യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ സുരക്ഷാ പ്രതിനിധിയുടെ ഇന്ത്യാ സന്ദര്‍ശനം

യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ സുരക്ഷാ നയങ്ങളുടെ മുഖ്യ പ്രതിനിധിയായ ജോസെപ് ബോറെല്‍ ഫോണ്ടല്ലസ് അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2020 ലെ റെയ്‌സീന സംഭാഷണങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള അഭിപ്രായ സാമ്യതകള്‍ അദ്ദേഹം ആവര്‍ത്തിക്കുമ്പോഴും ലോക വ്യാപാര സംഘടനയുടെ തര്‍ക്ക പരിഹാര സംവിധാനം തടസ്സപ്പെടുന്നത് യൂറോപ്പിനെയും ഇന്ത്യയേയും മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളേയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നതായി അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധിയെ മറികടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഫോണ്ടല്ലസ് അഭിപ്രായമുന്നയിച്ചു. ഈ തടസ്സം പരിഹരിയ്ക്കാന്‍ ഇന്ത്യയ്ക്കും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പ്രായോഗിക പരിഹാര നിര്‍ദ്ദേശങ്ങളുമായി മൂന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടല്‍ക്കൊള്ള, സമുദ്ര വിഭവങ്ങളുടെ സംരക്ഷണം, പരിപാലനം തുടങ്ങിയ നിരവധി വെല്ലുവിളികള്‍ ആഗോള സമൂഹത്തിന് ഭീഷണിയാകുമ്പോള്‍ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുകയെന്നത് വളരെയധികം സുപ്രധാനമാണ്. അതുകൊണ്ടുതന്നെ സമുദ്ര സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആഫ്രിക്കന്‍ കടലിടുക്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും കടല്‍ക്കൊള്ളയെ നേരിടാനുള്ള സഹകരണത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഓപ്പറേഷന്‍ അറ്റ്ലാന്റയെന്നും ഫോണ്ടെല്ലസ്സ് പറഞ്ഞു.
അടുത്ത 25 വര്‍ഷക്കാലയളവ് മുന്നില്‍ക്കണ്ട് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സുരക്ഷ, സാങ്കേതികത, കാലാവസ്ഥാ വ്യതിയാനം എന്നിവ മുന്‍നിര്‍ത്തിയുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം ആവര്‍ത്തിച്ചു. ഇതിനായുള്ള ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായും ഈ വര്‍ഷം മാര്‍ച്ച് 13 ന് നടക്കുന്ന ഇന്ത്യ-യൂറോപ്പ് ഉച്ചകോടിയില്‍ ഇതിന് അംഗീകാരം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സംയുക്തമായി ആവിഷ്‌കരിക്കുക എന്നതാണ് ഇരുപക്ഷവും ജോജിച്ച് പ്രവര്‍ത്തിക്കേണ്ട മറ്റൊരു പ്രധാന മേഖല. രാജ്യങ്ങള്‍ വ്യക്തിഗതമായും കൂട്ടായും കാലാവസ്ഥാ മാറ്റങ്ങളുടെ നിരീക്ഷണം, റിപ്പോര്‍ട്ടിംഗ്, എന്നിവയ്ക്കായി ഒരു രൂപരേഖ ഒരുക്കുന്നുണ്ടെങ്കിലും ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ബന്ധത്തില്‍ പാരീസിലെ കാലാവസ്ഥാ കരാറിന്റെ നടപ്പാക്കല്‍ നിര്‍ണായകമാണ്. ഉത്തരവാദിത്തങ്ങള്‍ പങ്കിട്ടുകൊണ്ട് ഒരുമിച്ച് പ്രവര്‍ത്തിക്കാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും ഏകീകൃത ശ്രമങ്ങളാണ് ആവശ്യം.
കാലാവസ്ഥാ വ്യതിയാനം, ഊര്‍ജ്ജം എന്നിവയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2016-ല്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യന്‍ നേതാക്കളും തമ്മിലുണ്ടാക്കിയ സി.ഇ.സി.പി കരാര്‍ മികച്ച ചുവടുവെയ്പാണ്. എല്ലാവര്‍ക്കും സുരക്ഷിതവും ശുദ്ധവും താങ്ങാനാവുന്നതുമായ ഊര്‍ജ്ജ വിതരണം, പാരീസ് കരാര്‍ നടപ്പാക്കുക എന്നിവയാണ് കരാറിന്റെ ലക്ഷ്യം. ഭീകരത, തീവ്രവാദം, എന്നിവയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും പരസ്പരം പിന്തുണ അറിയിച്ചിട്ടുമുണ്ട്. യൂറോപ്പിലെയും ദക്ഷിണേഷ്യയിലെയും മധ്യേഷ്യയിലേയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തുടര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം ഫോണ്ടലസ് അടിവരയിട്ടു. ഇക്കാര്യത്തില്‍, ഇന്ത്യയിലേയും യൂറോപ്പിലേയും വിദഗ്ധരെ ഒരുമിപ്പിക്കാനും, ശേഷി വര്‍ദ്ധനവിനും, ഓണ്‍ലൈന്‍ പ്രചാരണങ്ങളെ ചെറുക്കുന്നതിനും ഐ.എസ് തീവ്രവാദ ശൃംഖലകളെക്കുറിച്ച് അന്വേഷിക്കുന്നതിനും യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യാ ഭീകരപ്രതിരോധ സഹകരണ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര മേഖലയിലുള്ള ബന്ധം ഇനിയും ഊഷ്മളമാകേണ്ടതുണ്ട്.  ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ പുനരാരംഭിക്കണം.  ചില വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ മാത്രമെ ചര്‍ച്ചകള്‍ തുടരാന്‍ സാധിക്കുകയുള്ളു.
ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി വ്യാപാര-പ്രതിരോധ മേഖലകളിലെ സഹകരണം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ സഹായിക്കുമെന്ന്
ശ്രീ. ഫോണ്ടല്ലസ് പ്രത്യാശ പ്രകടിപ്പിച്ചു.  ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും, നിയമ വാഴ്ചയിലടിസ്ഥാനപ്പെടുത്തിയ അന്താരാഷ്ട്ര സംവിധാനം രൂപപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും അവരുടെ പ്രതിബദ്ധത വ്യക്തമാക്കി കഴിഞ്ഞു.  ഇന്തോ-പസഫിക് മേഖലയിലെ ആധിപത്യവും സുരക്ഷയും സംബന്ധിച്ചും ഇരു രാജ്യങ്ങള്‍ക്കും തുറന്ന സമീപനമാണുള്ളത്.  സുരക്ഷിതവും സമാധാനപരവുമായ ഒരു അന്താരാഷ്ട്ര ക്രമം രൂപീകരിക്കുന്നതിന് ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും സമഗ്രവും, സുവ്യക്തവും, സമാനവുമായ കാഴ്ചപ്പാടാണ് നിലനില്‍ക്കുന്നത്.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം

തയ്യാറാക്കിയത് : ഡോ.സംഘമിത്ര ശര്‍മ്മ,
യൂറോപ്യന്‍ കാര്യ നയതന്ത്ര അവലോകകന്‍
.വിവരണം : നരേന്ദ്രമോഹന്‍