അഫ്ഗാനിസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമാകുന്നു. യുദ്ധം നാശം വിതച്ച അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കുന്നത് ലക്ഷ്യമിട്ട്, കഴിഞ്ഞമാസം 29-ന് അമേരിക്കയും താലിബാനും തമ്മില്‍ ഒരു ഉടമ്പടിയും ഒപ്പു വയ്ക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യത്തെ സ്ഥിതിഗതികള്‍ പൊതുവേ പുരോഗതി പ്രാപിച്ചത്.
താലിബാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ അഫ്ഗാന്‍ ഭരണകൂടം ഒറ്റക്കെട്ടായി നേതൃത്വം നല്‍കുമെന്നുമാണ് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നതും.

എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണ നേതൃത്വത്തിലെ വിള്ളലുകള്‍ പരസ്യമായിരിക്കുകയാണ്. ഈ സ്ഥിതിവിശേഷം അഫ്ഗാന്‍ പൗരന്മാരില്‍ മാത്രമല്ല, കാബൂളിലെ വടംവലികള്‍ക്ക് സമാധാനപരമായ ഒരു അന്ത്യമുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന വിദേശ ശക്തികളിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഘനി വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികഫലം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അബ്ദുള്ള അബ്ദുള്ള നേതൃത്വം നല്‍കുന്ന മറ്റൊരു പ്രബല വിഭാഗം. ഇതിന് പുറമേ സമാന്തരമായി മറ്റൊരു സത്യപ്രതിജ്ഞ ചടങ്ങുകൂടി ശ്രീ അബ്ദുള്ള സംഘടിപ്പിക്കുകയും ചെയ്തു. ഈ നീക്കം നിലവിലെ ഭരണകൂടത്തിന് നാണക്കേടാവുകയും ചെയ്തു. എന്നാല്‍ താലിബാനുമായി ചര്‍ച്ചകള്‍ നടത്തേണ്ട അഫ്ഗാന്‍ സര്‍ക്കാരിന്റെ കെട്ടുറപ്പിന് മേലുള്ള ചോദ്യചിഹ്നമായും ഈ നീക്കം മാറിയിട്ടുണ്ട്. അബ്ദുള്ളയുമായി അധികാരം പങ്കുവയ്ക്കാനും പുതിയൊരു സമവായത്തിന് രൂപം നല്‍കാനും ഘനി താത്പര്യം പ്രകടിപ്പിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. താലിബാന്‍ നേതൃത്വത്തിന്റെ തീവ്രനയങ്ങള്‍ക്കെതിരെ ഭരണപക്ഷം ഒരുമിക്കാത്തപക്ഷം അഫ്ഗാന്റെ ഭാവി തുലാസിലാവാനാണ് സാധ്യത.
അഫ്ഗാനിസ്ഥാനില്‍ ഇന്നലെ തുടക്കം കുറിച്ച ചര്‍ച്ചകള്‍ ഉദ്ദേശിച്ച ഫലം കാണണമെങ്കില്‍, മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചേ മതിയാകൂ.

അഫ്ഗാന്‍ ഭരണ നേതൃത്വത്തിന് ശക്തവും ഒരുമയുള്ളതുമായ ഒരു മുഖം ഇപ്പോള്‍ ആവശ്യമാണ്. എന്നാല്‍, ഭരണസിരാ കേന്ദ്രങ്ങളില്‍ വര്‍ദ്ധിക്കുന്ന വിള്ളലുകള്‍, അവര്‍ നേതൃത്വം നല്‍കുമെന്ന് അവകാശം ഉന്നയിക്കുന്ന സര്‍ക്കാരിന്റെ ഭാവിയെ തന്നെ അസ്ഥിരപ്പെടുത്തുന്നതാണ്.
തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കാന്‍ അഫ്ഗാന്‍ ജനതയ്ക്ക് അവസരം നല്‍കിയതോടെയാണ് അഫ്ഗാന്‍ ജനാധിപത്യ സര്‍ക്കാരിന് തുടക്കമായത്. കഴിഞ്ഞ രണ്ട് ദശാബ്ദമായി അഫ്ഗാന്‍ ജനത, പ്രത്യേകിച്ച് സ്ത്രികള്‍ സ്വാതന്ത്ര്യം എന്തെന്ന് മനസ്സിലാക്കുന്നു. പാകിസ്ഥാന്‍ സഹായത്തോടെ നിലനിന്നു വന്ന താലിബാന്‍ 2001- സെപ്റ്റംബര്‍ 11-ലെ തീവ്രവാദ ആക്രമണത്തോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു.
കാബൂളില്‍ ജനാധിപത്യ ഭരണത്തെ സംരക്ഷിക്കാനായി നിലകൊണ്ട അമേരിക്കന്‍ സേനയ്ക്ക് കഴിഞ്ഞ രണ്ട്
പതിറ്റാണ്ടായി വെല്ലുവിളിയായിരുന്നു താലിബാന്‍. ഫെബ്രുവരി 29-ന് ഒപ്പിട്ട അമേരിക്ക-താലിബാന്‍ ഉടമ്പടിക്ക് ശേഷവും തുടര്‍ന്നുള്ള സമാധാന ചര്‍ച്ചകള്‍ക്ക് താലിബാന്‍ തടസ്സം സൃഷ്ടിച്ചിരുന്നു. ഉടമ്പടിക്ക് ശേഷമുള്ള അടുത്ത ദിവസം തന്നെ തീവ്രവാദ പ്രവര്‍ത്തനത്തിന് ജയിലിലടച്ച 5000 പേരെ മോചിപ്പിക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഘാനി സര്‍ക്കാര്‍ ഈ ആവശ്യം നിരസിച്ചു. ചര്‍ച്ചകളുടെ പുരോഗതിക്കനുസരിച്ച് ഈ ആവശ്യം അംഗീകരിക്കാം എന്നതായിരുന്നു കാബൂളിന്റെ വാദം. കഴിഞ്ഞ രണ്ട്

ദശാബ്ദമായി അഫ്ഗാന്‍ രാജ്യത്തിന്റേയും സമൂഹത്തിന്റേയും പുനര്‍നിര്‍മ്മാണത്തിന് ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. അഫ്ഗാന്‍ നേതൃത്വം നല്‍കുന്ന സമാധാന ചര്‍ച്ചകള്‍ക്കും, അവിടുത്തെ സ്ഥിരതയ്ക്കും ന്യൂഡല്‍ഹി എന്നും യോജിച്ചു നിന്നിരുന്നു. അഫ്ഗാന്‍ ജനതയുടെ സമാധാന അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതായും അതില്‍ തങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. അഫ്ഗാനിലെ മുഴുവന്‍ ജനതയുടേയും അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതും, സമാധാനവും, ജനാധിപത്യവും, അഭിവൃദ്ധിയും ഉറപ്പാക്കുന്നതുമായ എല്ലാ പ്രവര്‍ത്തികളേയും ഇന്ത്യ പിന്തുണയ്ക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം തകര്‍ത്തു കളഞ്ഞ അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിന് കഴിഞ്ഞ 18 വര്‍ഷമായി 3 ലക്ഷം കോടി ഡോളറിന്റെ സഹായം ഇന്ത്യ നല്‍കിക്കഴിഞ്ഞു. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനായി ഇന്ത്യ നടപ്പിലാക്കിയ ഇത്തരം പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയെ അഫ്ഗാന്‍ ജനതയുടെ പ്രിയ രാജ്യമാക്കി മാറ്റിയത്.

തയ്യാറാക്കിയത് : രഞ്ജിത് കുമാര്‍
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍

വിവരണം : കരോള്‍ അബ്രഹാം