വിഷയം : പാകിസ്ഥാനെ കടക്കെണിയിലാഴ്ത്തി

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ചൈനയ്ക്ക് ഗുണപ്രദമാകുമെന്ന് പദ്ധതിയുടെ ആരംഭം മുതല്‍ തന്നെ എല്ലാവര്‍ക്കും ഏറെക്കുറെ ഉറപ്പായിരുന്നു.

ചൈനയുടെ പടിഞ്ഞാറന്‍ മേഖലയായ ഷിന്‍ജിയാംഗ് പ്രവിശ്യയെ, ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖവുമായി ബന്ധിപ്പിക്കാന്‍ 62 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചിലവില്‍ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ സാധിക്കും.

ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ, ഇന്ത്യന്‍ മഹാസമുദ്രം ഉള്‍പ്പെടെയുള്ള സമുദ്ര മേഖലകളില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനും ചൈന ലക്ഷ്യമിടുന്നു.

എന്നാല്‍, ഈ ഇടനാഴിയില്‍ പാകിസ്ഥാന് എന്താണ് ലാഭം, ഈ പദ്ധതിയിലൂടെ അവര്‍ക്ക് എന്ത് ലഭിക്കും തുടങ്ങിയ ചോദ്യങ്ങള്‍ അന്താരാഷ്ട്ര തലങ്ങളില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. പാകിസ്ഥാനിലെ തന്നെ ചില വിമര്‍ശകരും ഈ സംശയം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

ചൈന – പാക്ക് സാമ്പത്തിക ഇടനാഴിയും അതുമായി ബന്ധപ്പെട്ട മറ്റു ചില പദ്ധതികളും, നിശ്ചയിച്ചതിലും ഉയര്‍ന്ന ചിലവിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്, പദ്ധതി പൂര്‍ത്തീകരിക്കാന്‍ അനുവദിച്ച സമയമാവട്ടെ നേരത്തെ തന്നെ തീര്‍ന്നു കഴിഞ്ഞു. ചുരുക്കത്തില്‍ കണക്ക് കൂട്ടിയതിലും ഉയര്‍ന്ന ചിലവിലും സാവധാനവുമാണ് ഇവ നടന്നു വരുന്നത്. ഏറെ പ്രതീക്ഷ വയ്ക്കപ്പെടുന്ന ഒരു ജല വൈദ്യുത പദ്ധതിയും, പെഷവാര്‍ – കറാച്ചി റെയില്‍ പാതയും ഇവയില്‍ ഉള്‍പ്പെടുന്നു.

ഉദാഹരണമായി, പെഷാവര്‍ – കറാച്ചി റെയില്‍പാത പ്രാരംഭഘട്ടത്തില്‍ 8.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചിലവില്‍ പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇടക്കാലത്ത്, 6.2 ബില്യണ്‍ ഡോളറില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ഒരു പ്രഖ്യാപനമുണ്ടായി. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പദ്ധതി ചിലവ് 9 ബില്യണ്‍ ഡോളര്‍ വരെ ഉയരാനാണ് സാധ്യത.

ഒരു ലക്ഷം കോടി ഡോളര്‍ ചിലവില്‍ ചൈന നടപ്പാക്കുന്ന ബെല്‍റ്റ് – റോഡ് പദ്ധതിയുടെ ഭാഗമാണ് ചൈന – പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി. ചൈനയുടെ ഭാവി താല്‍പര്യങ്ങളും സ്വപ്നങ്ങള്‍ക്കുമായി പ്രത്യേകം രൂപം നല്‍കിയതാണ് ബെല്‍റ്റ് റോഡ് പദ്ധതി. ചൈനയ്ക്ക് ഈ പദ്ധതിയിലൂടെ ഗുണം മാത്രമേ ഉണ്ടാകൂ. പക്ഷെ, പദ്ധതിയിലെ മറ്റ് അംഗരാജ്യങ്ങളുടെ സ്ഥിതി അതല്ല.  പാകിസ്ഥാനടക്കം, ബെല്‍റ്റ് റോഡ് പദ്ധതിക്ക് സമ്മതം മൂളിയ എട്ട് രാജ്യങ്ങള്‍ക്ക് വന്‍ കടക്കെണി ഭീഷണി നിലനില്‍ക്കുന്നതായി വാഷിങ്ടണ്‍ ആസ്ഥാനമായ ആഗോള വികസന കേന്ദ്രം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഈ ഭീഷണിയുടെ കാരണങ്ങള്‍ എന്തെന്ന് ആലോചിച്ച് തലപുകക്കേണ്ട ആവശ്യമില്ല.

ദക്ഷിണേഷ്യന്‍ അയല്‍ക്കാരായ ശ്രീലങ്കയും മാല്‍ദ്വീവ്‌സും ഇത്തരത്തില്‍ ചൈനയുടെ കടക്കെണിയില്‍പ്പെട്ടവരാണ്. ഇത്തരം അനുഭവങ്ങള്‍ തെക്കന്‍ ഏഷ്യയ്ക്ക് മാത്രമല്ല നേരിടേണ്ടി വന്നിട്ടുള്ളത്. നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളടക്കം, ചൈനയുടെ ഇത്തരം പദ്ധതികളില്‍ ആതിഥേയരായ രാജ്യങ്ങള്‍ക്ക് അപ്രതീക്ഷിതമായി വന്‍ ബാധ്യതയാണ് ഉണ്ടാക്കിയിട്ടുള്ളത്. വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ ചൈന കൈക്കൊണ്ടുവരുന്ന നയമാണിതിന് കാരണം. ഗ്രാന്റുകള്‍ നല്‍കുന്നതിനോ ഇളവുകളോടു കൂടിയ വായ്പകള്‍ അനുവദിക്കുന്നതിനോ ചൈന മുതിരാറില്ല. ചൈന വായ്പ നല്‍കുന്നതാകട്ടെ ആത്മപ്രശംസയ്ക്ക് സാധ്യതയുള്ള പദ്ധതികളില്‍ മാത്രവും. അതുകൊണ്ടുതന്നെയാണ് എല്ലായ്‌പ്പോഴും ചൈനയ്ക്ക് വ്യാവസായികമായി നില ഉറപ്പിക്കാനാകാത്തതും. ചൈനയുടെ സാമ്പത്തിക സഹായത്താല്‍ ശ്രീലങ്കയില്‍ നിര്‍മ്മിച്ച മറ്റാല അന്താരാഷ്ട്ര വിമാനത്താവളം ഇത് ശരിവെക്കുന്ന ഒരു ഉദാഹരണമാണ്. രാജ്യത്തെ സുപ്രധാന കലാസൃഷ്ടിയെന്നോണം നിലനില്‍ക്കുന്നുണ്ടെങ്കിലും വിമാനത്താവളം സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്.

ചൈനയുടെ പണമിടപാടുകള്‍ സുതാര്യമല്ലെന്ന് മാത്രമല്ല, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നവയുമല്ല. ഇതിന്റെ ഫലമായി ചൈനീസ് കമ്പനികള്‍ മാത്രം ഗുണഭോക്താക്കളായിത്തീരുന്ന അവസ്ഥയാണുള്ളത്. ഇത് തന്നെയാണ് ചൈന – പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ അവസ്ഥയും. ചൈനയുമായുള്ള വ്യാപാരം പാകിസ്ഥാനെ കടക്കെണിയിലാക്കിയിരിക്കുകയാണ്. സാമ്പത്തിക പരാധീനതയില്‍പ്പെട്ട പാകിസ്ഥാന്‍ അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് വായ്പയെടുത്ത് കടം വീട്ടുകയാണിപ്പോള്‍.

എന്തായാലും ചൈന – പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ഇസ്ലാമാബാദിന്റെ സാമ്പത്തിക പരാധീനത അതിന്റെ  അങ്ങേയറ്റത്തെത്തിക്കുന്ന കാഴ്ചയാണ് നിലനില്‍ക്കുന്നത്. ചൈന – പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലുണ്ടായ കടത്തിന്റെ തിരിച്ചടവിന് പാകിസ്ഥാന് നാലര ദശകങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇനിയുമിതില്‍ ശ്രദ്ധവച്ചില്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ നിതാന്ത സുഹൃത്തായി പരിഗണിച്ച് നല്‍കിയ സഹായങ്ങള്‍ക്ക് പാകിസ്ഥാന് ചൈന നല്‍കുന്ന പ്രതിഫലമായി വന്‍ സാമ്പത്തിക ബാധ്യതയെ പാകിസ്ഥാന് ചുമക്കേണ്ടിവരും. മാത്രവുമല്ല, പാകിസ്ഥാനെ വെട്ടിലാക്കി സ്വന്തമാക്കിയ ലാഭം ഗൂഢസ്മിതത്തോടെ ചൈനീസ് കമ്പനികള്‍ കൊണ്ടു പോകുന്നതും നോക്കി ഇരിക്കേണ്ടി വരും.

ഗ്വാദര്‍ തുറമുഖ മേഖലയിലെ ചൈനയുടെ വളര്‍ന്നു വരുന്ന സ്വാധീനം കേവലം സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടുള്ളതല്ല എന്നാണ് ഇന്ത്യന്‍ നിലപാട്. മാലദ്വീപ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേതുപോലെ ഗ്വാദറിലും തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനും അതുവഴി ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കൂടുതല്‍ പിടിമുറുക്കാനും ചൈന ലക്ഷ്യമിടുന്നു. ‘ചൈനയുടെ സ്ട്രിംഗ് ഓഫ് പേള്‍സ്’ നയത്തിന്റെ ഭാഗമായും ഇത് കണക്കാക്കപ്പെടുന്നു.

 

തയ്യാറാക്കിയത്   : എം.കെ. ടിക്കു                                  

രാഷ്ട്രീയ നിരൂപകന്‍ 

വിവരണം : ആമിന നജുമ