ഉത്പാദന മേഖലയിലെ വളര്‍ച്ചാ നിരക്ക്

ആഗോള മാന്ദ്യത്തിന്റെ ആഘാതം മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച വേഗം സമ്മര്‍ദ്ദത്തിലകപ്പെട്ടെങ്കിലും ഈവര്‍ഷം ജനുവരിയോടെ രാജ്യത്തെ ഉല്‍പാദന മേഖലയില്‍ ഗുണപരമായ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല. പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ എച്ച്.ഐ.എസ്. മാര്‍ക്കിറ്റ് നടത്തിയ സര്‍വെ പ്രകാരം ഇന്ത്യയുടെ ഉല്പാദന വിപണന നിയന്ത്രണ സൂചിക കഴിഞ്ഞവര്‍ഷം ഡിസംബറില്‍ രേഖപ്പെടുത്തിയിരുന്ന 52.7-ല്‍ നിന്ന് ഈവര്‍ഷം ജനുവരിയോടെ 55.3 ആയി ഉയര്‍ന്നു. എട്ട് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന സൂചികയാണിത്. ഇതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടും ശോഭയുള്ളതാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള 40-ലധികം രാജ്യങ്ങള്‍ക്കായി ഐ.എച്ച്.എസ്. മാര്‍ക്കിറ്റ് വിപണന നിയന്ത്രക സൂചിക തയ്യാറാക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥതല സര്‍വേകളില്‍ നിന്നാണ് പ്രതിമാസ ഡേറ്റ ലഭിക്കുന്നത്. പി.എം.ഐ. ഡേറ്റാസെറ്റില്‍ ഒരു പ്രധാന നമ്പര്‍ തലക്കെട്ടായി നല്‍കുന്നുണ്ട്. ഇത് സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുളള നിലയെ സൂചിപ്പിക്കുന്നു. അന്‍പതിന് മുകളിലാണ് പി.എം.ഐ. എങ്കില്‍ അത് വികസനത്തെ സൂചിപ്പിക്കുന്നു. ഉപഭോക്തൃ ഉല്പന്ന ഉപമേഖല മെച്ചപ്പെട്ട
അവസ്ഥയിലാകുകയും മധ്യവര്‍ത്തി ചരക്ക് വിപണനം വളര്‍ച്ചാ വേഗത സ്ഥിരതയാര്‍ജ്ജിക്കുകയും ചെയ്യുന്ന നിലയിലാണ്. മൂലധന ചരക്ക് വിപണനം വികസന പാതയിലാണ്. ഇത് സമ്പദ് വ്യവസ്ഥയിലെ നിക്ഷേപങ്ങളില്‍ പൂര്‍വ്വാവസ്ഥ കൈവരിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു.
ബാഹ്യ വിപണികളില്‍ നിന്നുള്ള പുതിയ വിപണന ഉയര്‍ച്ചയെ പി.എം.ഐ. സൂചികകള്‍ പിന്തുണയ്ക്കുന്നു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേയ്ക്കുള്ള കയറ്റുമതി നിര്‍മ്മാതാക്കള്‍ ഊര്‍ജ്ജിതമാക്കിയതോടെ പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ 2018 നവംബറിന് ശേഷം വേഗത്തില്‍ ഉയരാന്‍ തുടങ്ങി. കൂടാതെ മൂലധന ചെലവുകള്‍ കുറയാന്‍ തുടങ്ങിയതോടെ ലാഭം മെച്ചപ്പെടുത്താന്‍ സാധിക്കുന്നു.
ഇന്‍പുട്ട് ഔട്ട്പുട്ട് ചെലവിന്റെ പതിയെയുള്ള ഉയര്‍ച്ച സഹായകരമാണെന്നാണ് പി.എം.ഐ. ഡേറ്റ സൂചിപ്പിക്കുന്നത്. ചില കമ്പനികള്‍, ലോഹങ്ങള്‍, തുണിത്തരങ്ങള്‍, ഭക്ഷണം എന്നിവയ്ക്ക് ഉയര്‍ന്ന വില റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ചെമ്പ്, പാക്കേജിംഗ് വസ്തുക്കള്‍, റബ്ബര്‍ എന്നിവയ്ക്ക് കുറഞ്ഞ നിരക്കുകളാണ് ഈടാക്കുന്നത്.
വിപണിയിലെ വര്‍ദ്ധിച്ച ആവശ്യത്തെ തുടര്‍ന്ന് ഇന്ത്യന്‍ ചരക്ക് ഉല്പാദകര്‍ ജനുവരിയോടെ തങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിച്ചു. ഏഴര വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന സൂചികയോടൊപ്പം ദീര്‍ഘകാല ശരാശരിയെക്കാള്‍ ഉയര്‍ന്ന വികസിത ശരാശരിയാണ് പി.എം.ഐ. സൂചിക കാണിക്കുന്നത്.
കഴിഞ്ഞ ഏഴരവര്‍ഷമായി തൊഴിലവസരങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു. ഇതിന് പ്രധാന കാരണം വ്യാപാര രംഗത്തുണ്ടായ വളര്‍ച്ചയും പൈപ്പ് ലൈനുമായി ബന്ധപ്പെട്ടപദ്ധതികളുമാണ്. ഇന്ത്യയുടെ ഉല്പാദന മേഖലയിലുണ്ടായ വര്‍ദ്ധിച്ച ആവശ്യം വില്പന രംഗത്ത് കുതിപ്പുണ്ടാക്കി. ഉല്പാദനവും തൊഴിലവസരങ്ങളും വര്‍ദ്ധിച്ചു. സംരംഭങ്ങളുടെ പുനരുദ്ധാരണം ഉല്പാദനക്ഷമത കൂട്ടുകയും പ്രതീക്ഷയ്‌ക്കൊത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും പ്രചോദനമായി.
2020-21-ലെ പൊതുബജറ്റ് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷികാഭിവൃദ്ധി തുടങ്ങിയവയിലൂടെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് ചലിപ്പിക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തിയിട്ടുണ്ട്. നിലവിലുള്ള ലോക സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാനുള്ള ശക്തി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടെന്നും വിലയിരുത്തി.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാന്ദ്യം ബാധിച്ചിട്ടില്ലെന്ന് ഐ.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ അഭിപ്രായപ്പെട്ടത് ഈ അടുത്ത കാലത്താണ്. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം അനുഭവപ്പെട്ടപ്പോള്‍ ഐ.എം.എഫിന് വളര്‍ച്ചയുടെ സൂചകങ്ങളെ പുനര്‍ നിര്‍ണ്ണയിക്കേണ്ടി വന്നു. നിലവില്‍ ആഗോള മാന്ദ്യം നിലനില്‍ക്കെത്തന്നെ 2020-ല്‍ 5.8 ശതമാനം വളര്‍ച്ചാ നിരക്ക് നേടാനാകുമെന്ന് ഐ.എം.എഫ്. കണക്കാക്കുന്നു. 2021-ല്‍ 6.5-ലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന് ഗുണകരമാകുന്ന നിരവധി പരിഷ്‌കാരങ്ങള്‍ ഇന്ത്യ നടപ്പിലാക്കുന്നുണ്ടെന്ന് ഐ.എം.എഫ് മേധാവി പറഞ്ഞു. ഇന്ത്യന്‍ സമ്പദ് ഘടനയുടെ ശക്തി, ലോക സമ്പദ് ഘടനയുടെ സ്ഥിരത സ്വാധീനിക്കുന്നതാണെന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്.

 

തയ്യാറാക്കിയത് :ആദിത്യരാജ് ദാസ്
മുതിര്‍ന്ന സാമ്പത്തിക മാധ്യമ പ്രവര്‍ത്തകന്‍

വിവരണം : ദീപു എസ്.എല്‍