പോയവാരം പാര്‍ലമെന്റില്‍

കേന്ദ്ര ബഡ്ജറ്റ് അവതരണം കഴിഞ്ഞതിന് ശേഷം ശ്രദ്ധേയസംഭവങ്ങള്‍ക്കാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും സാക്ഷ്യം വഹിച്ചത്. ബജറ്റ് സമ്മേളനം പ്രതീക്ഷിച്ചതുപോലെ പ്രക്ഷുബ്ദമായിരുന്നു. 45 ബില്ലുകളും ഏഴ് ധനസംബന്ധമായ വിഷയങ്ങളുമാണ് ഗവണ്‍മെന്റിന്റെ അജണ്ടയിലുണ്ടായിരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിവിധ വിഷയങ്ങളില്‍ ഗവണ്‍മെന്റിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. സ്പീക്കര്‍ അനുവദിക്കുന്ന എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് ഗവണ്‍മെന്റ് അറിയിച്ചെങ്കിലും അവര്‍ അത് ചെവിക്കൊണ്ടില്ല.
പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളിലെ പ്രതിപക്ഷ കക്ഷികളിലെ പ്രതിഷേധം കാരണം രാജ്യസഭ സമ്മേളനം പലവട്ടം മുടങ്ങി. സഭ വീണ്ടും സമ്മേളിച്ചപ്പോഴും കോണ്‍ഗ്രസ്, ഇടത്, TMC, DMK, SP എന്നീ പാര്‍ട്ടി അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയാണ് ഉണ്ടായത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയും ബഹളത്തില്‍ മുങ്ങി. ഉപാധ്യക്ഷന്‍ ഹരിവംശ് ഒരു ചര്‍ച്ചയ്ക്കുള്ള ശ്രമം നടത്തിയതും വിഫലമായി. ശ്രീ.തവ്വര്‍ചന്ദ് ഗേഹ്‌ലോട്ട് പ്രതിപക്ഷാംഗങ്ങളോട് ചര്‍ച്ചയോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും പരാജയപ്പെടുകയാ- ണുണ്ടായത്. പൗരത്വ ഭേദഗതി ബില്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ തുടങ്ങി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും ചെയര്‍മാന്‍ അത് നിരാകരിക്കുകയായിരുന്നു.
ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിന്റെ വേര്‍പാടില്‍ സഭ അനുശോചിച്ചു. ആസ്‌ട്രേലിയയില്‍ ഉണ്ടായ കാട്ടുതീയില്‍ മരിച്ചവര്‍ക്കും സഭ അനുശോചനം രേഖപ്പെടുത്തി. രാജസ്ഥാനിലെ വെട്ടുകിളി ആക്രമണം, ആഗോള കയറ്റുമതി, കൊറോണ വൈറസ് തുടങ്ങിയ വിഷയങ്ങളും രാജ്യസഭയില്‍ അംഗങ്ങള്‍ ഉന്നയിച്ചു.
ലോകസഭയിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. സഭ ചേര്‍ന്നപ്പോള്‍തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പൗരത്വ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയായിരുന്നു.
രാമക്ഷേത്രനിര്‍മ്മാണം സംബന്ധിച്ചുള്ള ട്രസ്റ്റ് രൂപീകരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമായിരുന്നു കഴിഞ്ഞ വാരം ലോകസഭയിലെ ശ്രദ്ധേയ സംഭവം. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് രാമജന്മഭൂമി ബാബ്‌റി മസ്ജിദ് വിഷയത്തില്‍ സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്.
പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയിലുള്ള എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ രാജ്യത്താകമാനം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ലോകസഭയില്‍ ഗവണ്‍മെന്റ് വ്യക്തമാക്കി. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, സെന്‍സസിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജനസംഖ്യാ രജിസ്റ്റര്‍ 2010 ല്‍ യു പി എ ഗവണ്‍മെന്റാണ് ആരംഭിച്ചത്. ജനങ്ങള്‍ക്കാവശ്യമായ ഗവണ്‍മെന്റ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന് അത് ആവശ്യമാണെന്നും പ്രധാനമന്ത്രിയും പറഞ്ഞു. ദേശീയതലത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് ഗവണ്‍മെന്റ് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് പറഞ്ഞു. രാഷ്ട്രപതിയുടെ പ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നല്‍കി.
ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയത്, ജമ്മുകാശ്മീരിന്റെ വികസനത്തിന് വഴിതെളിച്ചതായി രാജ്യസഭയില്‍ പ്രധാനമന്ത്രി പറഞ്ഞു.
രാമജന്മഭൂമി വിഷയത്തിലെ വിധിയെ തുടര്‍ന്ന് ജനങ്ങള്‍ പ്രകടിപ്പിച്ചത് രാജ്യത്തെ ജനാധിപത്യത്തിലുള്ള ഉറച്ച് വിശ്വാസമാണ്. അയോധ്യയില്‍ ഒരു മഹാക്ഷേത്രം പണിയുന്നതിനുള്ള പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭരണപക്ഷം പ്രധാനമന്ത്രിക്കനുകൂലമായി മുദ്രാവാക്യം മുഴക്കി. ബാങ്ക് പാപ്പരത്വ നിയമഭേദഗതി, ധാതു നിയമ ഭേദഗതി 2020 എന്നീ ബില്ലുകള്‍ നടപ്പു സമ്മേളത്തില്‍ പാസാക്കുന്നതിന് സഭയുടെ പിന്തുണയും ഗവണ്‍മെന്റ് അഭ്യര്‍ത്ഥിച്ചു.

നിങ്ങള്‍കേട്ടത്‌വാര്‍ത്താവലോകനം………

തയ്യാറാക്കിയത് : യോഗേഷ് സൂദ്, മാധ്യമപ്രവര്‍ത്തകന്‍

വിവരണം : ഉദയകുമാര്‍