കൊറിയന്‍ ഉപദ്വീപില്‍ പിരിമുറുക്കം വര്‍ദ്ധിക്കുന്നു.

ഉത്തരകൊറിയ ഈ ആഴ്ചയുടെ തുടക്കത്തില്‍ മൂന്നോളം അജ്ഞാത മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി. കിം ജോങ് ഉന്‍ ഭരണകൂടത്തിന്റെ രണ്ടാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ നീക്കമായിരുന്നു ഇത്.
ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്ത് നിന്ന് കൊറിയന്‍ ഉപദ്വീപിനും ജപ്പാനുമിടയിലുള്ള സമുദ്ര ഭാഗത്തേക്ക് വിവിധ തരത്തിലുള്ള ഹ്രസ്വദൂര മിസൈല്‍ പരീക്ഷണങ്ങള്‍ നടന്നതായി കണ്ടെത്തിയെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. പരമാവധി 50 കിലോമീറ്റര്‍ ഉയരത്തിലും 200 കിലോമീറ്റര്‍ ദൂരപരിധിയിലുമുള്ള മിസൈലുകളായിരുന്നു ഇവ. തുടര്‍ന്നും, മിസൈല്‍ പരീക്ഷണങ്ങള്‍ ഉണ്ടാകുമോയെന്ന കാര്യം സൈന്യം നിരീക്ഷിച്ചു വരികയാണെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. കൊറിയന്‍ ഉപദ്വീപിലെ പിരിമുറുക്കം കുറയ്ക്കുന്നതിന് 2018 ല്‍ ഉത്തരകൊറിയയുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണിതെന്നും ദക്ഷിണ കൊറിയ കൂട്ടിച്ചേര്‍ത്തു.
യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഹാനോയില്‍ കിം നടത്തിയ ഉച്ചകോടിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന് സൈനികാഭ്യാസം ആരംഭിച്ചതെന്ന് ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമം അറിയിച്ചു. ഇതിനു തുടര്‍ച്ചയായാണ് കിഴക്കന്‍ നഗരമായ വോണ്‍സണു സമീപത്തു നിന്നും ഉത്തരകൊറിയ ഹ്രസ്വദൂര മിസൈലുകള്‍ പ്രയോഗിച്ചത്.
മിസൈല്‍ പരീക്ഷണം അപ്രതീക്ഷിതമായിരുന്നില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും ഇത് സംബന്ധിച്ച് ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവരുമായി കൂടിയാലോചനകള്‍ നടത്തുമെന്നും അമേരിക്ക വ്യക്തമാക്കി. എന്നിരുന്നാലും പ്രകോപനങ്ങള്‍ ഒഴിവാക്കി ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് സമ്പൂര്‍ണ്ണ ആണവ നിരായുധീകരണം സാധ്യമാക്കാനുള്ള ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് അമേരിക്ക ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു.
ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്നും എന്നാല്‍, അവ തങ്ങളുടെ ഭൂപ്രദേശങ്ങളെയോ പ്രത്യേക സാമ്പത്തിക മേഖലയെയോ ബാധിക്കുന്നവയായിരുന്നില്ലെന്നും ജപ്പാന്‍ പ്രതികരിച്ചു. എങ്കിലും ഈ നടപടി ജപ്പാന്റേയും മേഖലയുടേയും സുരക്ഷയ്ക്ക് ഭീഷണിയാണ്.
രണ്ടു മാസത്തെ താല്‍ക്കാലിക വിരാമത്തിനു ശേഷമാണ് ഉത്തരകൊറിയ വീണ്ടും സമാന പ്രവൃത്തികള്‍ ആരംഭിച്ചത്. അമേരിക്കയുമായുള്ള ആണവ നിരായുധീകരണ ചര്‍ച്ചകള്‍ എങ്ങും എത്താതെ നില്‍ക്കുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം 13 മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചിട്ടില്ലെങ്കിലും മിസൈല്‍ പരീക്ഷണങ്ങള്‍ ട്രംപ് ഭരണകൂടത്തെ ആശങ്കയിലാഴ്ത്തി. മിസൈല്‍ പരീക്ഷണങ്ങള്‍ നിലവാരമുള്ളതാണെന്നും തങ്ങള്‍ക്ക് ഇത് മൂലം നേരിട്ട് ഭീഷണിയൊന്നും ഇല്ലെന്നും അമേരിക്ക അവകാശപ്പെട്ടിരുന്നു. എന്നിരുന്നാലും ഇത് ദക്ഷിണ കൊറിയയ്ക്കും അവിടെ താവളമടിച്ചിട്ടുള്ള 28,000 ഓളം വരുന്ന അമേരിക്കന്‍ സൈനികര്‍ക്കും ഭീഷണി ഉയര്‍ത്തുന്നു.
വഴിമുട്ടിയ ആണവ നിരായുധീകരണ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞ വര്‍ഷം അവസാനം വരെ അമേരിക്കയ്ക്ക് കഴിയുമായിരുന്നുവെന്ന് കിം മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ സമയപരിധി കഴിയുകയും ചര്‍ച്ചകളില്‍ പുരോഗതിയൊന്നും ഉണ്ടാകാതിരിക്കുകയും ചെയ്തപ്പോള്‍ തന്റെ രാജ്യം ആണവ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് പുതുവര്‍ഷത്തില്‍ കിം പ്രഖ്യാപിച്ചു. സമീപ ഭാവിയില്‍ ഒരു നൂതനായുധം പുറത്തെടുക്കുമെന്നും കിം പ്രതിജ്ഞയെടുത്തു. ഈ തന്ത്രപരമായ നൂതനായുധം എന്നതു കൊണ്ട് ഒരു നവീന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലോ അന്തര്‍വാഹിനി ഉപയോഗിച്ചുള്ള മിസൈലോ ആണ് അര്‍ത്ഥമാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇപ്പോള്‍ നടത്തിയ പരീക്ഷണം ആ നൂതനായുധമാണെന്നു കരുതാനാവില്ല.
ഉത്തരകൊറിയയുടെ നീക്കങ്ങള്‍ ആഭ്യന്തര ആഗോള തലത്തില്‍ സ്വാധീനം ചെലുത്തുന്നതാണ്. ആഗോള ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഉത്തരകൊറിയയുടെ ഈ നീക്കങ്ങള്‍.
നിലവില്‍ ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ കൊറോണ രോഗബാധ കൈകാര്യം ചെയ്യാനുള്ള തിരക്കിലാണ്. ഉത്തരകൊറിയയുടെ കുതന്ത്രങ്ങളെ ഗൗനിക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ സമയമില്ലാത്ത അവസ്ഥയാണ്.
അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായിരിക്കാം ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍. ഇതില്‍ക്കവിഞ്ഞ് പ്രകോപനപരമായ കൂടുതല്‍ അതിക്രമങ്ങള്‍ നടത്താന്‍ ഉത്തരകൊറിയ ശ്രമിക്കില്ലെന്ന് പ്രതീക്ഷിക്കാം.
സുസ്ഥിരവും, സാമധാനപരവും, സുരക്ഷിതവുമായ കൊറിയന്‍ ഉപദ്വീപും ജപ്പാന്‍ സമുദ്ര മേഖലയും ഇന്ത്യയുടെയും താല്പര്യമാണ്. പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യ-പസഫിക് മേഖലയുടെ ഉയര്‍ച്ചയ്ക്കും ഇത് അത്യന്താപേക്ഷിതമാണ്.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം………

തയ്യാറാക്കിയത് : അശോക് സജ്ജന്‍ഹര്‍,
മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍

വിവരണം : ആമിന നജുമ