നയതന്ത്രത്തിലൂടെ വ്യാവസായിക മുന്നേറ്റത്തിനായി ഇന്ത്യ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. ഗവണ്‍മെന്റ് വിദേശനയങ്ങളില്‍ വ്യാപാര ബന്ധത്തിന് ഊന്നല്‍ നല്കി വരികയാണ്. സഖ്യരാജ്യങ്ങള്‍ക്ക് ഇന്ത്യ കുറഞ്ഞ പലിശ നിരക്കില്‍ നല്കി വരുന്ന ധനസഹായം ഇതില്‍ എടുത്തു പറയേണ്ടതാണ്. നൂറുകണക്കിനുള്ള ഇത്തരം സഹായങ്ങളുടെ അളവും, വ്യാപനവും കൂടി വരികയാണ്. സഖ്യരാജ്യങ്ങളിലെ വികസന പദ്ധതികള്‍ നടപ്പാക്കല്‍, ചരക്കുകളുടേയും സേവനങ്ങളുടേയും ലഭ്യത ഉറപ്പാക്കല്‍ തുടങ്ങിയ വ്യത്യസ്ത ലക്ഷ്യങ്ങള്‍ ഇത്തരം ധനസഹായങ്ങള്‍ക്കുണ്ട്. ഇന്ത്യയുടെ ഇത്തരത്തിലുള്ള കാര്യക്ഷമമായ ഇടപെടലുകളെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

ഇത്തരം നടപ്പിലാക്കുന്ന പദ്ധതികളുടെ ചെലവിന്റെ 65 മുതല്‍ 75 ശതമാനം വരെയാണ് ഇന്ത്യ ധനസഹായമായി നല്കുന്നത്. ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശരാജ്യങ്ങളില്‍ വിപണി തുറന്നു കിട്ടാന്‍ സഹായകമാകുന്നു. നഷ്ടസാധ്യത ഭയന്ന് ഇന്ത്യന്‍ കമ്പനികള്‍ സാധാരണ ഗതിയില്‍ കടന്ന് ചെല്ലാന്‍ മടിക്കുന്ന വിപണികളിലേക്ക് പോലും പോകാന്‍ പദ്ധതികളുടെ നടത്തിപ്പിന്‍മേല്‍ ഇന്ത്യയ്ക്കുള്ള ആധിപത്യം ധൈര്യം നല്കുന്നു.
539 പദ്ധതികള്‍ക്കായി 64 രാജ്യങ്ങള്‍ക്ക് 300 ധനസഹായങ്ങളാണ് ഇന്ത്യ ഇതുവരെ നല്‍കിയത്. ഇവയുടെ വലിപ്പത്തിലും മുഖച്ഛായയിലും വന്‍പിച്ച പുരോഗതിയാണ് അടത്തിടെയായി ഉണ്ടാവുന്നത്. കീഴ്തട്ട് മുതല്‍ പ്രധാനമന്ത്രിയിലേക്ക് നീളുന്ന അവയുടെ നടത്തിപ്പ് സംവിധാനത്തിലും വര്‍ദ്ധിച്ച കാര്യക്ഷമത കൈവരിക്കാനായി. അടുത്തിടെയായി പ്രതിമാസം 2 വമ്പന്‍ പദ്ധതികള്‍ എന്ന നിരക്കില്‍ ഇവ പൂര്‍ത്തീകരിച്ചു വരികയാണ്. താഴേക്കിടയില്‍ വന്‍പിച്ച ജനപിന്തുണയ്ക്ക് സാധ്യതയുള്ള പദ്ധതികള്‍ നമ്മുടെ അയല്‍ രാജ്യങ്ങളില്‍ നടപ്പാക്കുമ്പോള്‍ 4 ആഴ്ചയില്‍ നാല് പദ്ധതികള്‍ എന്നതാണ് നിരക്ക്. ഇത് വളരെ വലിയ നേട്ടമാണ്.
ഇന്ത്യ നല്‍കുന്ന ധനസഹായത്തിന്റെ മുഖ്യപങ്ക് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ.് 321 പദ്ധതികള്‍ക്കായി 205 ധനസഹായമാണ് ഇന്ത്യ ഭൂഖണ്ഡത്തിലേക്ക് നീട്ടിയത്. ഏഷ്യയില്‍ 181, ലാറ്റിന്‍ അമേരിക്കക്ക് 32, കരീബിയയിലും മധ്യേഷ്യയിലും 3 വീതം പദ്ധതികളാണ് ഇന്ത്യ ഇത്തരത്തില്‍ നടത്തിയത്. ഇങ്ങനെ

വിവിധ രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ നയതന്ത്ര ശക്തി വര്‍ദ്ധിപ്പിച്ചതായി വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയുമായി ദീര്‍ഘകാലമായി വൈദ്യുതി മേഖലയില്‍ സഹകരിച്ച് പോരുന്ന രാജ്യമാണ് ഭൂട്ടാന്‍. ഭൂട്ടാനുമായി ഇന്ത്യയ്ക്കുള്ള ബന്ധത്തില്‍ നിര്‍ണ്ണായകമാണ് ഇന്ത്യന്‍ ധനസഹായത്താല്‍ ഭൂട്ടാനില്‍ നടപ്പിലാക്കപ്പെട്ട പദ്ധതികള്‍. ബംഗ്ലാദേശിലെയും ശ്രീലങ്കയിലേയും തീവണ്ടിപ്പാതകള്‍, നേപ്പാളില്‍ നിര്‍മ്മിക്കപ്പെട്ട വൈദ്യുതി വിതരണ ശൃംഖലകളും റോഡുകളും, മൗറീഷ്യസിലെ മെട്രോ എക്‌സ്പ്രസ് എന്നിവ ഇന്ത്യന്‍ സഹായത്തോടെ സഫലമായ ചില ബൃഹദ് പദ്ധതികള്‍ക്ക് ഉദാഹരണങ്ങളാണ്.
ആഫ്രിക്കയില്‍ സുഡാന്‍, റുവാണ്ട, സിംബാബ്‌വേ, മലാവി എന്നീ രാജ്യങ്ങളിലെ ഊര്‍ജ്ജ പദ്ധതികള്‍, മൊസാംബിക്, ടാന്‍സാനിയ, ഗിനിയ എന്നീ രാജ്യങ്ങളിലെ ജലവിതരണ പദ്ധതികള്‍, കോട്ടെ ഡി ഐവറിയിലെ ആരോഗ്യ പദ്ധതികള്‍, എത്യോപ്യയിലേയും ഖാനയിലേയും പഞ്ചസാര ഫാക്ടറികള്‍, ജിബൂട്ടിയിലെയും റിപ്പബ്ലിക് ഓഫ് കോഗോയിലേയും സിമന്റ് ഫാക്ടറികള്‍, ഗാംബിയയിലേയും ബുറുണ്ടിയിലേയും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് ഇന്ത്യന്‍ സഹായം ലഭിച്ചു. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ തന്നെ ഉപഭോക്താക്കള്‍ക്കുള്ള ധനസഹായം എന്ന നിലക്ക് 1 ബില്യണ്‍ യു.എസ്. ഡോളറാണ് ഇന്ത്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് നല്‍കിയത്.

ധനസഹായത്തിന് പുറമേ മറ്റ് രാജ്യങ്ങളില്‍ ഇന്ത്യ നടത്തുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റുകള്‍ അനുവദിച്ചു. മൗറീഷ്യസ്, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുകയാണെങ്കില്‍ ഈ
ഗ്രാന്റുകളിലധികവും നമ്മുടെ അയല്‍ രാജ്യങ്ങള്‍ക്കായിരിക്കും ലഭിക്കുക.
അഫ്ഗാന്‍ പാര്‍ലമെന്റും സല്‍വാ ഡാമും, ശ്രീലങ്കയിലെ തമിഴര്‍ക്കുള്ള ഭവന പദ്ധതി, മ്യാന്‍മാറിലെ കാലാദന്‍ ഗതാഗത പദ്ധതി, മൗറീഷ്യസിലെ സുപ്രീംകോടതി, നേപ്പാള്‍-ബിരാട് നഗര്‍ സംയുക്ത ചെക്ക്‌പോസ്റ്റ് തുടങ്ങിയ വലിയ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് ഡോ. ജയശങ്കര്‍ പറഞ്ഞു.
ലോകത്തിന് മുന്നില്‍ ബ്രാന്റ് ഇന്ത്യയ്ക്കുള്ള പല മുഖങ്ങളില്‍ ബിസിനസ് ഇന്ത്യ പ്രധാന പങ്ക് വഹിക്കുന്നു.

തയ്യാറാക്കിയത് : കൗശിക് റോയ്
വാര്‍ത്താ നിരീക്ഷകന്‍-എ.ഐ.ആര്‍.

വിവരണം : അരവിന്ദ് ജി.എസ്.