ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള നയതന്ത്ര സഹകരണം

സ്വാതന്ത്ര്യം, പൗരന്മാരെ ഒരുപോലെ കാണുക, മാനുഷിക അവകാശം, നിയമവാഴ്ച എന്നിവയുടെ പ്രാധാന്യം മനസിലാക്കി കൊണ്ട് ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ധാരണയായി.  ഇരുവരും രണ്ട് ബഹുമുഖ ജനാധിപത്യ പരമാധികാര രാജ്യങ്ങളുടെ തലവന്മാരാണ്. പരസ്പര വിശ്വാസം, താത്പര്യം, സത്‌പേര്, ജനങ്ങള്‍ തമ്മിലുള്ള സഹകരണം എന്നിവയിലൂന്നിയുള്ളതാണ് സഹകരണം.

പ്രതിരോധം, സുരക്ഷ എന്നീ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ട്രംപും അറിയിച്ചു.  നാവിക മേഖല, ബഹിരാകാശം, വിവരകൈമാറ്റം, സേനാ അഭ്യാസം, പരിശീലനം, സൈനിക ഉപകരണ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.  BECA ഉള്‍പ്പെടെയുള്ള പ്രതിരോധ സഹകരണ കരാറുകള്‍ എത്രയും വേഗം നടപ്പിലാക്കാന്‍ ഇരു നേതാക്കളും ധാരണയായി.

ഹൈഡ്രോകാര്‍ബണ്‍ വാണിജ്യത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ ഇരുവരും സംതൃപ്തി രേഖപ്പെടുത്തി.  നയതന്ത്ര ഊര്‍ജ സഹകരണത്തിലൂടെ ഊര്‍ജ സുരക്ഷ, മേഖലയിലെ നൂതന സംവിധാന വികസനം എന്നിവ വര്‍ദ്ധിപ്പിക്കാനും ഓഹരി ഉടമകളും വ്യവസായ കേന്ദ്രങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനും ധാരണയായി.

ബഹിരാകാശ മേഖലയില്‍ ഇസ്രോയും നാസയും സംയുക്തമായി നടത്താന്‍ ലക്ഷ്യമിടുന്ന പരീക്ഷണങ്ങളെയും ചര്‍ച്ചകളെയും ഇരു രാഷ്ട്രങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്.  2022 ഓടെ നടക്കാനിരിക്കുന്ന ലോകത്തിലെ ആദ്യ dual-frequency Synthetic Aperture Radar ഉപഗ്രഹത്തിന്റെ വിക്ഷേപണം, ഭൗമനിരീക്ഷണ പദ്ധതികളിലെ സഹകരണം, ചൊവ്വ ദൗത്യം, സൗരയൂഥത്തില്‍ സൂര്യന്‍ ചെലുത്തുന്ന സ്വാധീനങ്ങളെപ്പറ്റിയുള്ള പഠനം, മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ദൗത്യങ്ങള്‍, വിനോദ സഞ്ചാരമടക്കമുള്ള ആവശ്യങ്ങള്‍ക്ക് ബഹിരാകാശത്തെ ഉപയോഗപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ ഇസ്രോയും നാസയും തമ്മില്‍ പുരോഗമിക്കുന്ന ചര്‍ച്ചകളെയും ഇരു രാഷ്ട്രങ്ങളും അഭിനന്ദിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലകളിലെ സഹകരണം, നൂതന ആശയങ്ങളുള്ള യുവാക്കള്‍ക്കായുള്ള പരിശീലന പരിപാടികള്‍ അടക്കമുള്ളവ വര്‍ദ്ധിപ്പിക്കാനും ഇരു നേതാക്കളും താത്പര്യം പ്രകടിപ്പിക്കുകയുണ്ടായി.  അമേരിക്കയില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനെയും അവര്‍ സ്വാഗതം ചെയ്തു.

സമാധാനപൂര്‍ണവും സുതാര്യവും തുറന്നതും പുരോഗതി പ്രാപിക്കുന്നതുമായ ഇന്തോ-പസഫിക്ക് മേഖല യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം കൂടിയേതീരു.  ഈ സഹകരണത്തിനാവട്ടെ, ആസിയാന്‍ രാഷ്ട്രങ്ങള്‍ക്ക് ആവശ്യമായ പ്രാധാന്യം നല്‍കുക, ആഗോള നിയമങ്ങളുടെ പാലനം, സുരക്ഷിതവും സ്വതന്ത്രവുമായ സദ്ഭരണം, കപ്പല്‍ ഗതാഗതത്തിനുള്ള സഹായം, സമുദ്ര തര്‍ക്കങ്ങളുടെ സമാധാനപരമായ പരിഹാരങ്ങള്‍ തുടങ്ങിയവ ആവശ്യമാണുതാനും.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സുരക്ഷ, വികസനം, മാനവിക സഹായങ്ങള്‍ എന്നിവയില്‍ ഇന്ത്യ വഹിക്കുന്ന പങ്കിനെ അമേരിക്ക അഭിനന്ദിച്ചു.  മേഖലയില്‍ സുസ്ഥിരവും സുതാര്യവും ഗുണമേന്മയുള്ളതുമായ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇരുവരും വ്യക്തമാക്കുകയുണ്ടായി.

ഇന്തോ-പസഫിക് മേഖലയടക്കം ആഗോളതലത്തില്‍ വികസനം ഉറപ്പാക്കാന്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരു പോലെ താത്പര്യമുണ്ട്.  മൂന്നാം ലോകരാജ്യങ്ങളില്‍ ഇത് നടപ്പാക്കുന്നത് ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളിലെയും വികസന സഹകരണ വകുപ്പുകള്‍ തമ്മില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ശ്രീ. മോദിയും ട്രംപും താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ദക്ഷിണ ചൈന കടലിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനും അര്‍ത്ഥവത്തായ ഒരു നടപടിക്രമം വികസിപ്പിക്കാനും നടത്തുന്ന ശ്രമങ്ങളും ഇരു രാജ്യങ്ങളും വിലയിരുത്തി.  ഈ വിഷയത്തില്‍ തങ്ങള്‍ക്ക് മുന്‍ധാരണകള്‍ ഒന്നും തന്നെയില്ലെന്നും ഇരുവരും വ്യക്തമാക്കുകയുണ്ടായി.

പരമാധികാരം, ജനാധിപത്യം, സ്ഥിരത, പുരോഗതി, ഐക്യം എന്നിവ ഉറപ്പുവരുത്തുന്ന ഒരു ഭരണവ്യവസ്ഥ അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകണമെന്ന് ഇന്ത്യക്കും അമേരിക്കയ്ക്കും ഒരുപോലെ താത്പര്യമുണ്ട്.  അഫ്ഗാനിസ്ഥാനിലെ ഗതാഗത ശൃംഖലകളില്‍ അടക്കം ഇന്ത്യ നടത്തുന്ന വികസന പദ്ധതികള്‍, ആ രാജ്യത്തിന് നാം നല്‍കുന്ന സുരക്ഷാ സഹായങ്ങള്‍ എന്നിവയേയും അമേരിക്കന്‍ പ്രസിഡന്റ് സ്വാഗതം ചെയ്യുകയുണ്ടായി.

തീവ്രവാദത്തിനെ അനുകൂലിക്കുന്നവരേയും അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തേയും ന്യൂഡല്‍ഹിയും വാഷിംഗ്ടണ്ണും ഒരുപോലെ എതിര്‍ക്കുന്നു.  പാകിസ്ഥാന്‍ മണ്ണില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കരുതെന്നും 26/11 മുംബൈ ആക്രമണം, പത്താന്‍കോട്ട് ആക്രമണം തുടങ്ങിയവയുടെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇരു രാജ്യങ്ങളും പാകിസ്ഥാനോട് ആവശ്യപ്പെട്ടു.  എല്ലാ തീവ്രവാദ സംഘങ്ങള്‍ക്കെതിരെയും അവരുമായി ബന്ധമുള്ളവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.

വ്യാപാരം, ആശയവിനിമയം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ തുറന്നതും, വിശ്വസനീയവും, സുരക്ഷിതവുമായ ഇന്റര്‍നെറ്റ് സംവിധാനം ആവിഷ്‌കരിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി.  സുരക്ഷിതവും, നൂതനവും, വിശ്വാസ്യയോഗ്യവുമായ ഒരു ഡിജിറ്റല്‍ സംവിധാനത്തിന്റെ ആവശ്യകതയും ചര്‍ച്ചാവിഷയമായി.

വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങളും പരിഹരിച്ച് സുരക്ഷിതവും, വിശ്വസനീയവുമായ സാങ്കേതിക വിദ്യ വികസനത്തിനും ധാരണയായി.

 

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം………

 

തയ്യാറാക്കിയത് : പദം സിംഗ്,

ആകാശവാണി വാര്‍ത്താ വിശകലന വിദഗ്ദ്ധന്‍ 

വിവരണം : കരോള്‍ അബ്രഹാം