സാമ്പത്തിക സര്‍വേ 2020

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നലെ തുടക്കമായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളെയും സംയുക്തമായി അഭിസംബോധന ചെയ്തതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്.

തുടര്‍ന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സാമ്പത്തിക സര്‍വേ 2020 അവതരിപ്പിച്ചു. രാജ്യത്തിന്റെ ഒരു സാമ്പത്തിക വര്‍ഷത്തെ വിവിധ സാമ്പത്തിക ഏറ്റക്കുറച്ചിലുകളെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ സ്ഥിതി വിവരകണക്കും വിശകലനവും അടങ്ങുന്നതാണ് സര്‍വേ. അടുത്തകാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ സാമ്പത്തിക സര്‍വേ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ശതമാനം ജിഡിപി വളര്‍ച്ചാ നിരക്ക് ഉണ്ടായതായാണ് സാമ്പത്തിക സര്‍വ്വേ കണക്കാക്കുന്നത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ലക്ഷ്യമിട്ട് നിരവധി ഊര്‍ജ്ജസ്വലമായ കാഴ്ചപ്പാടുകളും സര്‍വ്വേ മുന്നോട്ടു വയ്ക്കുന്നു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉടന്‍തന്നെ പുതിയ കുതിച്ചു ചാട്ടം നടത്തുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആറ് ശതമാനം മുതല്‍ ആറര ശതമാനംവരെ വളര്‍ച്ചാനിരക്ക് കൈവരിക്കാനാകുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ധനകമ്മി കുറയ്ക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും 3.3 ശതമാനത്തില്‍ അത് നിലനിര്‍ത്തിയതായും സാമ്പത്തിക സര്‍വേ പറയുന്നു. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണ്. ചില്ലറ പണപ്പെരുപ്പം 4.1 ശതമാനവും അത് മൊത്തവില നാണപ്പെരുപ്പം 1.9 ശതമാനവുമാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. അതിന് പുറമേ രാജ്യത്തിന്റെ ബാലന്‍സ് ഓഫ് പേയ്‌മെന്റ് മെച്ചപ്പെട്ട നിലയിലാണെന്നും സര്‍വേ പറയുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം, വിദേശ സ്ഥാപന നിക്ഷേപകര്‍ എന്നിവയുടെ വര്‍ദ്ധന, 1.75 കോടി പ്രവാസികളുടെ നിക്ഷേപം എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ രാജ്യത്തിന് കഴിഞ്ഞത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ പണവരവ് 38.4 ബില്യണ്‍ യുഎസ് ഡോളര്‍ രേഖപ്പെടുത്തി. വിദേശനാണ്യ ശേഖരം 2020 ജനുവരി 10 ന് 461.2 ബില്യണ്‍ യു എസ് ഡോളറായെന്നും സര്‍വേ പറയുന്നു. നിലവില്‍ രാജ്യത്തിന്റെ കറന്റ് അക്കൗണ്ടി കമ്മി രണ്ട് ശതമാനത്തില്‍ നിന്ന് ഒന്നര ശതമാനമായി കുറയ്ക്കുവാനും കഴിഞ്ഞിട്ടുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ എട്ട് മാസങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 24.4 ബില്യണ്‍ യു എസ് ഡോളറിന്റെതായിരുന്നു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കിയ രണ്ട് സുപ്രധാന സംഭവങ്ങള്‍ സര്‍വേ അടിവരയിടുന്നു. ഔപചാരിക തൊഴിലിന്റെ വര്‍ദ്ധന മൊത്തം തൊഴില്‍ ലഭ്യതയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 17.6 ശതമാനത്തില്‍ നിന്നും 22.5 ശതമാനം വര്‍ദ്ധന വരുത്തി. അത് രാജ്യത്തിന്റെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ ഇടയാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ പുതിയ വാണിജ്യ സ്ഥാപനങ്ങളുടെ വരവിനുള്ള വേദികളായി ഉയര്‍ന്നു. ഓരോ അഞ്ച് വര്‍ഷത്തിലും സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ അവരുടെ പരമ്പരാഗത കമ്പനികളില്‍ മൂന്നിലൊന്ന് മാറ്റി സ്ഥാപിച്ച് പുതിയ സ്ഥാപനങ്ങള്‍, സാങ്കേതിക വിദ്യകള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കടന്നുവരവിന് വഴിയൊരുക്കുന്നു. രാജ്യത്തെ വ്യവസായ സംരംഭങ്ങളുടെ വളര്‍ച്ചയെക്കുറിച്ചും സര്‍വെയില്‍ പ്രതിപാദിക്കുന്നു.
ലോകബാങ്കില്‍ അറിയിപ്പ് പ്രകാരം, പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ മൂന്നാം റാങ്കാണ് ഇന്ത്യയ്ക്കുള്ളത്. 2018 ല്‍ ഒരു ലക്ഷത്തി 24,000 പുതിയ കമ്പനികളാണ് ഇന്ത്യയില്‍ ആരംഭിച്ചത്. 2006-14 കാലഘട്ടത്തില്‍ ഇക്കാര്യത്തില്‍ 3.8% മാത്രം വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. 2014-18 കാലമായപ്പോഴേക്കും വളര്‍ച്ച 12.2% ആയി ഉയര്‍ന്നു. ലോകത്തിനായി ഇന്ത്യയില്‍ ഒത്തുകൂടുക എന്ന മുദ്രാവാക്യമാണ് സാമ്പത്തിക സര്‍വെ 2020 മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തെ കയറ്റുമതി മേഖലയെ ഉയര്‍ത്തികൊണ്ടുവരാന്‍ ഇത് ലക്ഷ്യമിടുന്നു. കയറ്റുമതി രംഗത്തെ മാര്‍ക്കറ്റ് ഷെയര്‍ 2025 ഓടെ 3.5 ശതമാനവും 2030 ഓടെ ആറ് ശതമാനവും ഉയര്‍ത്താനുള്ള ശേഷി രാജ്യത്തിനുണ്ട്. ഇന്ത്യയെ മുഖ്യചരക്ക് കയറ്റുമതി രാഷ്ട്രമാക്കുന്നതിന് നെറ്റ് വര്‍ക്ക് ഉല്‍പ്പന്നങ്ങളിലാണ് സര്‍വെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ടില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ ആയി മാറാനാണ് നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ തീരുമാനം. ഇതിനായി രാജ്യത്ത് പുതിയ രീതിയിലുള്ള ബിസിനസ്സ് സാഹചര്യം ഒരുക്കാന്‍ സാമ്പത്തിക സര്‍വെ നിര്‍ദ്ദേശം വയ്ക്കുന്നു. ഇന്ത്യയില്‍ എളുപ്പത്തില്‍ പുതിയ ബിസിനസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഇന്ന് സാധിക്കും. വിപണികള്‍ കച്ചവട നയങ്ങളുടെ പ്രോത്സാഹനം എന്നിവയ്ക്ക് പുത്തന്‍ ഉണര്‍വ് പകരുന്നതാണ് സാമ്പത്തിക സര്‍വെ. ഇതുവഴി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലുള്ള വിശ്വാസം കൂടുതല്‍ ശക്തിപ്പെടുമെന്നതില്‍ സംശയമില്ല.
നിങ്ങള്‍കേട്ടത്‌വാര്‍ത്താവലോകനം………

 

തയ്യാറാക്കിയത് : മനോഹര്‍ മനോജ്
മാധ്യമപ്രവര്‍ത്തകന്‍

വിവരണം :പി.എസ്. തുളസീദാസ്