താലിബാന്‍ -യു.എസ്. സമാധാന ശ്രമങ്ങള്‍

അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഏറ്റവും പ്രാധാന്യമേറിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. അമേരിക്കയും താലിബാനും സമാധാനകരാറിന് മുന്നോടിയായുള്ള താത്കാലിക വെടിനിര്‍ത്തലിനുള്ള സമയക്രമം നിശ്ചയിച്ചു. ഇരുവരും മുന്നോട്ട് വയ്ക്കുന്ന സമയക്രമങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഈ ചുവടുവയ്പ്പുകള്‍ നിര്‍ണ്ണായകമാണ്. ഇരുകക്ഷികളുടെയും പരസ്പര വിശ്വാസത്തിന്റെ പരീക്ഷണം കൂടെയാകും ഇത്. ഇത് സംബന്ധിച്ച് താലിബാനുമായി ചര്‍ച്ച നടത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രത്യേക പ്രതിനിധിയായി സല്‍മയ ഖാലില്‍സാദിനെയാമ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇതിനോടൊപ്പം തന്നെ സംഘര്‍ഷങ്ങളും മേഖലയില്‍ തുടരുകയാണ്.
പത്ത് ദിവസത്തെ വെടിനിര്‍ത്തലാണ് അമേരിക്ക ആവശ്യപ്പെടുന്നത്. താലിബാന്‍ ആവശ്യപ്പെടുന്നത് ഏഴ് ദിവസത്തേക്കും ഇത്തരം വിലപേശലുകളാണ് ചര്‍ച്ചയെ ദുഷ്‌ക്കരമാക്കുന്നത്.
അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ ഖനിയെയും താലിബാന്‍ ചര്‍ച്ചാ സംഘത്തെയും അമേരിക്കയില്‍ സ്വീകരിച്ച് ട്രംപ് ചര്‍ച്ചകള്‍ക്ക് പുതിയ വേഗം നല്‍കിയത് കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ്. എന്നാല്‍ കാബൂളില്‍ സൈനിക കേന്ദ്രത്തിന് സമീപം താലിബാന്‍ നടത്തിയ ആക്രമണം ഈ പുരോഗതിയെ അട്ടിമറിച്ചു.
ചൈന, റഷ്യ, ഇറാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടലുകള്‍ക്കും ഏറെ മാസങ്ങളുടെ കാത്തിരിപ്പിനും ശേഷമാണ് ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. കരാറിന്റെ കരട് സെപ്റ്റംബറില്‍ തന്നെ തയ്യാറാക്കിയിരുന്നെന്നും അതിന് കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ട ആവശ്യമില്ലെന്നും താലിബാന്‍ പറയുന്നു. എന്നാല്‍ അവസാനവട്ട ഒത്തുതീര്‍പ്പുകള്‍ക്ക് മുന്‍പേ തന്നെ കരാറിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്.
കരാര്‍ നിലവില്‍ വരുന്നതിന് മുന്‍പ് താലിബാന്‍ വാക്ക് പാലിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ വെടിനിര്‍ത്തല്‍ കാലയളവ് നിര്‍ണ്ണായകമാണ്.
അഫ്ഗാന്‍ പ്രസിഡന്റുമായി താലിബാന് ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങേണ്ടതുണ്ട്. വെടിനിര്‍ത്തല്‍ കാലയളവില്‍ താലിബാന്‍ രാഷ്ട്രീയ പ്രതിബദ്ധത പാലിക്കുന്നുണ്ടോ എന്നത് ഈ ചര്‍ച്ചകളെയും ബാധിക്കും. അഷ്‌റഫ് ഖനിയുമായുള്ള ചര്‍ച്ച വിജയിക്കേണ്ടത് അഫ്ഗാനിസ്ഥാനില്‍ ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കാന്‍ അത്യന്താപേക്ഷിതമാണ്.
താലിബാനുമായി ഉണ്ടാക്കുന്ന കരാറിന് ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ ദക്ഷിണേഷ്യയില്‍ ഉണ്ടാവുമെന്ന് അമേരിക്കയ്ക്ക് ഉറപ്പാണ്. ഇതുകൂടി കൊണ്ടാണ് താലിബാന്‍ പ്രതിബദ്ധത പാലിക്കുമെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നത്. താലിബാനെ തീവ്രവാദ സംഘടനയായി തന്നെയാണ് ബഹുഭൂരിപക്ഷം സുരക്ഷാ വിദഗ്ദ്ധരും കാണുന്നത്. അമേരിക്കയുമായി താലിബാന്‍ ഒരു കരാറില്‍ ഒപ്പിടുന്നത് സംഘടനയുടെ രാഷ്ട്രീയ സാധുത വര്‍ദ്ധിപ്പിക്കും.
ചര്‍ച്ചകളോട് ജാഗ്രതയോടെയുള്ള സമീപനമാണ് അഫ്ഗാന്‍ ഗവണ്‍മെന്റ് പുലര്‍ത്തുന്നത്. താലിബാനെ പൂര്‍ണമായും വിശ്വസിക്കാനാകില്ലെന്ന് മുന്‍ അഫ്ഗാന്‍ ഇന്റലിജന്‍സ് മേധാവി അമറുള്ള സാലേ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അക്രമ രാഷ്ട്രീയത്തിന്റെ നിഷ്ഫലത താലിബാന്‍ തിരിച്ചറിയണമെന്നും സാലേ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കരാറില്‍ എത്തിച്ചേരാനുള്ള പ്രയാസങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇംപീച്ച്‌മെന്റ് നീക്കങ്ങളെ അതിജീവിച്ചു വന്ന യു എസ് പ്രസിഡന്റ് ട്രംപിന് താലിബാനില്‍ നിന്നും വഞ്ചന നേരിടേണ്ടിവന്നാല്‍ അത് ആഭ്യന്തര തിരിച്ചടികള്‍ക്ക് കാരണമായേക്കാം. ഇതാണ് താലിബാനില്‍ നിന്നും വ്യക്തമായ ഉറപ്പ് ലഭിക്കണമെന്ന യു എസ് നിലപാടിന്റെ അടിസ്ഥാനം.
അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് അഫ്ഗാനിസ്ഥാന്‍ നേതൃത്വം നല്‍കേണ്ടതുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. സമാധാനവും സുരക്ഷയും പുലരുന്ന അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ ഭീകര സംഘടനകളുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഇന്ത്യയ്ക്ക് പരിമിതിയുണ്ട്.
അമേരിക്കയും താലിബാനുമായുള്ള കരാറിന്റെ ഭാവി എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം………………

തയ്യാറാക്കിയത് :കല്ലോള്‍ ഭട്ടാചാര്‍ജി
പ്രത്യേക ലേഖകന്‍, ദി ഹിന്ദു

വിവരണം : അഞ്ചു. പി.എസ്.