്‍ധന ഉന്നതതല ചര്‍ച്ചകള്‍ നടത്തി. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി

ശ്രീ. മഹേന്ദ്രനാഥ് പാണ്‌ഡെ, തൊഴില്‍ മന്ത്രി ശ്രി. സന്തോഷ്‌കുമാര്‍ ഗാംഗ്‌വര്‍ എന്നിവരുമായും ശ്രീ. ഗുണവര്‍ധന കൂടിക്കാഴ്ച നടത്തി. കൂടാതെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി അംഗങ്ങളെ ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അഭിസംബോധന ചെയ്തു. തുടര്‍ന്ന് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഗവേഷണ സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റും, മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ന്യൂഡല്‍ഹി സെന്ററും അദ്ദേഹം സന്ദര്‍ശിച്ചു.
വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി നടത്തിയ പ്രതിനിധിതല ചര്‍ച്ചയില്‍ നിക്ഷേപം, സുരക്ഷ, മത്സ്യബന്ധനം, വികസനം, ടൂറിസം, വിദ്യാഭ്യാസം, സാംസ്‌കാരിക സഹകരണം എന്നീ ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, നൈപുണ്യ വികസനം, തൊഴില്‍ പരിശീലനം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലൂന്നി ഇന്ത്യയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ഇന്ത്യയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. ഇത്തരം മേഖലകളില്‍ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണ ഡോ. ജയ്ശങ്കര്‍ ഉറപ്പ് നല്കുകയും ചെയ്തു. ഈ മേഖലകളെ അടിസ്ഥാനമാക്കി ധാരണാപത്രം ഒപ്പിടുന്നതിനെക്കുറിച്ച് ഇരുപക്ഷവും ആലോചനയിലാണ്.
കാലാവസ്ഥാ വ്യതിയാനം, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടല്‍. പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഇരുമന്ത്രിമാരും അഭിപ്രായങ്ങള്‍ കൈമാറി.
15 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളേയും 52 ബോട്ടുകളേയും ശ്രീലങ്കന്‍ കസ്റ്റഡിയില്‍ നിന്നും ഉടന്‍ മോചിപ്പിക്കുമെന്ന പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ പ്രഖ്യാപനത്തിന്റെ പുരോഗതി ഡോ. ജയ്ശങ്കര്‍ പരിശോധിച്ചു. ഇക്കാര്യത്തിലുള്ള നടപടികള്‍ ആരംഭിച്ചതായി ശ്രീലങ്ക അറിയിച്ചു. ഇന്ത്യയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരവിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
മാതൃരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറായ മൂവായിരത്തോളം ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് അതത് ജില്ലാ സെക്രട്ടേറിയറ്റുകള്‍ വഴി ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാനും സ്വീകരിക്കാനും ശ്രീലങ്കന്‍ ഗവണ്‍മെന്റ് ഒരുങ്ങുകയാണെന്ന് ശ്രീലങ്കയിലേക്ക് മടങ്ങിയെത്തിയശേഷം ശ്രീ. ഗുണവര്‍ധന മാധ്യമങ്ങളോട് പറഞ്ഞു. മടങ്ങിയെത്തുന്നവരുടെ ആദ്യ ബാച്ച് ഫെബ്രുവരിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞാല്‍ സംസ്ഥാന ഏജന്‍സികളുമായി സഹകരിച്ച് അവരെ ജന്മദേശങ്ങളില്‍ത്തന്നെ മാതൃഭൂമിയില്‍ത്തന്നെ പുനരധിവസിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്ന് ശ്രീലങ്കന്‍ മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരവിനെക്കുറിച്ച് ഇരുരാജ്യങ്ങളും വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന കാര്യവും എടുത്തു പറയേണ്ടതാണ്. എല്ലാ

അഭയാര്‍ത്ഥികള്‍ക്കും സ്വമേധയാ തന്നെ ശ്രീലങ്കയിലേക്ക് മടങ്ങാന്‍ യു.എന്‍.എച്ച്.ആര്‍.സി. ഒരുക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന് ശ്രീലങ്കന്‍ ഗവണ്‍മെന്റിന്റെ സഹായവും സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ പലരും മടങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ശ്രീ. ഗുണവര്‍ധനയുടെ മാധ്യമ പ്രസ്താവന സ്വാഗതാര്‍ഹമാണ്.
സൗഹൃദ രാജ്യങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും സുരക്ഷ, ടൂറിസം, സംസ്‌കാരം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ശേഷി വര്‍ദ്ധിപ്പിക്കല്‍, അടിസ്ഥാന സൗകര്യവികസനം എന്നിവയില്‍ ശക്തമായ ബന്ധമുണ്ട്. എന്നിരുന്നാലും ചില മേഖലകളില്‍ പ്രത്യേകിച്ചും മത്സ്യബന്ധന മേഖലയിലും, ശ്രീലങ്കയില്‍ ഇന്ത്യന്‍ ധനസഹായത്തോടെ നടപ്പാക്കുന്ന വികസന പദ്ധതികള്‍ സംബന്ധിച്ചും ഇരുരാജ്യങ്ങളും തമ്മില്‍ ചില ആശങ്കകളും പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുമുണ്ട്. ഈ പ്രശ്‌നങ്ങള്‍ വളരെക്കാലം മുന്‍പുതന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഉഭയകക്ഷി ബന്ധത്തില്‍ പ്രകോപനപരമായിത്തന്നെ അവ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ നവംബറില്‍ നടന്ന ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ ദിനേശ് ഗുണവര്‍ദ്ധനയുടെ ഇന്ത്യാ സന്ദര്‍ശനവും ഇരുരാജ്യങ്ങളും തമ്മിലാരംഭിച്ച ഉന്നതതല സംഭാഷണങ്ങളും ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുക മാത്രമല്ല നിലവിലുള്ള ആശങ്കകള്‍ക്കും പ്രശ്‌ന പരിഹാരത്തിനും കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു.

തയ്യാറാക്കിയത് : ഗുല്‍ബിന്‍ സുല്‍ത്താന
ഗവേഷണ വിശകലന വിദഗ്ധ

വിവരണം : രഞ്ജിത്