ഭീകരയെ സംബന്ധിച്ച പാകിസ്ഥാന്റെ ഇരട്ടത്താപ്പ് വീണ്ടും വെളിവായി

സ്വന്തം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകര സംഘങ്ങളുടെ കാര്യത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനുള്ള ഇരട്ടത്താപ്പ് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നിരുന്നാലും, ആഗോള തീവ്രവാദിയായ മസൂദ് അസ്ഹറിനെക്കുറിച്ച് പാരീസിലെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ പ്ലീനറിക്ക് മുന്നില്‍ പാകിസ്താന്‍ നുണ പറഞ്ഞപ്പോള്‍ അത് വീണ്ടും മറ നീക്കി പുറത്തുവന്നു. ഭീകരതയുടെ ബുദ്ധികേന്ദ്രം പാകിസ്ഥാനില്‍ ഔദ്യോഗിക സംരക്ഷണയിലാണെന്നതാണ് ഇക്കാര്യം തെളിയിക്കുന്നത്. തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കുന്നുവെന്ന് ലോകത്തെ മുഴുവന്‍ അറിയിക്കാന്‍ ഇസ്ലാമാബാദ് ശ്രമിക്കുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം മറിച്ചാണ്. മസൂദ് അസ്ഹര്‍, ഹാഫിസ് മുഹമ്മദ് സയീദ്, സാക്കിര്‍ ഉര്‍ റഹ്മാന്‍ ലഖ്വി തുടങ്ങി  ആഗോളതലത്തില്‍ ഭീകരാക്രമണത്തിന് ഉത്തരവാദികളായ നിരവധി തീവ്രവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനോ അവരെ മാതൃകാപരമായി ശിക്ഷിക്കുകയോ പാകിസ്താന്‍ ചെയ്യുന്നില്ലെന്നതാണ് വാസ്തവം.

2019 ഫെബ്രുവരി 14-ന് ജമ്മു കശ്മീരില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷ്-ഇ-മുഹമ്മദിന്റെ (ജെ.എം) തലവനാണ് മസൂദ് അസ്ഹര്‍. അന്ന് നടന്ന ദാരുണ സംഭവത്തില്‍ ഇന്ത്യയുടെ കേന്ദ്ര റിസര്‍വ് പോലീസ് സേനയിലെ നാല്പത് അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കൃത്യമായ വ്യോമാക്രമണത്തിലൂടെ പാകിസ്ഥാനിലെ ബാലകോട്ട് ആസ്ഥാനവും പരിശീലന കേന്ദ്രവും തകര്‍ത്ത് ഇന്ത്യ പാകിസ്താന് മറുപടിയും കൊടുത്തു.  2019 ഫെബ്രുവരി 26-നായിരുന്നു ധീരമായ ആ സര്‍ജിക്കല്‍ സ്ട്രൈക്ക്. അതിനുശേഷം മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ യു.എന്‍ സുരക്ഷാ സമിതിയില്‍ ഇന്ത്യ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു. അമേരിക്കയും യു.കെയും ഫ്രാന്‍സും ഈ നീക്കത്തിനോട് യോജിച്ചെങ്കിലും. പാകിസ്ഥാനും ചൈനയും വിലങ്ങുതടിയായി നിന്നു. ഒടുവില്‍ 2019 മെയ് 1-ന് മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചെങ്കിലും രഹസ്യമായി പാകിസ്ഥാന്‍ ഇപ്പോഴും ഇയാളെ സംരക്ഷിക്കുകയാണ്.

എഫ്.എ.ടി.എഫ് പ്ലീനറി മീറ്റിംഗിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മസൂദിനെ കാണാനില്ലെന്നും കണ്ടെത്താനാവില്ലെന്നും പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തത്. നീണ്ട കാലതാമസത്തിനുശേഷം മറ്റൊരു നീക്കത്തിലൂടെ ജമാ-അത്ത് ഉദ് ദാവ (ജെ.യു.ഡി) മേധാവി ഹാഫിസ് സയീദിനെ അഞ്ചര വര്‍ഷം പാകിസ്താന്‍ ജയിലില്‍ അടയ്ക്കുകയുമുണ്ടായി. ഈ രണ്ട് പ്രവര്‍ത്തികള്‍ക്കുമെടുത്ത സമയമാണ് വിവാദമുണ്ടാക്കിയത്. എഫ്.എ.ടി.എഫിന്റെ ‘കരിമ്പട്ടികയില്‍’ ഉള്‍പ്പെടുത്താതിരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമമാണിതെന്ന് പരക്കെ വിശ്വസിക്കപ്പെടുകയും ചെയ്തു.

എഫ്.എ.ടി.എഫ് പ്ലീനറിക്ക് തൊട്ടുമുമ്പുള്ള മസൂദിന്റെ തിരോധാനവും ഹാഫിസ് സയീദിനെ ജയിലിലേയ്ക്കയച്ചതും പാകിസ്ഥാനുമേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്നു. ഭീകര പ്രവര്‍ത്തനത്തിന് ധനസഹായം നല്‍കുന്നതിന് ഉത്തരവാദികളായ രാജ്യങ്ങളുടെ ‘ഗ്രേ ലിസ്റ്റില്‍’  2018 ജൂണ്‍ മുതല്‍ ടാസ്‌ക് ഫോഴ്സ് ഇസ്ലാമാബാദിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകര വിരുദ്ധ നടപടികള്‍ എന്നിവ സ്വീകരിക്കുന്നതിനായി ടാസ്‌ക് ഫോഴ്‌സ് 27-പോയിന്റ് ‘കര്‍മപദ്ധതി’ യുടെ ഒരു പട്ടിക പാകിസ്താന് നല്‍കിയിട്ടുണ്ട്. 2020 ഫെബ്രുവരിയില്‍ നടന്ന പ്ലീനറിയില്‍ 27 പോയിന്റ് കര്‍മപദ്ധതിയില്‍ 14 എണ്ണത്തില്‍ മാത്രമാണ് പാകിസ്ഥാന്‍ നടപടിയെടുത്തതെന്ന് എഫ്.എ.ടി.എഫ് രേഖപ്പെടുത്തുന്നുമുണ്ട്. കര്‍മ്മ പദ്ധതിയില്‍ ശേഷിക്കുന്ന എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണമായ നടപടി സ്വീകരിക്കാന്‍ എഫ്.എ.ടി.എഫ് ഇസ്ലാമാബാദിനോട് ആവശ്യപ്പെട്ട. അതായത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വഷളായിരിക്കെ ലോക ബാങ്കില്‍ നിന്നും അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള സാമ്പത്തിക സഹായം പാകിസ്താന് ഇനി ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഇത് വെളിവാക്കുന്നത്.മസൂദ് അസ്ഹദിനെ കാണാനില്ലെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും, ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പറയുന്നത് അദ്ദേഹം ഐ.എസ്.ഐയുടെ കനത്ത സുരക്ഷയിലാണെന്നാണ്.

അമേരിക്ക-താലിബാന്‍ കരാറിനെപ്പറ്റി മസൂദ് അസ്ഹറിന്റേതായി പുറത്ത് വന്ന ഓഡിയോ ക്ലിപ്പ് പാകിസ്ഥാനിലെ ഒരു സ്വകാര്യ ടി.വി ചാനല്‍ ഈയിടെ പുറത്ത് വിടുകയുണ്ടായി. അസ്ഹറിന്റെ സുരക്ഷയെക്കരുതി റാവല്‍പിണ്ടിയിലെ സൈനിക താവളത്തിന്റെ അടുത്തേയ്ക്ക് മാറ്റിയതായാണ് വിവരം. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ കളളങ്ങള്‍ പൊളിക്കുന്നതാണ് ഈ വസ്തുത. അസ്ഹര്‍ പാകിസ്ഥാന്റെ ഔദ്ദ്യോഗിക സുരക്ഷാ വലയത്തിലാണെന്നതാണ് യാഥാര്‍ത്ഥ്യം.

പാകിസ്ഥാന്‍ കുറച്ചു നാളുകളായി എഫ്.എ.റ്റി.എഫിന്റെ നടപടികളില്‍ നിന്ന് രക്ഷപെട്ട് വരികെയാണ്. ഇത് ഇനി എത്രനാള്‍ തുടരുമെന്ന് വരും ദിവസങ്ങളില്‍ അറിയാം. തീവ്രവാദ സംഘങ്ങളെ സഹായിക്കുന്ന ഇസ്ലാമാബാദിന്റെ ഇരട്ടത്താപ്പ് ഇതിനോടകം തന്നെ തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. എത്രയും വേഗം അന്താരാഷ്ട്ര സമൂഹവുമായി പാകിസ്ഥാന്‍ അവരുടെ ബന്ധം മെച്ചപ്പെടുത്തേണ്ടതാണ്. പുല്‍വാമയിലെയും പത്താന്‍കോട്ടിലെയും ഭീകരാക്രമണത്തിന് നേതൃത്വം കൊടുത്തവരെ പാകിസ്ഥാന്‍ ശിക്ഷിക്കേണ്ടതാണ്. ഭീകരവാദത്തിനെ ചെറുക്കാനുളള ഇസ്ലാമാബാദിന്റെ സന്നദ്ധതയെയാണ് ഇത് കാണിക്കുക.

 

തയ്യാറാക്കിയത്   : രത്തന്‍ സാല്‍ദി,

രാഷ്ട്രീയ നിരീക്ഷകന്‍

വിവരണം : ഉദയന്‍ കിളിയന്നൂര്‍