പാര്‍ലമെന്റില്‍ പോയ വാരം

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം ഈ മാസം 2 ന് ആരംഭിച്ചു. അടുത്ത മാസം 3 വരെയാണ് സമ്മേളനം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും കര്‍ഷക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി എന്‍. ഡി. എ പ്രതിപക്ഷ സര്‍ക്കാരിനെ പാര്‍ട്ടികള്‍ പ്രതിസന്ധിയിലാക്കാന്‍ ആഴ്ത്താന്‍ ശ്രമിക്കുമ്പോള്‍ കണക്കുകള്‍ നിരത്തി ഇരുസഭകളിലും അവയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഭരണപക്ഷം. തൊഴില്‍ചട്ട പരിഷ്‌കരണ ഭേദഗതി ബില്‍, വാടക ഗര്‍ഭ ധാരണ നിയന്ത്രണ ബില്‍ എന്നിവ ഉള്‍പ്പെടെ 25 ബില്ലുകള്‍ പാസാക്കാനാണ് ഗവണ്‍മെന്റ് ശ്രമം. ധനബില്ലും ഈ സമ്മേളനത്തില്‍ പാസ്സാക്കി എടുക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. അതേസമയം കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ എല്ലാ വിദേശയാത്രികരെയും വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ രാജ്യസഭയില്‍ അറിയിച്ചു.

റെയില്‍വേ മന്ത്രാലയം 2020-21 കാലയളവില്‍ ആവശ്യപ്പെട്ട ധനാഭ്യര്‍ത്ഥന ആസ്പദമാക്കിയുള്ള റെയില്‍വേ സ്റ്റാന്‍ഡിങ് കമ്മറ്റി റിപ്പോര്‍ട്ട് രാധ മോഹന്‍ സിങ്, സുനില്‍കുമാര്‍ മണ്ടല്‍ എന്നിവര്‍ അവതരിപ്പിക്കും. എയര്‍ക്രാഫ്റ്റ് ഭേദഗതി ബില്‍, കേന്ദ്ര സംസ്‌കൃത സര്‍വകലാശാല ബില്‍, ഹോമിയോപ്പതി ദേശീയ കമ്മീഷന്‍ ബില്‍, ധാതു നിയമ ഭേദഗതി ബില്‍ എന്നിവയും പരിണനയിലുണ്ട്. അവശ്യഘട്ടങ്ങളില്‍ വ്യക്തികളുടെ വിവരം ഉപയോഗിക്കാന്‍ സുരക്ഷാ എജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന വ്യക്തി വിവര സംരക്ഷണ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്.

പ്രത്യക്ഷ നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിവാദ് സേ വിശ്വാസ് ബില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ റിസര്‍വ്വ് ബാങ്കിന് കൂടുതല്‍ അധികാരം നല്‍കുന്ന ബാങ്കിങ് റെഗുലേഷന്‍ അമന്റ്‌മെന്റ് ബില്‍ 2020 ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബാങ്കുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുക, മൂലധനം ലഭ്യത ഉറപ്പാക്കുക, ഭരണ നിര്‍വഹണം കാര്യക്ഷമമാക്കുക എന്നിവയിലൂടെ സഹകരണ ബാങ്കുകളുടെ ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. പ്രത്യക്ഷ നികുതി ബില്‍ എതിര്‍ അഭിപ്രായമൊന്നും ഇല്ലാതെയാണ് ബുധനാഴ്ച പാസ്സാക്കിയത്.

തൊഴിലാളി സംഘടനകളുടെ കടമ വ്യക്തമാക്കുന്ന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് ബില്ലും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1934 ലെ എയര്‍ക്രാഫ്റ്റ് നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി എയര്‍ക്രാഫ്റ്റ് ഭേദഗതി നിയമം 2020 അവതരിപ്പിക്കുന്നത്. 1957 ലെ ധാതുക്കളെ സംബന്ധിച്ച നിയമവും കല്‍ക്കരി ഘനന നിയമം 2015 ഉം ഭേദഗതി ചെയ്യുന്നതിനായി പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ധാതുനിയമ ഭേദഗതി നിയമം കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നുണ്ട്. ധാതുക്കള്‍ സംബന്ധിച്ച നിയമത്തിന് ഭേദഗതി കൊണ്ടു വരേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള പ്രസ്താവനയും അദ്ദേഹം അവതരിപ്പിക്കും. ഗര്‍ഭഛിദ്രം നടത്തുന്നത് സംബന്ധിച്ച ഭേദഗതി ബില്‍ 2020 കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 20 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിന് ഒരു ഡോക്ടറുടെ നിര്‍ദ്ദേശവും 24 ആഴ്ചയുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിന് രണ്ട് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും വേണമെന്നുള്ള ഭേദഗതിയാണ് പുതിയ ബില്ലില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്.

രാജ്യത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കിയെന്നും വൈറസ് ബാധ പടരുന്നത് തടയാന്‍ നിരന്തര നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും ഡോ. ഹര്‍ഷവര്‍ദ്ധന്‍ കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചിരുന്നു. കോവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരുടെ പരിശോധനയും കൃത്യമായി നടക്കുന്നുണ്ട്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരേയും രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരേയും നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡുകളും രാജ്യത്തുടനീളം സജ്ജീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനാ ആസ്ഥാനവുമായി രോഗ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരന്തരമായ ആശയ വിനിമയം നടത്തിവരികയാണ്. രോഗവ്യാപനം തടയുന്നതിന് പൊതുജനങ്ങളെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, നിരീക്ഷണ സംവിധാനങ്ങള്‍, ആശുപത്രികളുടെ സൗകര്യ വികസനം തുടങ്ങിയവയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ശ്രീ ഹര്‍ഷ വര്‍ദ്ധന്‍ പാര്‍ലമെന്റിനെ അറിയിച്ചു.

 

തയ്യാറാക്കിയത് : യോഗേഷ് സൂഡ്

പത്രപ്രവര്‍ത്തകന്‍

വിവരണം : നരേന്ദ്രമോഹന്‍