ഇറാനും പാകിസ്ഥാനുമെതിരെ ശക്തമായ നടപടിയുമായി എഫ്.എ.ടി.എഫ്

ആഗോള ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് തടയിട്ട് ലോകത്തെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എടി.എഫ്) ഇറാനെ കരിമ്പട്ടികയില്‍ തന്നെ നിലനിര്‍ത്തുന്നതിന് തീരുമാനിച്ചു. പാകിസ്ഥാനെ ഇതിനു തൊട്ടുതാഴ്ന്ന പട്ടികയായ ഗ്രേ പട്ടികയിലും നിലനിര്‍ത്തി. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകര പ്രവര്‍ത്തനത്തിനുളള ആഗോള ധനസഹായം എന്നിവ തടയുന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നാല്പതംഗ അന്താരാഷ്ട്ര സമിതിയാണ് FATF. പാരീസ് ആസ്ഥാനമായുളള ഈ സമിതി രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായി ഓരോ പട്ടിക വീതം തയ്യാറാക്കുകയും പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുമായി നടത്തുന്ന സാമ്പത്തിക ഇടപാടുകളില്‍ അന്താരാഷ്ട്ര സമൂഹത്തിന് ഒരു ഉപദേശം നല്‍കുകയും ചെയ്യുന്നു. എഫ്.എ.ടി.എഫ് ഒരു രാജ്യത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് ആ രാജ്യവുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അപകടകരമാണെന്നാണ്. അങ്ങനെ നോക്കുമ്പോള്‍ കരിമ്പട്ടികയെക്കാള്‍ ഭേദമാണ് ഗ്രേ-പട്ടിക. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിന് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യം ആവശ്യമായ നടപടികള്‍ സ്വീകരിക്കുവെന്നും എന്നാല്‍ കൂടുതല്‍ നടപടികള്‍ ഇതിനായി വെണമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.
യാദൃശ്ചികമെന്ന് പറയട്ടെ ഇറാനില്‍ യാഥാസ്ഥിതികപക്ഷം വലിയ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്ന ദിവസം തന്നെയാണ് ഇറാനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയെന്ന പ്രഖ്യാപനമുണ്ടായത്. ആണവ കരാറില്‍ നിന്ന് വാഷിംഗ്ടണ്‍ പിന്മാറുകയും ഉപരോധം ഏര്‍പ്പെടുത്തിയതുവഴി ഇറാനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും ഇറാന്‍ ജനതയെ ശക്തമായ പൊതു പ്രതിഷേധത്തിന് പ്രേരിപ്പിക്കുകയും ചെയ്തതിനാലാണ് ഇറാനും അമേരിക്കയ്ക്കും ഇടയില്‍ രൂക്ഷമായ സംഘര്‍ഷം ഉടലെടുത്തത്. ഈ പശ്ചാത്തലത്തിലാണ് ഇറാനില്‍ തിരഞ്ഞെടുപ്പ് നടന്നതും.
യൂറോപ്പുമായി ഒരു ബദല്‍ സാമ്പത്തിക സംവിധാനം കണ്ടെത്തി ആണവ ഇടപാട് തുടരാമെന്ന് ഇറാന്‍ ഭരണകൂടം പ്രതീക്ഷിച്ചിരുന്നതെങ്കിലും FATF ന്റെ കരിമ്പട്ടികാ പ്രഖ്യാപനം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയായിരുന്നു. യാഥാസ്ഥിതിക കക്ഷിക്കാര്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷമാകുന്നതോടെ ഇറാന്‍-യുഎസ് സംഘര്‍ഷം കൂടുതല്‍ ശക്തമാകാനാണ് സാധ്യത. പരിഷ്‌കരണവാദികളും യാഥാസ്ഥിതികരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ നേരിട്ടുള്ള അനന്തരഫലമാണ് ഇറാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടാനുളള കാരണവും. ഇറാനെ FATF കരിമ്പട്ടികയില്‍ നിന്ന് ഒഴിവാകുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തിയത് പരിഷ്‌കരണവാദികളുടെ ആധിപത്യമുള്ള പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്റാണ്. എന്നാല്‍ യാഥാസ്ഥിതികര്‍ക്ക് ആധിപത്യമുള്ള ഗാര്‍ഡിയന്‍സ് കൗണ്‍സില്‍ ഇത് തടഞ്ഞു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന, ചരിത്രം പേറുന്ന രാഷ്ട്രമാണ് പാകിസ്ഥാന്‍. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ നടക്കുന്ന തീവ്രവാദ ആക്രമണങ്ങളുടെ പ്രഭവകേന്ദ്രവും അവര്‍ തന്നെ. പാകിസ്ഥാനെ ഗ്രേ പട്ടികയില്‍ തന്നെ നിലനിര്‍ത്താനാണ് FATF തീരുമാനിച്ചത്. അമേരിക്കയുടെ കൂട്ടുപിടിച്ച് ഗ്രേ പട്ടികയില്‍ നിന്നും പുറത്തു കടക്കാന്‍ പാകിസ്ഥാന്‍ പരമാവധി ശ്രമിച്ചിരുന്നു എന്നത് വേറെകാര്യം.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന എല്ലാ വഴികളും വേരോടെ പിഴുതെറിയുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതു കൊണ്ടാണ് പാകിസ്ഥാനെ തല്‍ക്കാലം കരിമ്പട്ടികളില്‍ ഉള്‍പ്പെടുത്തണ്ട എന്ന നിലപാട് FATF സ്വീകരിച്ചതും.
2012 മുതല്‍ 2015 വരെ ദീര്‍ഘകാലം FATF ന്റെ ഗ്രേ പട്ടികയില്‍ ഉണ്ടായിരുന്ന പാകിസ്ഥാനെ 2018 ല്‍ ഒരിക്കല്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചില്ല എന്ന് FATF കുറ്റപ്പെടുത്തിയപ്പോള്‍ ചൈന, മലേഷ്യ, തുര്‍ക്കി എന്നീ രാഷ്ട്രങ്ങളാണ് ഇത്തവണ പാകിസ്ഥാന്റെ രക്ഷയ്‌ക്കെത്തിയത്.
കരിമ്പട്ടികയില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കാനുളള FATF ന്റെ തീരുമാനത്തെ നിലവിലെ ആഗോള രാഷ്ട്രീയ സംഭവ വികാസങ്ങളും ഏറെ സ്വാധീനിച്ചിട്ടുണ്ട്. താലിബാനുമായി അമേരിക്ക നടത്തുന്ന ചര്‍ച്ചകള്‍ക്കും അഫ്ഗാനിസ്ഥാനില്‍ നിന്നുളള അമേരിക്കന്‍ സൈനിക പിന്മാറ്റത്തിനും പാക് സഹായം കൂടിയേ തീരു. മാത്രമല്ല ഇറാനെ ഒറ്റപ്പെടുത്താനുളള അമേരിക്കന്‍ നീക്കങ്ങളില്‍ പാകിസ്ഥാന്റെ നിലപാടുകള്‍ നിര്‍ണായകവുമാണ്. നിലവില്‍ അതിരൂക്ഷമായ അവസ്ഥയിലൂടെയാണ് പാക് സമ്പദ്‌വ്യവസ്ഥ കടന്നുപോകുന്നത്. ഇത്തരം ഒരു അവസ്ഥയില്‍, പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ആ രാജ്യത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.
എന്നാല്‍ ഇറാനെ കരിമ്പട്ടികയില്‍ നിലനിര്‍ത്തുമെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. ഇറാനിലെ സാമ്പത്തിക രംഗത്ത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.
അമേരിക്കയുമായുളള ചര്‍ച്ചകള്‍ അടക്കമുളള സുപ്രധാന നീക്കങ്ങളിലൂടെ മാത്രമേ ഇറാന് ഇനി കരിമ്പട്ടികയില്‍ നിന്ന് പുറത്തു കടക്കാനാകൂ. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുളള ധനസഹായം തടയുന്നത് അടക്കം താന്‍ നല്‍കിയ ഉറപ്പുകള്‍, പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പാലിക്കുമെന്നും, അതുവഴി പാകിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുകയും ചെയ്യുമെന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നത്.