പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പ്രാധാന്യം

അമേരിക്കന്‍ പ്രസിഡന്റുമാരുടെ വിദേശ സന്ദര്‍ശനങ്ങള്‍ ഒരിക്കലും വിലകുറച്ച് കാണാനാകില്ല. പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള സന്ദര്‍ശനങ്ങള്‍. അമേരിക്ക ആഗോളതലത്തില്‍ ഒരു വന്‍ ശക്തിയായതു കൊണ്ടു മാത്രമല്ല, ലോക സമ്പദ്‌വ്യവസ്ഥയില്‍ അമേരിക്കയുടെ പങ്ക് നിര്‍ണായകവും പരമ പ്രധാനമായതു കൊണ്ടുകൂടിയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. പക്ഷേ, അമേരിക്കയുമായി ഇടപഴകുന്നതിന്റെ പ്രാധാന്യത്തെ വെല്ലുവിളിക്കാന്‍ ആര്‍ക്കുമാകില്ല. അടുത്തിടെ നടക്കാനിരിക്കുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും ഏറെ പ്രാധാന്യം കല്പിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ആഗോള തലത്തിലെ നയതന്ത്ര സന്തുലിതാവസ്ഥ അമേരിക്കയ്ക്ക് അനുകൂലമാകും വിധം അതിവേഗം മാറുകയാണ്. തകര്‍ന്നു കൊണ്ടിരിക്കുന്ന അമേരിക്കയേയും ഉയര്‍ന്ന് കൊണ്ടിരിക്കുന്ന ചൈനയേയും കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ നിലച്ചു. പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിനെ ചുറ്റിപ്പറ്റി ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായിരുന്നിട്ടും ലോകത്തിനു മുന്നില്‍ അമേരിക്കയ്ക്കുള്ള സ്ഥാനവും ശക്തിയും ചൈനയ്ക്ക് വെല്ലുവിളിക്കാന്‍ കഴിയാത്തവണ്ണം അദ്ദേഹത്തിന് വീണ്ടെടുക്കാന്‍ കഴിഞ്ഞു. അമേരിക്കയെ പോലുള്ള ഒരു രാഷ്ട്രീയ ശക്തിയുമായി ഇടപഴകുന്നത് അന്താരാഷ്ട്ര സമൂഹത്തിലെ ഏതൊരു അംഗ രാജ്യത്തിനും അത്യാവശ്യമാണ്. ചൈനയുടെ ഉറച്ച നിലപാടുകള്‍ അത് ദക്ഷിണ ചൈനാക്കടല്‍, കിഴക്കന്‍ സമുദ്ര മേഖല എന്നിവിടങ്ങളില്‍ ചൈനീസ് പരമാധികാരം വ്യാപിപ്പിക്കുന്നതായാലും ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയായാലും അവയെ പ്രതിരോധിക്കാന്‍ ട്രംപ് ഭരണകൂടം അടുത്ത കാലത്തായി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നു. ചൈനയെ സമാധാനപരമായ പങ്കാളിയാക്കാനും സൈനിക ശക്തി കാട്ടുന്നത് നിരുത്സാഹപ്പെടുത്താനും ആഗ്രഹമുള്ള രാജ്യങ്ങളുമായി ചേരുകയെന്നതാണ് ഇന്ത്യയുടെ താല്പര്യം. പതിറ്റാണ്ടുകളുടെ പരിശ്രമഫലമായി രൂപപ്പെടുത്തിയ അമേരിക്കയുമായുള്ള നയതന്ത്ര പങ്കാളിത്തം പരിപോഷിപ്പിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. അമേരിക്കന്‍ പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും തമ്മിലുള്ള ഉച്ചകോടി സ്വാഭാവികമായും ഈ ബന്ധത്തിന്റെ ഭാഗമാണ്. ഇരു രാജ്യങ്ങളിലേയും പ്രതിരോധ-വിദേശകാര്യ വകുപ്പുകള്‍ തമ്മിലുള്ള 2+2 മന്ത്രിതല സമ്മേളനം ഇന്ത്യാ-അമേരിക്ക നയതന്ത്രബന്ധം ശക്തമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഈ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഇരു സര്‍ക്കാരുകളുടേയും നിരന്തര ശ്രദ്ധയും ഇടപെടലും ആവശ്യമാണ്. ഇന്ത്യ-അമേരിക്ക സാമ്പത്തിക ബന്ധം ചില വെല്ലുവിളികള്‍ നേരിടുന്നു. സാമ്പത്തിക ബന്ധത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനും സഹകരണം മെച്ചപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ കഠിനമായി യത്‌നിക്കുന്നു. മറ്റൊരു അമേരിക്കന്‍ പ്രസിഡന്റും ട്രംപിനെ പോലെ വ്യാപാര നിക്ഷേപ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടില്ല. മികച്ച വ്യാപാര പശ്ചാത്തലമുള്ള ട്രംപ് തന്റെ മുന്‍ഗാമികളുടെ പരമ്പരാഗതമായ രീതികളില്‍ ചിലത് മാറ്റി തന്റേതായ വിദേശ സാമ്പത്തിക നയം രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. മാറിമറിഞ്ഞ ആഗോള രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലത്തില്‍ അമേരിക്കയുമായി ചേര്‍ന്ന് ഇന്ത്യ സ്വയം ഒരു സമവാക്യം രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നു. തെറ്റിദ്ധാരണകള്‍ ഒഴിവാക്കി പൊരുത്തക്കേടുകള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിന് ഉന്നത തലത്തില്‍ ഒരു ധാരണ ഉണ്ടാക്കുകയാണ് ഇന്നത്തെ ആവശ്യം. രാജ്യങ്ങളുടെ പരസ്പര ബന്ധത്തിന്റെ പ്രാധാന്യം ഉച്ചകോടികളില്‍ പ്രതിഫലിക്കുന്നു. വളരെ കുറച്ച് ഉഭയകക്ഷി സന്ദര്‍ശങ്ങള്‍ മാത്രമേ പ്രസിഡന്റ് ട്രംപ് നടത്തിയിട്ടുള്ളൂ. അദ്ദേഹത്തിന് ഇന്ത്യന്‍ സന്ദര്‍ശനം നടത്താന്‍ താല്പര്യമുണ്ടെങ്കില്‍ അത് അമേരിക്കയ്ക്ക് ഇന്ത്യയോടുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിംഗ്ടണില്‍ ട്രംപുമായി നടത്തിയ ഉന്നതതല കൂടിക്കാഴച ശ്രീ. മോദിയുടെ വിദേശനയത്തിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്. നരേന്ദ്രമോദിയുടെ ബഹുമാനാര്‍ത്ഥം ഹൂസ്റ്റണില്‍ സംഘടിപ്പിച്ച ഹൗഡി മോഡി പരിപാടി അമേരിക്കയിലെ ഇന്ത്യന്‍ മനുഷ്യ വിഭവശേഷിയുടെ മതിപ്പ് ഉളവാക്കുന്നതായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിനുവേണ്ടി ഗുജറാത്തിലെ മൊട്ടേരയില്‍ ശ്രീ. നരേന്ദ്രമോദി സ്റ്റേഡിയം ഷോ ആസൂത്രണം ചെയ്യുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ഇടപെടലുകളുടെ പ്രധാന ഭാഗമായ ഇന്ത്യയുടെ ജനസംഖ്യാപരമായ വിസ്മയം പ്രദര്‍ശിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം എത്ര ശക്തമാണെങ്കിലും, ആ ബന്ധത്തില്‍ ഉന്നതതലത്തിലുള്ള ശ്രദ്ധയാണ് പ്രധാനം. അതിനാല്‍, ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം………

തയ്യാറാക്കിയത് : പ്രൊഫ. ചിന്താമണി മഹാപത്ര,
പ്രോ-വൈസ് ചാന്‍സലര്‍, ജവഹര്‍ലാല്‍ നെഹ്‌റു
സര്‍വ്വകലാശാല 
വിവരണം : അനില്‍കുമാര്‍ എ.