ഇന്ത്യന്‍ ഭരണഘടന, രാജ്യത്തെ പരമോന്നത നിയമവ്യവസ്ഥ

ഭരണഘടനാ നിര്‍മ്മാണസഭയുടെ നേതൃത്വത്തില്‍ മൂന്നുവര്‍ഷം നീണ്ട അധ്വാനത്താല്‍ തയാറാക്കിയ ഇന്ത്യന്‍ ഭരണഘടന, രാജ്യത്ത് നടപ്പിലാക്കുമ്പോള്‍ അത് നീണ്ടകാലം നിലനില്‍ക്കുമെന്ന് ആത്മവിശ്വാസത്തോടെ പ്രവചിക്കാന്‍ വിശകലന വിദഗ്ധര്‍ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ആധാരശിലയായി തുടരുന്ന ഭരണഘടന അതിന്റെ സൃഷ്ടികര്‍ത്താക്കളുടെ നിപുണതയ്ക്കും ദീര്‍ഘവീക്ഷണത്തിനുമുള്ള തെളിവ് കൂടിയാണ്. നിയമനിര്‍മ്മാതാക്കള്‍ക്കും സാധാരണ പൗരന്മാര്‍ക്കുമുള്ള വഴിവിളക്കാണ് ഇന്ത്യന്‍ ഭരണഘടന. ഏഴുപതിറ്റാണ്ടിലേറെയായി ഭരണഘടന അതിന്റെ അടിസ്ഥാന ഘടനയ്ക്ക് യാതൊരു കോട്ടവുമില്ലാതെ തുടരുന്നു. നിരവധി ഭേദഗതികള്‍ വരുത്തിയിട്ടും, ആമുഖത്തില്‍ വിവരിക്കുന്ന തത്ത്വങ്ങള്‍ ഭരണഘടനയിലുള്ള വിശ്വാസത്തെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.

നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങളുമായി കൂടിച്ചേര്‍ന്ന ഒരു പരമാധികാര, മതേതര, ജനാധിപത്യ റിപ്പബ്ലിക്കിന്റെ ജനനം ലോകത്തോട് പ്രഖ്യാപിക്കുന്നതിന് മുമ്പ് നാം ഇന്ത്യാക്കാര്‍ എന്നാണ് ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ഇത് സംസ്ഥാനങ്ങളുടെ ഘടനയേയും പ്രവര്‍ത്തനങ്ങളേയും വിശദീകരിക്കുന്ന ഒരു നിയമ പ്രമാണം മാത്രമല്ല, യഥാര്‍ഥ പൗരന്മാരുടെ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റേയും അവകാശപത്രം കുടിയാണ്.

റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്ന ഭരണഘടന ഒരര്‍ഥത്തില്‍ ജീവനുള്ള ഒരു രേഖയാണ്. കാരണം അത് ജനങ്ങളില്‍ അത്രയ്ക്ക് വേരുറച്ചിരിക്കുന്നു. 1950 ജനുവരി 26 നാണ് ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായി മാറിയത്. ഭരണഘടനയിലുള്ള ഓരോ ഇന്ത്യക്കാരന്റേയും ആഴത്തിലുള്ള വിശ്വാസത്തിന്റേയും പ്രത്യാശയുടേയും ഫലമായി കഴിഞ്ഞ ഏഴു പതിറ്റാണ്ടുകള്‍കൊണ്ട് ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ ശക്തമായിട്ടുണ്ട്.

എല്ലാ റിപ്പബ്ലിക് ദിനത്തിലും ഇന്ത്യയുടെ സൈനിക ശക്തി ഉദ്‌ഘോഷിക്കുന്ന രാജ്പഥിലെ ഗംഭീരമായ മാര്‍ച്ച്പാസ്റ്റ്; നൂറുകോടിയിലധികം വരുന്ന ഇന്ത്യന്‍ ജനത ഭരണഘടനയ്ക്ക് ആദരവ് അര്‍പ്പിക്കുന്ന സന്ദര്‍ഭം കൂടിയാണ്. ഓരോ ഇന്ത്യന്‍ പൗരന്റേയും സ്വാതന്ത്ര്യവും അവകാശങ്ങളും ഉറപ്പാക്കുന്ന രേഖ കൂടിയാണ് ഭരണഘടന. പവിത്രമായ നമ്മുടെ ഭരണഘടയില്‍ പ്രതിപാദിക്കുന്ന പ്രകാരം ഓരോ ഇന്ത്യക്കാരനും അവരുടെ കടമകളും ഉത്തരവാദിത്തങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്ന് റിപ്പബ്ലിക് ദിനത്തില്‍ പ്രതിജ്ഞ ചെയ്യുന്നു. ഭരണഘടനയുടെ ഈ ആത്മാവാണ് ഓരോ പൗരനും പ്രിയങ്കരമാകുന്നത്.

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും സ്വതന്ത്രമാകാന്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ദേശീയ പോരാട്ടത്തിന്റെ ഫലമായാണ് ഇന്ത്യന്‍ ഭരണഘടന പിറന്നതെന്ന കാര്യം നാം ഓര്‍ക്കേണ്ടതാണ്. ബാപ്പുവിന്റെ രാഷ്ട്രീയ തത്ത്വചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അനുകൂലമായി സാമൂഹിക സമത്വത്തിന്റെയും നീതിയുടെയും വാഗ്ദാനങ്ങള്‍ മികച്ചരീതിയില്‍ ഉള്‍പ്പെടുത്തിയ ഡോ. ബി.ആര്‍. അംബദ്കര്‍ ഭരണഘടനയ്ക്ക് സ്വന്തം മുദ്ര നല്‍കി.

ഗവണ്‍മെന്റിന്റെ ഫെഡറല്‍ ഘടനയാണ് മറ്റൊരു പ്രധാന സവിശേഷത. അതുകൊണ്ടുതന്നെ ഒരു കേന്ദ്രീകൃത ഫെഡറല്‍ ഭരണ നിര്‍വഹണ മാതൃക വികസിപ്പിക്കാന്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന് കഴിഞ്ഞു. ഫെഡറല്‍ ഭരണ ഘടനയില്‍ അധികാര കേന്ദ്രങ്ങള്‍ എന്ന നിലയില്‍ സംസ്ഥാനങ്ങളുടെ നയ സമീപനങ്ങള്‍ ഫെഡറലിസത്തെ ശക്തിപ്പെടുത്തി. പല പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെയും പോലെ ഇന്ത്യന്‍ ഫെഡറല്‍ ഘടന അമിതമായി കേന്ദ്രീകൃതവും അല്ല.

പൗരാവകാശങ്ങളും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൗലിക സ്വാതന്ത്ര്യവും ജനാധിപത്യ നിയമസാധുതയ്ക്കുള്ള അവകാശവാദങ്ങളുടെ പ്രധാന ഘടകങ്ങളാണ്. സുപ്രീം കോടതി ഇത് പലതവണ അംഗീകരിച്ചവയുമാണ്. ഇത് ജീവിക്കാനുള്ള അവകാശം അഥവാ അന്തസ്സോടെയുള്ള ജീവിതം സാര്‍ഥകമാക്കി. അഭിപ്രായ സ്വാതന്ത്ര്യവും പൗരന്മാരുടെ അറിയാനുള്ള അവകാശവും സ്വകാര്യതയ്ക്കുള്ള അവകാശവും ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തി. ഇന്ന്, ഇന്ത്യന്‍ ജനാധിപത്യം ലോകത്തിലെ മറ്റു പല രാജ്യങ്ങളുടേതിനെക്കാള്‍ വളരെയധികം വികാസം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. 

നല്ല ഭാവിയ്ക്കുവേണ്ടിയുള്ള വാഗ്ദാനമാണ് ഇന്ത്യന്‍ ഭരണഘടന. അതിനാല്‍ കാലാകാലങ്ങളില്‍ പൗരന്മാര്‍ തങ്ങളുടെ പ്രതിബദ്ധതയും ആത്മാര്‍ഥതയും രാജ്യത്തോട് ചേര്‍ന്ന് നിന്ന് പുതുക്കേണ്ടതുമാണ്. 

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം………

തയ്യാറാക്കിയത് : പ്രൊഫസര്‍ ബല്‍വീര്‍ അറോറ,

സെന്റര്‍ ഫോര്‍ മള്‍ട്ടിലെവല്‍ ഫെഡറലിസം, 

ഐ.എസ്.എസ്

വിവരണം :രഞ്ജിത് പി.