ബ്രക്‌സിറ്റ്; യൂറോപ്യന്‍ യൂണിയനും ഇന്ത്യയില്‍ അതിന്റെ അനന്തര ഫലങ്ങളും

ബ്രക്‌സിറ്റ് യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള 2016-ലെ ജനഹിത പരിശോധന ബ്രിട്ടന്‍ അംഗീകരിച്ചതോടെ 2020 ജനുവരി 31-ന് യുറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ വേര്‍പിരിഞ്ഞു. 1973-ല്‍ യൂറോപ്യന്‍ സാമ്പത്തിക കൂട്ടായ്മയില്‍ അംഗമായ ശേഷം ലിസ്ബന്‍ ഉടമ്പടിയിലെ അനുച്ഛേദം 50 പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുന്ന ആദ്യ അംഗരാജ്യമായി ബ്രിട്ടണ്‍. ബ്രക്‌സിറ്റില്‍ നിന്നുള്ള ഈ വേര്‍പിരിയല്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും വ്യത്യസ്ത രീതികളില്‍ അനുഭവപ്പെടും. ബ്രക്‌സിറ്റിനെ പിന്തുണയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് രാജ്യത്തെ ശക്തിപ്പെടുത്താനും ബ്രസല്‍സില്‍ നിന്ന് ദേശീയാധികാരം വീണ്ടെടുക്കാനും ഒപ്പം ആഗോള ബ്രിട്ടന്‍ എന്ന പദവിയിലേക്ക് രാജ്യത്തെ എത്തിക്കാനും കഴിയുമെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും അതിലേയ്ക്കുള്ള വഴി അത്ര സുഗമമല്ല. പുതിയ വ്യാപാരക്കരാറുകളും എല്ലാ രാജ്യങ്ങളുമായുള്ള വിപണി പ്രവേശവും ബ്രിട്ടന് ഇനി കണ്ടെത്തേണ്ടിവരും. ധനകാര്യ സേവനങ്ങളുടേയും ധനകാര്യ വിപണികളുടേയും വലിയൊരു മേഖലയുള്ള യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്മാറ്റം ബ്രിട്ടന്റെ തൊഴില്‍-മൂലധന- സേവനങ്ങളുടെ ഒഴുക്കിനെ സാരമായി ബാധിക്കും. ഇരുവിഭാഗങ്ങളുടെയും വ്യാപാരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ പ്രത്യേക കരാറുകള്‍ കൊണ്ടുവരേണ്ടതുണ്ട്. യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ചിടത്തോളം ബ്രിക്‌സിന്റെ അതിന്റെ കൂട്ടായ ശക്തിയെ ബ്രക്‌സിറ്റ് ബാധിക്കും. പൊതുബജറ്റില്‍ ഏറ്റവും വലിയ രണ്ടാമത്തെ സംഭാവന ബ്രിട്ടണില്‍ നിന്നുമാണ്. മാത്രമല്ല ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗങ്ങളില്‍ ഒന്നും ആണവായുധങ്ങളുള്ള രാജ്യവുമാണ് ബ്രിട്ടണ്‍. അതിനാല്‍ യൂണിയനിന്റെ ബജറ്റ് വിഹിതം കുറയുക മാത്രമല്ല പൊതു വിദേശ സുരക്ഷാ നയത്തിന്റെ കാര്യത്തില്‍ ബ്രിട്ടന്റെ അഭാവം സാരമായി അനുഭവപ്പെടുകയും ചെയ്യും. ബ്രെക്‌സിറ്റ് നടപ്പായെങ്കിലും 2020 ഡിസംബറോടെ മാത്രമേ പരിവര്‍ത്തന കാലഘട്ടം അവസാനിക്കുകയുള്ളൂ. തുടര്‍ നടപടികളും കച്ചവട കരാറുറപ്പിക്കലുകളും വിപണിതേടലുകളിലെ പ്രശ്‌നങ്ങളുമടക്കമുള്ള ശ്രമകരമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളുമായി ചേര്‍ന്നു പോകുന്നതാവില്ല ബ്രിട്ടന്റെ നയങ്ങളെന്നും തര്‍ക്ക പരിഹാരത്തിന് യൂറോപ്യന്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികളെ അംഗീകരിക്കില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലം, ഇന്ത്യ- ബ്രിട്ടണ്‍ ബന്ധത്തിന് പുതിയ വഴിത്തിരിവുകള്‍ നല്‍കുകയാണ്. ബ്രിട്ടണ്‍ പുതിയ വ്യാപരക്കരാറുകള്‍ മുന്നോട്ടുവെക്കുമ്പോള്‍ , ഇന്ത്യയ്ക്കത് ലണ്ടനുമായി വ്യാപാര സമ്പത്തിക പങ്കാളിത്തത്തില്‍ വിലപേശാനുള്ള സാധ്യതയാണ് തുറന്നു നല്‍കുന്നത്. കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുന്നതിനും ഡേറ്റാ പ്രൈവസി പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതിനും കച്ചവടം ചെയ്യാനനുയോജ്യമായ സാഹചര്യമൊരുക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചാല്‍ ഇന്ത്യയ്ക്കും ബ്രെക്‌സിറ്റിനെ പ്രയോജനപ്പെടുത്താനാകും. പുതുക്കിയ ഇന്ത്യ – യുകെ പങ്കാളിത്തത്തിലൂടെ സാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങള്‍, ആരോഗ്യ പരിരക്ഷ എന്നീ മേഖലകളിലും ഗണ്യമായ പുരോഗതി നേടാനാകും. ഇന്ത്യയുമായി പുതിയ ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള താത്പര്യം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രകടപ്പിച്ചത് രാഷ്ട്രീയതലത്തിലും സ്ഥിതി ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് വ്യക്തമാക്കുന്നു. ബ്രിട്ടണ്‍ കേന്ദ്രീകരിച്ചുള്ള ഇന്ത്യന്‍ വ്യാപാരങ്ങളുടെ കാര്യം പരിഗണിച്ചാല്‍, യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളുമായുണ്ടായിരുന്ന ഊഷ്മളത നഷ്ടമായെന്ന് മാത്രമല്ല, മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടതോ അതുമല്ലെങ്കില്‍ കയറ്റുമതിച്ചുങ്കം നല്‍കുകയോ ചെയ്യേണ്ട അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ അധികച്ചെലവുണ്ടാകുമെന്ന് മാത്രമല്ല, ബ്രിട്ടണിലെ വ്യാപാര സാധ്യതകള്‍ ചുരുങ്ങുമെന്നുറപ്പാണ്. ഇന്ത്യയ്ക്ക് കൂടി പ്രയോജനപ്രദമായ കോമണ്‍വെല്‍ത്ത് പോലുള്ള അവസരങ്ങള്‍ മുന്നോട്ടുവച്ച് ഇന്ത്യ- യുകെ ബന്ധം ശക്തമാക്കുന്നതിനുള്ള വഴികള്‍ രാഷ്ട്രീയ തലത്തില്‍ ബ്രിട്ടണ്‍ കൈക്കൊണ്ടേക്കും. വിപണി, തൊഴില്‍ മേഖലകളിലും കച്ചവടക്കരാറുകളിലുമടക്കം ഇന്ത്യയ്ക്ക് കൂടുതല്‍ മെച്ചപ്പെട്ട സാധ്യതകള്‍ ബ്രിട്ടനോട് തേടാനാകുമെന്നതും സുപ്രധാനമാണ്. ഈവര്‍ഷാവസാനം ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പൂര്‍ണമായും പടിയിറങ്ങുമ്പോള്‍ ഇന്ത്യന്‍ ഗവണ്‍മെന്റും വ്യാപാരമേഖലയും അതിനെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

തയ്യാറാക്കിയത് : ഉമ്മു സല്‍മ ബാവ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി

യൂറോപ്യന്‍ പഠന വിഭാഗം പ്രൊഫസര്‍ വിവരണം : തുളസിദാസ്