വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മാന്ദ്യത്തെ മറികടക്കാന്‍ നിര്‍ണ്ണായക മുന്നേറ്റം നടത്തുന്നതാണ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റ്. ജനങ്ങളുടെ കയ്യിലേക്ക് കൂടുതല്‍ പണം എത്തിക്കുന്നതു മുതല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതുവരെയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റ് മുന്നോട്ട് വച്ചു. ബിസ്സിനസ്സിന്റെ അടിത്തറ ഉയര്‍ത്തുന്നതിന് കമ്പനികള്‍ക്ക് ലാഭവിഹിതത്തിന്‍മേലുള്ള നികുതി ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടം പിടിച്ചു. സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന സമയത്ത് ബജറ്റ് ആവിഷ്‌കരിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. എങ്കിലും കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഗവണ്‍മെന്റ് വായ്പകളില്‍ വലിയൊരു പങ്കും ഇതിനായി ഉള്‍പ്പെടുത്തുമെന്ന് ഉറപ്പു വരുത്തി. മൂലധന ചെലവിന് മതിയായ വിഹിതം വിഭജിച്ച് സന്തുലിതമായ ഒരു ബജറ്റ് തന്നെ അവതരിപ്പിച്ചു. ഓരോ പൗരന്റെയും ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ശുചിത്വത്തിനും ജലസംരക്ഷണത്തിനും ഊന്നല്‍ നല്‍കി മൂലധന ആസ്തികള്‍ സൃഷ്ടിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ ബജറ്റ് മുന്നോട്ട് വച്ചു. ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ് ലൈന്‍ പദ്ധതി പ്രകാരം അഞ്ച് വര്‍ഷത്തിനിടെ 102 ലക്ഷം കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഇന്‍ഫ്രാ ഫിനാന്‍സ് കമ്പനികളുടെ ഫണ്ടിനായി ഈ സാമ്പത്തിക വര്‍ഷം 22000 കോടി രൂപ അനുവദിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി ദീര്‍ഘകാല സഹായം നല്‍കുന്നതിന് ഇത് സഹായകമാകും. ധനകമ്മി നിയന്ത്രിക്കാന്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള ഫിസ്‌ക്കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്‌മെന്റ് നിയമപ്രകാരം മൊത്ത ആഭ്യന്തര ഉദ്പാദനത്തിന്റെ 3.3 ശതമാനമായി ധനക്കമ്മി നിയന്ത്രിക്കേണ്ടതുണ്ട്. എന്നാലിത് ഈ ബജറ്റില്‍ 0.5 ശതമാനം വര്‍ദ്ധിച്ച് 3.8 ശതമാനമാകുമെന്നാണ് അനുമാനം. ഇന്ത്യയെപ്പോലെ ഊര്‍ജ്ജസ്വലമായതും വളര്‍ച്ച ലക്ഷ്യം വയ്ക്കുന്നതുമായ ഒരു സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇത് അഭികാമ്യമാണ്. ധനക്കമ്മി നിയന്ത്രണ വിധേയമായിരിക്കുക എന്നതു മാത്രമാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം. കാര്‍ഷിക ഗ്രാമവികസനം, ജലസേചനം തുടങ്ങിയ മേഖലകളില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ശ്രദ്ധേയമായി. വിദ്യാഭ്യാസ രംഗത്ത് 99,300 കോടി രൂപയും നൈപുണ്യ വികസനത്തിനായി 3200 കോടി രൂപയുമാണ് നീക്കിവച്ചത്. നികുതി ബാധ്യതകള്‍ നിറവേറ്റിയ ശേഷം ആളുകള്‍ക്ക് ആവശ്യമായ വരുമാനം ഉറപ്പാക്കുന്നതിന് ലളിതവും പുതിയതുമായ നികുതി വ്യവസ്ഥയാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് ഈ വര്‍ഷം ജൂണ്‍ വരെ പലിശയും പിഴ പലിശയും ഒഴികെയുള്ള നികുതി തുക അടച്ച് നടപടി ഒഴിവാക്കാവുന്നതാണ്. ചരക്കു സേവന നികുതി സമ്പ്രദായം കൂടുതല്‍ ലളിതവത്ക്കരിച്ച് നികുതിദായകര്‍ക്ക് തിരികെ ലഭിക്കേണ്ട പണം കമ്പ്യൂട്ടര്‍ സഹായത്താല്‍ വേഗത്തില്‍ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉത്പാദന മേഖലയിലെ പുതു സംരംഭങ്ങള്‍ക്ക് ഉത്പാദനം പൂര്‍ണ്ണ തോത് കൈവരിക്കുന്നതുവരെ 15 ശതമാനം നികുതി മാത്രം നല്കിയാല്‍ മതിയെന്ന് കഴിഞ്ഞ സെപ്തംബറില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു. ഈ കുറഞ്ഞ നികുതി ഊര്‍ജ്ജമേഖലയ്ക്കും ബാധകമാക്കി കൊണ്ട് ബജറ്റില്‍ പ്രഖ്യാപനമുണ്ടായി വിദേശ ഗവണ്‍മെന്റുകളില്‍ നിന്ന് വിദേശ നിക്ഷേപം വഴിയുമുള്ള സോവറിന്‍ വെല്‍ത്ത് പണ്ടിന് നികുതിയിളവ് ലഭിക്കും. പുതുസംരഭങ്ങള്‍ക്ക് ലാഭത്തിന്മേല്‍ ലഭിച്ചിരുന്ന 100 ശതമാനം കിഴിവ് കൂടുതല്‍ വിറ്റ് വരവ് ഉള്ള കമ്പനികള്‍ക്ക് കൂടി ബാധകമാക്കി. പ്രത്യേക വിഭാഗത്തിലുള്ള ഗവണ്‍മെന്റ് ഷെയറുകള്‍ പ്രവാസികള്‍ക്കും വാങ്ങാന്‍ അനുവാദം നല്കാനും തീരുമാനിച്ചു. ആഭ്യന്തര വിപണിയുടെ വായ്പാ ലഭ്യത ഉറപ്പാക്കാന്‍ കോര്‍പ്പറേറ്റ് ബോണ്ടുകളിലേക്കുള്ള വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം 9 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി ഉയര്‍ത്തി. സഹകരണ സംരംഭങ്ങളുടെ നികുതി നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഓഡിറ്റിന് വിധേയമാക്കേണ്ട വിറ്റ് വരവ് തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇവ രണ്ടും ഈ മേഖലകളില്‍ പ്രശ്‌ന രഹിത അന്തരീക്ഷം സൃഷ്ടിക്കും. ഓഹരി വിറ്റഴിക്കലിലൂടെ അധിക വിഭവ സമാഹരണം ഗവണ്‍മെന്റ് ലക്ഷ്യമിടുന്നു. 2019-20 സാമ്പത്തിക വര്‍ഷം 65000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലാണ് നടന്നതെങ്കിലും ഈ സാമ്പത്തിക വര്‍ഷം രണ്ടു ലക്ഷത്തി പതിനായിരം കോടി രൂപയുടെ അധിക വിഭവ സമാഹരണമാണ് ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്നത്. വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിനായി ഉത്പാദന മേഖലയില്‍ കൂടുതല്‍ നിക്ഷേപവും, നികുതിയിളവുകളും നല്കി ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചിട്ടുള്ളത്. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 10 ശതമാനം വരെ വളര്‍ച്ചയാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്.

തയ്യാറാക്കിയത്	: ജി. ശ്രീനിവാസന്‍
  മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ 
വിവരണം			: രഞ്ജിത്