അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഔദ്യോഗിക ആരംഭം കുറിച്ച് കൊണ്ട് അയോവാ കോക്കസ്സ്

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അമേരിക്കയിലെ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥയെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനായുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. അമേരിക്കയിലെ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും.
നിലവിലെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍പ്പെട്ടയാളായതിനാല്‍ അദ്ദേഹം പ്രസ്തുത പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഈ സാഹചര്യത്തില്‍ 2020 നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ നിരവധി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ തിരക്കിട്ട ശ്രമത്തിലാണ്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രൈമറികളും കോക്കസുകളുമുണ്ട്. പ്രൈമറികളില്‍ പാര്‍ട്ടി അംഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒത്തു ചേര്‍ന്ന് ദേശീയ സമ്മേളനത്തിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. രഹസ്യ വോട്ടെടുപ്പാണ് നടക്കുന്നത്. എന്നാല്‍ കോക്കസില്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് അംഗങ്ങളുടെ തലയെണ്ണിയാണ്.
പ്രൈമറികളിലും കോക്കസുകളിലും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ തങ്ങളുടെ പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കും.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനലെ ആദ്യ കോക്കസ് തെരഞ്ഞെടുപ്പ് അയോവയിലും ആദ്യ പ്രൈമറി ന്യൂ ഹാം ഷെയറിലുമാണ് നടക്കുന്നത്. സാധാരണ ഗതിയില്‍, ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ദേശീയ കണ്‍വെന്‍ഷനില്‍ വിജയിക്കും
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോക്കസ് ഈ മാസം മൂന്നിന് അയോവയിന്‍ ചേര്‍ന്നിരുന്നു. 28 സ്ഥാനാര്‍ത്ഥികള്‍ തുടക്കത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി മുന്നോട്ടു വന്നിരുന്നു. എന്നാല്‍ അയോവ കോക്കസില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 12 ആയി കുറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തിലേക്ക് അയോവ ഗ്രൂപ്പ് യോഗം 41 പ്രതിനിധികളെ തെരഞ്ഞെടുത്തു.
എന്നാല്‍ ഫലം ഔദ്യോഗികമായി വെളിപ്പെടുത്തുന്നതിലെടുത്ത കാലതാമസം വിവാദമായി. തെരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ചെലവു കുറഞ്ഞതും വിശ്വസ്തതയില്ലാത്തതുമായ മൊബൈല്‍ ആപ്ലിക്കേഷനാണ് ഉപയോഗിച്ചതെന്നാണ് ആരോപണമുയര്‍ന്നത്. അതേസമയം തെരഞ്ഞെടുപ്പ് ഫലം സമയബന്ധിതമായി തന്നെയാണ് പ്രഖ്യാപിച്ചതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചതെങ്കിലും ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ഭാഗികമായെങ്കിലും ബാധിച്ചു എന്ന് പറയാം.
2020-ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലോകമെമ്പാടുമള്ളവര്‍ ആകാംക്ഷയോടെയാണ് നോക്കികാണുന്നത്. അതിനുളള പ്രധാനകാരണം ട്രംപ് രണ്ടാം തവണയും മത്സരിക്കുന്നു എന്നതാണ്. അടുത്തിടെ അദ്ദേഹത്തിനെതിരെ ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് നടപടി ഉണ്ടായി. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ആധിപത്യമുള്ള സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഇംപീച്ച്‌മെന്റ് നടപടികള്‍ മുഴുവനും പക്ഷപാതപരമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
2020 നവംബര്‍ 23 ന് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രംപ് അമേരിക്കന്‍ വോട്ടര്‍മാരെ എങ്ങനെ അഭിമുഖീകരിക്കും എന്ന് എല്ലാവരും ഉറ്റു നോക്കുകയാണ്.
വളര്‍ച്ചാ നിരക്കിലും തൊഴിലവസരങ്ങള്‍ നല്‍കുന്നതിലും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സഖ്യകക്ഷികള്‍ക്കും എതിരാളികള്‍ക്കുമെതിരെ പ്രസിഡന്റ് ട്രംപ് ലോകമെമ്പാടും അമേരിക്കന്‍ ശക്തിയെ വളര്‍ത്തിയെടുത്തിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ അമേരിക്കയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. അത് താന്‍ നിറവേറ്റിയെന്നും വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അത് നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെപ്പറ്റി ട്രംപിന് ആശ്വസിക്കാം. അമേരിക്കന്‍ സൈന്യത്തെ വിദേശ രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങളില്‍ നിന്നകറ്റി നിര്‍ത്തിയെന്നും അദ്ദേഹത്തിന് അവകാശപ്പെടാം.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വമാണ് മറ്റൊരു പ്രധാന വിഷയം. മുന്‍ വൈസ് പ്രസിഡന്റ് ജോ ബിഡന് അയോവയില്‍ നടന്ന കോക്കസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. സെനറ്റര്‍ ബെര്‍ണിസാന്റേഴ്‌സ് മികച്ച പ്രാസംഗികനാണെങ്കിലും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് നയങ്ങള്‍ മുതലാളിത്ത അമേരിക്കയിലെ പലരും പിന്‍തുണയ്ക്കുന്നില്ല. ചുരുക്കത്തില്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ നേരിടാന്‍ പോകുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ പങ്കാളിയായ അമേരിക്കയുമായി തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം… ………
തയ്യാറാക്കിയത് : ചിന്താമണി മഹാപാത്ര
പ്രൊ. വൈസ് ചാന്‍സലര്‍ (ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല)
വിവരണം : അനില്‍കുമാര്‍.എ