ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം പ്രാധാന്യം നേടുന്നു.

യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ ഉപദേശക സമിതിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചകള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ബ്രസല്‍സ് സന്ദര്‍ശിച്ചു. യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ-സുരക്ഷാ നയരൂപീകരണ ചുമതലയുള്ള ഉന്നത പ്രതിനിധി ജോസഫ് ബോറെല്‍ ഫോണ്‍ടെല്ലസിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു സന്ദര്‍ശനം. ഡിസംബര്‍ 19 ന് പുതിയ സമിതി അധികാരമേറ്റ ശേഷം ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.
യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളുടെ വിദേശകര്യ മന്ത്രിമാരും ഉന്നതതല പ്രതിനിധിയും ഉള്‍പ്പെടുന്നതാണ് വിദേശകാര്യ ഉപദേശക സമിതി. വിദേശനയം, പ്രതിരോധം, സുരക്ഷ, വ്യാപാരം, വികസനം, സഹകരണം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമിതി കൈകാര്യം ചെയ്യുന്നു. ഇന്ത്യന്‍ വിദേശനയത്തിന്റെ മുന്‍ഗണനകളെ കുറിച്ചും ആഗോള പരിപ്രേക്ഷ്യവും സംബന്ധിച്ച് ശ്രീ. ജയ്ശങ്കര്‍ സമിതിയുമായി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും പങ്കിടുന്ന സമാനമൂല്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍. ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ ഭരണ ക്രമങ്ങളായ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ജനാധിപത്യം, ബഹുസ്വരത, അന്താരാഷ്ട്ര നിയമ പ്രകാരമുള്ള അതിര്‍ത്തി പരിപാലനം, ലോക വ്യാപാര കരാറില്‍ അധിഷ്ഠിതമായ വ്യാപാരം, സുസ്ഥിര വികസനം എന്നീ കാര്യങ്ങളില്‍ പ്രതിജ്ഞാബദ്ധമാണ്.
ജോസഫ് ബോറെല്‍ ഫോണ്‍ടെല്ലസ് അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2020 ലെ റയ്‌സിനാ സംഭാഷണത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്. ലോക വ്യാപാര കരാറിനോടനുബന്ധിച്ചുള്ള ആഗോള തര്‍ക്കങ്ങള്‍ക്ക് നിയമപ്രകാരമുള്ള പരിഹാരങ്ങള്‍ ഉണ്ടാകണമെന്ന കാര്യത്തില്‍ ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും ഏകാഭിപ്രായമാണെന്ന് ഫോണ്‍ടെല്ലസ് നിരീക്ഷിച്ചു. ഈ തര്‍ക്കങ്ങളില്‍ യൂറോപ്യന്‍ യൂണിയനും, ഇന്ത്യയും, ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ഒരുപോലെ ആശങ്ക പങ്കുവയ്ക്കുന്നു. തര്‍ക്കങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്ന് റയ്‌സിനാ സംഭാഷണങ്ങള്‍ക്കിടെ ഫോണ്‍ടെല്ലസ് പറഞ്ഞു. പ്രായോഗിക സമീപനം സ്വീകരിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് ഇരുപക്ഷത്തിനും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കടല്‍ക്കൊള്ള നേരിടുന്നതിലും സമുദ്ര വിഭവ സംരക്ഷണത്തിലും വെല്ലുവിളികള്‍ ഉയരുമ്പോള്‍ സുരക്ഷ നിര്‍ണ്ണായകമായിത്തീരുന്നു. സമുദ്ര സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താന്‍ പരസ്പര സഹകരണം അത്യാവശ്യമാണ്. ആഫ്രിക്കന്‍ തീരങ്ങളിലും, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളിലും കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ ഓപ്പറേഷന്‍ അറ്റ്‌ലാന്റ എന്ന പേരില്‍ ഇരു പക്ഷവും സഹകരിക്കുന്നത് മികച്ച ഒരുദാഹരണമാണ്.
2025 ഓടെ സുരക്ഷ, ഡിജിറ്റല്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ പൂര്‍ണ്ണ സഹകരണത്തിനുള്ള വ്യക്തമായ രൂപരേഖ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത യൂറോപ്യന്‍ യൂണിയന്‍ ഉന്നതതല പ്രതിനിധി ഊന്നി പറഞ്ഞു. ഉഭയകക്ഷി താല്പര്യമുള്ള കാലാവസ്ഥാ വ്യതിയാനം, ബഹുസ്വരതയുടെ സംരക്ഷണം, പ്രതിരോധ സഹകരണം, സുരക്ഷ, ഗതാഗത സൗകര്യങ്ങള്‍, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, വ്യാപാരവും നിക്ഷേപവും, ഭീകരവാദത്തെ നേരിടല്‍ എന്നീ കാര്യങ്ങളില്‍ പരസ്പര സഹകരണം ദൃഢമാക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലായിരുന്നു യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രി ഫ്രാന്‍സ് ടിമ്മര്‍മാന്‍സ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫോര്‍ യൂറോപ്യന്‍ ഗ്രീന്‍ ഡീല്‍ ഫില്‍ ഹോഗന്‍, യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ചാള്‍സ് മൈക്കേല്‍ എന്നിവരുമായാണ് ഡോ. ജയ്ശങ്കര്‍ ചര്‍ച്ച നടത്തിയത്. സമിതിയുമായി നടത്തിയ ചര്‍ച്ചകളിലെ വിവരങ്ങള്‍ പ്രസിഡന്റിനെ അദ്ദേഹം ധരിപ്പിച്ചു.
ഈ മാസം ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ അധ്യക്ഷ സ്ഥാനത്തെത്തിയ ബെല്‍ജിയത്തിനുള്ള അഭിനന്ദനം ബെല്‍ജിയന്‍ വിദേശകാര്യമന്ത്രി ഫിലിപ്പെ ഗോഫിനെ വിദേശകാര്യമന്ത്രി അറിയിച്ചു. ഉഭയകക്ഷി താല്പര്യമുള്ള ഒട്ടേറെ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
പുതിയ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവിധ രാജ്യങ്ങളിലെ അംഗങ്ങളുമായി ശ്രീ. ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഇത്തരത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റംഗങ്ങളുമായി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു അത്.
അടുത്ത മാസം നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ബന്ധങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കുമെന്നതിന്റെ സൂചനയായി ഇതിനെ നിരീക്ഷകര്‍ വിലയിരുത്തുന്നു. തന്ത്രപ്രധാന സഹകരണത്തിനായി 2025 വരെ മുന്നില്‍ കണ്ടുകൊണ്ടുള്ള മാര്‍ഗരേഖ മാര്‍ച്ചിലെ ഉച്ചകോടിയില്‍ അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതും ബ്രക്‌സിറ്റനന്തര സാഹചര്യങ്ങളും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന്റെ പ്രാധാന്യമേറ്റുന്നു.

തയ്യാറാക്കിയത് : പദം സിംഗ്,
വാര്‍ത്താ വിശകലന വിദഗ്ധന്‍

വിവരണം : രഞ്ജിത്ത് പി.